India - 2025

ശുശ്രൂഷകളോടു വൈദികര്‍ക്കു തുറന്ന മനോഭാവം വേണം: മാര്‍ ആലഞ്ചേരി

അമല്‍ സാബു 16-01-2017 - Monday

കൊച്ചി: ശുശ്രൂഷകളോടും ശുശ്രൂഷിക്കപ്പെടുന്നവരോടും വൈദികര്‍ക്കു തുറന്ന മനോഭാവം വേണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏല്‍പിക്കപ്പെടുന്ന ഏതു ശുശ്രൂഷകളെയും അജഗണങ്ങളെയും ചുമതലകളെയും സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള മനസ് വൈദികര്‍ വളര്‍ത്തിയെടുക്കണം.

ശുശ്രൂഷാമേഖലകളുടെ അപര്യാപ്തതകളും പരിമിതികളും അസൗകര്യങ്ങളും അതിലേക്കു പ്രവേശിക്കുന്നതിനു നമുക്കു തടസമാകരുത്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നിലുള്ള മിഷന്‍ മേഖലകളില്‍ സഹനങ്ങള്‍ക്കു നടുവിലും പ്രേഷിതശുശ്രൂഷ നിര്‍വഹിച്ച നൂറുകണക്കിനു മിഷനറിമാര്‍ നമുക്കു മുമ്പേ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും അതേ തീക്ഷ്ണതയോടെ മിഷന്‍മേഖലകളില്‍ ജീവിച്ചു ക്രിസ്തുസാക്ഷ്യം പകരുന്നവര്‍ നിരവധിയാണ്.

നമ്മുടെ ശുശ്രൂഷ ആഗ്രഹിക്കുന്നവര്‍ക്കരികില്‍ നിസ്വാര്‍ഥമായും ക്രിസ്തുസ്‌നേഹത്തിലും പൂര്‍ണമനസോടെ ആയിരിക്കാന്‍ സാധിക്കണം. അവശതയും രോഗവും ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും പോലുള്ള പലവിധ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ കൂടുതല്‍ കരുണയുള്ള സമീപനം ആവശ്യപ്പെടുന്നുണ്ട്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി വര്‍ഷത്തില്‍ 308 നവവൈദികരെ സഭയ്ക്കു ലഭിച്ചുവെന്നത് അഭിമാനവും സന്തോഷവും പകരുന്നതാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

സഭയുടെ ക്ലര്‍ജി കമ്മീഷന്‍ സംഘടിപ്പിച്ച നവവൈദികസംഗമത്തില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, സെക്രട്ടറി ഫാ. ജിമ്മി കര്‍ത്താനം, സിസ്റ്റര്‍ ജീവ മരിയ എന്നിവര്‍ പ്രസംഗിച്ചു. ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട് ക്ലാസ് നയിച്ചു. നവവൈദികര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നവവൈദികര്‍ സമൂഹബലിയര്‍പ്പിച്ചു.


Related Articles »