News - 2024

തീവ്രവാദികള്‍ ആക്രമിച്ച ജറുസലേമിലെ കത്തോലിക്ക ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു

സ്വന്തം ലേഖകന്‍ 13-02-2017 - Monday

ജറുസലേം: രണ്ടു വര്‍ഷം മുമ്പ്‌ യഹൂദ തീവ്രവാദികള്‍ അക്രമം നടത്തി നശിപ്പിച്ച കത്തോലിക്ക ദേവാലയം അറ്റകുറ്റപണികള്‍ തീര്‍ത്ത്‌ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. വടക്കന്‍ ഇസ്രായേലിലെ ഗലീലി കടല്‍ തീരത്തു യേശു അപ്പവും മീനും വര്‍ദ്ധിപ്പിച്ച് അത്ഭുതം പ്രവര്‍ത്തിച്ച സ്ഥലത്തു നിര്‍മ്മിച്ച ദേവാലയമാണ് വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്. വിശുദ്ധ നാട്‌ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ദേവാലയമാണിത്‌.

പ്രത്യേകമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ടാണ് വിശ്വാസികള്‍ക്ക് ദേവാലയം തുറന്നു കൊടുത്തത്. വെറുപ്പും വൈരാഗ്യവും ഒരിക്കലും വിജയിക്കില്ലെന്ന്‌ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നതായി ഇസ്രായേല്‍ പ്രസിഡന്‍റ് റിയുവന്‍ റിവ്‌ലിന്‍ മള്‍ട്ടിഫ്‌ലിക്കേഷന്‍ ഓഫ്‌ ദ ലോവ്‌സ്‌ ആന്റെ്‌ ഫിഷ്‌ പള്ളി ദേവാലയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

2015-ല്‍ തീവ്രയഹൂദ പോരാളികള്‍ ദേവാലയം അഗ്നിക്കിരയാക്കുവാന്‍ ശ്രമം നടത്തുകയായിരിന്നു. ഈ ആക്രമണത്തില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പിന്നീട് ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായത്തോടെ ദേവാലയം പുനര്‍നിര്‍മ്മാണം നടത്തുകയായിരിന്നു. അതേ സമയം തീവ്രയഹൂദ പോരാളികള്‍ ക്രൈസ്‌തവ ദേവാലയങ്ങളും മോസ്‌ക്കുകളും അക്രമിക്കുന്നത്‌ ഇസ്രായേലില്‍ പതിവായിരിക്കുകയാണ്.


Related Articles »