Christian Prayer - May 2024
പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഏഴാം ദിവസം
സ്വന്തം ലേഖകന്‍ 25-05-2023 - Thursday
കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3).
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).
അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു" (സങ്കീ. 107:1).
ഏഴാം ദിവസം- ശുശ്രൂഷാവരങ്ങള്‍ക്കായി
"അവരെല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതു പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നും ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹ. 17:21). എനിക്കുവേണ്ടി മനുഷ്യാവതാരം ചെയ്ത്, ക്രൂശിതനായി ഹോമബലി ചെയ്യപ്പെട്ട ഈശോ കര്‍ത്താവേ, പ്രസാദവരത്തിന്‍റെ പരിശുദ്ധാത്മാവിനെ അയച്ചുതരുവാന്‍ കനിയണമേയെന്നു കരുണയുടെ പിതാവിനോട് അങ്ങയുടെ നാമത്തില്‍ എളിമയോടെ ഞാനപേക്ഷിക്കുന്നു. പരിശുദ്ധാത്മാവ് തന്‍റെ എഴു ദാനങ്ങള്‍ എന്‍റെമേല്‍ അയയ്ക്കുവാന്‍ കനിവുണ്ടാകണമേയെന്നു അങ്ങയുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.
ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെ നല്‍കി നിരന്തരം വ്യാപരിക്കുവാന്‍ അങ്ങയുടെ അരൂപിയെ അയച്ചുതരണമേ എന്ന്‍ കര്‍ത്താവേ അങ്ങയോട് യാചിക്കുന്നു. കര്‍ത്താവിന്‍റെ വചനം ആത്മാവും ജീവനുമാണെന്ന് വ്യക്തമാക്കിയ പരിശുദ്ധാത്മാവേ, ദൈവവചനം ദാഹത്തോടെ വായിക്കാന്‍ വചനത്തിന്‍റെ തൈലത്താല്‍ എന്നെ അഭിഷേകം ചെയ്യണമേ. വചനത്താലും വിജ്ഞാനത്താലും ഞങ്ങളെ സമ്പന്നരാക്കിയ പരിശുദ്ധാത്മാവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
പരിശുദ്ധാത്മാവായ ദൈവമേ, വിവേകത്തിന്‍റെയും ജ്ഞാനത്തിന്‍റെയും വചനത്താല്‍ ഞങ്ങളെ നിരന്തരം നിറച്ച് നയിക്കുവാന്‍ കരുണയുണ്ടാകണമേ. കര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസവും രോഗശാന്തിക്കുള്ള വരവും നല്‍കി ആത്മീയ ശുശ്രൂഷകളെ ഉണര്‍ത്തുവാന്‍ കനിയണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവേ, ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വപ്പെടുന്നതിനുമായി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ അങ്ങയുടെ വലത്തുകരം ശുശ്രൂഷകളില്‍ നീട്ടിത്തരണമേയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
പരിശുദ്ധാത്മാവായ ദൈവമേ, പ്രവചിക്കാന്‍ വരവും ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും നല്‍കി തിരഞ്ഞെടുക്കപ്പെട്ടവരെ ഉണര്‍ത്തുവാന്‍ കനിയണമേ, പരിശുദ്ധാത്മാവേ, ഭാഷാവരവും വ്യാഖ്യാനിക്കാനുള്ള കൃപയും നല്‍കി അങ്ങേ ശുശ്രൂഷകരെ വളര്‍ത്തുവാന്‍ കൂടെ വസിക്കണമേ. നിത്യപിതാവിനോടു ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോയെ, അങ്ങേക്കു നന്ദി പറയുന്നു. ദൈവത്തിന്‍റെ വിളിയും നിയോഗവും അനുസരിച്ച് ശുശ്രൂഷ ചെയ്യുവാന്‍ ഞങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിയോഗിച്ച് അയയ്ക്കുവാന്‍ കരുണയും ദയയും ഉണ്ടാകണമേ. കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവാന്‍ ദൈവഭയമുള്ളവരെ ആത്മീയ തീക്ഷ്ണതയാല്‍ ജ്വലിപ്പിക്കണമേ. (1 കോറി. 9:2)
നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍ (1 കോറി. 8:11). ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
കര്‍ത്താവേ, അങ്ങയുടെ വേലയ്ക്കായി എന്നെ തിരഞ്ഞെടുക്കണമേ.
കര്‍ത്താവേ, അങ്ങയുടെ ഹിതം നിറവേറ്റുവാന്‍ എന്നെ സഹായിക്കണമേ. (3 പ്രാവശ്യം)