News - 2024
ക്രൈസ്തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുത്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 16-02-2017 - Thursday
വത്തിക്കാന്‍ സിറ്റി: ക്രൈസ്‌തവര്‍ ഒരിക്കലും പ്രത്യാശ കൈവെടിയരുതെന്നും ദൈവം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന ബോധ്യം എപ്പോഴും നമ്മില്‍ ഉണ്ടാകണമെന്നും ഫ്രാൻസിസ് പാപ്പ. തന്റെ പ്രതിവാര പ്രഭാഷണ പരമ്പരയില്‍ പോള്‍ ആറാമന്‍ ഹാളില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് തീര്‍ത്ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് നമ്മള്‍ മാത്രമല്ല, സര്‍വ്വോപരി ദൈവമാണ് എന്ന ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ക്രൈസ്‌തവ പ്രത്യാശയെപ്പറ്റി പാപ്പ പ്രഭാഷണം നടത്തിയത്. കഷ്ടതകളിലും വേദനകളിലും അഭിമാനിക്കാന്‍ പൗലോസ് അപ്പസ്തോലന്‍ ക്ഷണിക്കുന്നുണ്ട്. ഇത് മനസ്സിലാക്കുക അത്ര എളുപ്പമല്ല. സകലവും കൃപയാണ് എന്ന ബോധ്യം നമുക്കു മനസ്സിലാക്കി തരുവാന്‍ പൗലോസ് ശ്ലീഹാ ശ്രമിക്കുന്നു.
സര്‍വ്വവും ദാനമാണ്. ചരിത്രത്തിലും, നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തിക്കുന്നത് സര്‍വ്വോപരി ദൈവമാണ്. ദൈവസ്നേഹം നമ്മുക്ക് നൽകുന്ന സംരക്ഷണം നമ്മില്‍ നിന്നും എടുത്തു മാറ്റാന്‍ ആര്‍ക്കും സാധ്യമല്ല. 'ദൈവം എന്നെ സ്‌നേഹിക്കുന്നുവെന്നു എനിക്ക് ഉറപ്പുണ്ട്' ഇത് തുടര്‍ച്ചയായി ഒരു പ്രാർത്ഥന പോലെ ഉരുവിട്ടു കൊണ്ടിരിക്കണമെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു.
ജീവിതത്തില്‍ നാം ഒറ്റയ്ക്കല്ല, ദൈവം ഒപ്പം ഉണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. അവിടുന്നാണ് രക്ഷാകര പദ്ധതിയുടെ അമരക്കാരന്‍. ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നു മാത്രമല്ല, നമ്മോടൊപ്പം വസിക്കുക കൂടി ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്, അപ്പോഴെല്ലാം നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. മാർപാപ്പ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുനാള്‍ ആഘോഷിച്ച വിശുദ്ധരായ സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും ജീവിതമാതൃക യുവജനത്തിന് പ്രചോദനമാകട്ടെയെന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.