News - 2025
ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം ക്രിസ്തുവാണെന്ന് ഏറ്റുപറഞ്ഞ മൈക്ക് പൊംപിയോ യുഎസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനായി സ്ഥാനമേറ്റു
സ്വന്തം ലേഖകന്‍ 26-01-2017 - Thursday
വാഷിംഗ്ടണ്‍: യേശുക്രിസ്തുവാണ് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരം എന്ന് ഏറ്റുപറഞ്ഞ മൈക്ക് പൊംപിയോ അമേരിക്കയിലെ സിവിലിയൻ രഹസ്യാന്വേഷണവിഭാഗമായ സിഐഎയുടെ തലവനായി സ്ഥാനമേറ്റു. ഇക്കഴിഞ്ഞ 23-ാം തീയതിയാണ് പൊംപിയോ പുതിയ ചുമതല ഏറ്റെടുത്തത്. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനായി നിയമിക്കപ്പെട്ട മൈക്ക് പൊംപിയോ ക്രൈസ്തവ പീഡനത്തെയും ഇസ്ലാമിക തീവ്രവാദത്തെയും നിരവധി തവണ പേരെടുത്ത് വിമര്‍ശിച്ച വ്യക്തികൂടിയാണ്.
2014-ല്‍ ഒരു പള്ളിയിലെ ചടങ്ങില്‍ സംബന്ധിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന മൈക്ക് പൊംപിയോ പറഞ്ഞ വാക്കുകള്‍ അമേരിക്കന്‍ ജനത ഏറെ ഗൗരവത്തോടെയാണ് കേട്ടത്. "മുസ്ലീം വര്‍ഗീയവാദികളായ ഒരു സംഘം ആളുകള്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നതു ക്രൈസ്തവരെ ലോകത്തില്‍ നിന്നും എങ്ങനെ ഉന്മൂലനം ചെയ്യാം എന്നതിനെ കുറിച്ചാണ്. ക്രൈസ്തവര്‍ ശക്തമായി പ്രാര്‍ത്ഥിക്കേണ്ട ഒരു കാലമാണിത്. നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവാണ് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരം. വര്‍ഗീയത മാത്രം ചിന്തിക്കുന്ന മുസ്ലീങ്ങളില്‍ നിന്നുമാണ് നമ്മുടെ രാജ്യം കടുത്ത വെല്ലുവിളി നേരിടുന്നത്".
"പുതിയ പദ്ധതികളും നടപടികളും രാജ്യം സ്വീകരിക്കുമ്പോള്‍, മുസ്ലീങ്ങളിലെ ഒരു വിഭാഗത്തില്‍ നിന്നും നാം നേരിടുന്ന ഇത്തരം വെല്ലുവിളികളെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഖുറാന്‍ പലപ്പോഴും തെറ്റിലേക്കാണ് നയിക്കുന്നതെന്ന് പറയുന്ന ചില ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ ഇവിടെ നടക്കുന്നുണ്ട്. എല്ലാ മുസ്ലീങ്ങളും പ്രശ്‌നക്കാരല്ല. പക്ഷേ പ്രശ്‌നക്കാരായവര്‍ ക്രൈസ്തവരെ കാരണം കൂടാതെ വെറുക്കുന്നു". മൈക്ക് പൊംപിയോ പറഞ്ഞു.
2011 മുതല്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന വ്യക്തി കൂടിയാണ് മൈക്ക് പൊംപിയോ. ഗള്‍ഫ് യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തില്‍ സേവനം ചെയ്തിട്ടുള്ള പൊംപിയോയെ പുതിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സിഐഎയുടെ തലവനായി നിയമിച്ചത്. ആഗോള മുസ്ലീം തീവ്രവാദത്തെ തുടച്ചു നീക്കുമെന്ന് അധികാരത്തില്‍ എത്തിയപ്പോള്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത്തരം നടപടികളുടെ ഭാഗമായിട്ടാണ് സിഐഎയ്ക്ക് പുതിയ തലവനെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.