News - 2024

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രാജകുടുംബാംഗത്തെ വധശിക്ഷയ്‌ക്കു വിധിക്കുവാന്‍ മദ്ധ്യപൂർവേഷ്യന്‍ രാജ്യം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 05-02-2017 - Sunday

റിയാദ്: 'യേശു മാത്രമാണ് ഏക രക്ഷകൻ' എന്ന സത്യം തിരിച്ചറിഞ്ഞു മദ്ധ്യപൂർവേഷ്യയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുസ്ലീം രാജകുടുംബാംഗത്തിന് ഭരണാധികാരികള്‍ വധശിക്ഷ നല്‍കുവാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 'ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ്' എന്ന സംഘടനയാണ് ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ശിക്ഷ വിധിക്കപ്പെട്ട രാജകുടുംബാംഗത്തിന്റെ പേരോ, ഇയാള്‍ ഏതുരാജ്യത്തു നിന്നുമുള്ള വ്യക്തിയാണെന്നോ ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്തെ ഭരണാധികാരികളായ നിരവധി പേര്‍, ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി തവണ രാജകുടുംബാംഗത്തെ സമീപിച്ചിരിന്നു. എന്നാല്‍ ക്രൈസ്തവ വിശ്വാസമാണ് ശരിയെന്ന് തനിക്ക് ബോധ്യപ്പെട്ടതിനാലാണ് താന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതെന്ന മറുപടിയാണ് വധശിക്ഷ കാത്തു കഴിയുന്ന രാജകുടുംബാംഗം നല്‍കിയത്. ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രാജകുടുംബാംഗം ഇപ്പോള്‍ ആ രാജ്യത്തെ തടവറയിലാണ് കഴിയുന്നതെന്നും സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത കുറ്റകൃത്യമാണ്. ഈ കുറ്റത്തിന്റെ ശിക്ഷ ഇയാള്‍ മുമ്പ് ഏറ്റുവാങ്ങുകയും, താന്‍ ചെയ്തു പോയ തെറ്റില്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തതാണ്. ഇതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇയാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഒരു ഉന്നത രാജകുടുംബാംഗം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചെന്ന് പരസ്യമായി പറയുവാന്‍ ഭരണാധികാരികള്‍ക്ക് മടിയായതിന്റെ പേരിലാണ് മുമ്പ് ചെയ്ത കുറ്റം വീണ്ടും ചുമത്തി ഇയാളെ ജയിലില്‍ അടച്ചിരിക്കുന്നതെന്ന്‍ വിലയിരുത്തപ്പെടുന്നു.

ഇപ്പോള്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം വധശിക്ഷയ്ക്ക് വിധിക്കാന്‍ തക്ക ഗൗരവമുള്ളതല്ലെങ്കിലും, ക്രൈസ്തവ വിശ്വാസിയായി മാറിയ രാജകുടുംബാംഗത്തെ ഇതിന്റെ പേരില്‍ കൊലപ്പെടുത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തോസ് ജനത്തെ ഭയന്ന് വിധിയെഴുതിയതിന് സമാനമായ സാഹചര്യമാണ് ഇവിടെയും നിലനില്‍ക്കുന്നതെന്നും ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണയും, സാക്ഷിമൊഴിയും പോലെയുള്ള എല്ലാ നടപടികളും വെറു പ്രഹസനമായി നടത്തുവാനാണ് ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം രഹസ്യമായി മാത്രം ഒത്തുകൂടുന്ന രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് രാജകുടുംബാംഗം തന്റെ വിശ്വാസം ഏറ്റുപറയുവാന്‍ കാണിച്ചിരിക്കുന്ന മാതൃക വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.

'ബൈബിള്‍ ഫോര്‍ മിഡില്‍ ഈസ്റ്റ്' സംഘടന ഇതിനോടകം തന്നെ വധശിക്ഷയും കാത്ത് കഴിയുന്ന രാജകുടുംബാംഗത്തെ കാണുവാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ജയിലിലേക്ക്പ്രവേശനം നല്‍കിയിരിന്നില്ല. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍, യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുവാന്‍ പോകുന്ന ഈ രാജകുടുംബാംഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സംഘടന പ്രത്യേകം അപേക്ഷിക്കുന്നു. ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഇതിനു മുമ്പും ഇതേ രാജ്യത്തെ ഒരു രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധിച്ചിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.


Related Articles »