Wednesday Mirror - 2024

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം

തങ്കച്ചന്‍ തുണ്ടിയില്‍ 01-03-2017 - Wednesday

ബലിയര്‍പ്പണത്തില്‍ സമര്‍പ്പണത്തിന് വളരെ പ്രസക്തിയുണ്ട്. തുടക്കം നന്നായാല്‍ ഒടുക്കവും നന്നാകുമെന്നൊരു ചൊല്ലുണ്ട്. ബലിയര്‍പ്പണത്തില്‍ തുടക്കം മുതല്‍ അര്‍ത്ഥമറിഞ്ഞ് നാം പ്രാര്‍ത്ഥിക്കുന്നതും പാടുന്നതുമൊക്കെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരിക്കല്‍ പല പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന അവസരത്തില്‍ ബലിയര്‍പ്പണത്തിനായി അണഞ്ഞു.

ബലി തുടങ്ങുന്നതിന് മുന്‍പുള്ള ഒരു പാട്ട് പാടിയപ്പോള്‍ തന്നെ മനസ്സിന്‍റെ ഭാരമെല്ലാം വിട്ടു പോയി. "അള്‍ത്താരയില്‍ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന" എന്ന ഗാനം പാടിക്കൊണ്ടിരുന്നു. പാട്ടിന്‍റെ ഈ ഭാഗം പാടിയപ്പോള്‍ ആത്മാവില്‍ വലിയ ഒരു ആനന്ദമുണ്ടായി.

"ഉള്ളില്‍ പുതുജീവ നാളം തെളിച്ച്
നാവില്‍ തിരുനാമ മന്ത്രം ജപിച്ച്
കൈയില്‍ ജീവിതക്രൂശും പിടിച്ച്
കര്‍ത്താവിനെ കാത്ത് നില്‍പ്പൂ."

ഇവിടെ പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് കടന്നു വന്ന ചിന്ത ഈശോയുടെ വാക്കുകളായിരുന്നു. 'എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ' (മത്തായി 16:24). ജീവിതത്തില്‍ പ്രതീക്ഷിക്കാതെ കടന്നു വന്ന കുറ്റപ്പെടുത്തലുകള്‍, വിമര്‍ശനങ്ങള്‍, വേദനകള്‍, തെറ്റിദ്ധാരണകള്‍, കഷ്ടനഷ്ടങ്ങള്‍, നിന്ദനവാക്കുകള്‍, മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ നമ്മെക്കുറിച്ച് പറയുന്നത് ഇങ്ങനെ വേദനകളുടെ നീണ്ട നിരകള്‍ നമുക്കു മുന്‍പിലുള്ളപ്പോള്‍ അതു നമ്മുടെ ജീവിത ക്രൂശുകളായി സങ്കല്പ്പിച്ചുകൊണ്ട് ഈ കുരിശും പിടിച്ചുകൊണ്ട് അള്‍ത്താരയില്‍ ഈശോയോട് ചേര്‍ന്നു നിന്ന് ചിന്തിക്കുന്നവര്‍ക്ക് മാത്രമേ ഇവയുടെ അര്‍ത്ഥവും വിലയും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഉള്ളില്‍ നിന്ന് ഗാനത്തോടോപ്പം പറഞ്ഞു: "ഇതാ കര്‍ത്താവേ എല്ലാം" ആ നിമിഷം ആത്മാവിലുണ്ടായ ആനന്ദം വിവരിക്കാനാവില്ല. അന്നത്തെ ബലിയര്‍പ്പണം എന്നെ പുതിയ മനുഷ്യനാക്കി മാറ്റി. ഇവിടെ ഒരു സത്യം ഞാന്‍ മനസ്സിലാക്കി. ബലിയര്‍പ്പണം യഥാര്‍ത്ഥത്തില്‍ ഈശോയുടെ കഷ്ടാനുഭവത്തോട് ചേര്‍ത്ത് നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടാനുഭവങ്ങളും ചേര്‍ത്തുവച്ചാല്‍ നമുക്കും പറയാനാകും, "ഇനിമേല്‍ ഞാനല്ല എന്നില്‍ ക്രിസ്തുവാണ്‌ ജീവിക്കുന്നതെന്ന്" (ഗലാ. 2:19).

ബലിയര്‍പ്പണം നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ബലി എന്നു പറയുമ്പോള്‍ തന്നെ അതില്‍ ത്യാഗം, സഹനം, വേദനകള്‍ ഇവയൊക്കെ നമ്മില്‍ നിന്നാവശ്യപ്പെടുന്നുണ്ട്. ഇവ പൂര്‍ണ്ണമായും സമര്‍പ്പിക്കുമ്പോഴാണ് നാം ആനന്ദം അനുഭവിക്കുന്നത്. മരിച്ചവരുടെ സ്മരണയില്‍ ബലിയര്‍പ്പണത്തിന്‍റെ അവസാനഭാഗത്തെ പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്കത് വ്യക്തമാകും.

"നിഷ്ക്കളങ്കനായ ആബേലിന്‍റെ ആദ്യബലി പോലെയും നീതിമാനും നിര്‍മ്മലനുമായ നോഹിന്‍റെയും കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ച അബ്രാഹത്തിന്‍റെയും കഷ്ടതകള്‍ സഹിച്ച ജോബിന്‍റെയും സത്യപ്രവാചകനായ ഏലിയായുടെയും സെഹിയോന്‍ ശാലയിലെ ശ്ലീഹന്മാരുടെയും ബലികള്‍ പോലെയും വിധവയുടെ കൊച്ചുകാശ് പോലെയും അങ്ങയുടെ ദാസര്‍ക്കു വേണ്ടിയുള്ള ഈ ബലി കര്‍ത്താവേ സ്വീകരിക്കേണമേ' (സീറോ മലബാര്‍ കുര്‍ബ്ബാന ക്രമം).

എന്നാല്‍ ബലിയര്‍പ്പണം വേദനകളുടെ സമര്‍പ്പണം മാത്രമല്ല. നന്ദിയുടെയും സന്തോഷത്തിന്‍റെയും വേദി കൂടിയാണ്. അവര്‍ണ്ണനീയമായ ഈ ദാനത്തിനു നന്ദി എന്നു നാം ബലിയര്‍പ്പണത്തില്‍ പറയാറുണ്ടല്ലോ. പിറന്നാള്‍, വിവാഹവാര്‍ഷികം മുതലായ ദിവസങ്ങളില്‍ ദൈവം നമുക്ക് തന്ന ദാനത്തിനു നന്ദി പറയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ദാനമായി തന്ന എല്ലാത്തിനും നന്ദി പറയുന്നവരാകണം. വീട്ടില്‍ ആഘോഷം നടത്തി സന്തോഷിച്ചാല്‍ മാത്രം പോര. എല്ലാവരും ദേവാലയത്തില്‍ വന്ന് നന്ദിയുടെ ബലിയര്‍പ്പിക്കുമ്പോള്‍ നാം ദൈവത്തോട് നന്ദിയുള്ളവരാകുന്നു. ഒരിക്കല്‍ ബലിയര്‍പ്പണത്തിന്‍റെ തുടക്കത്തിലുള്ള ഒരു ഗാനം എന്നെ ഈ ചിന്തയില്‍ ആഴപ്പെടുത്തി.‍

"ദൈവം വസിക്കുന്ന കൂടാരത്തില്‍
പരിശുദ്ധമാകുമീ ബലി പീഠത്തില്‍
നന്ദിതന്‍ ബലിയായ് ഉരുകുന്ന തിരിയായ്
തീര്‍ന്നിടാം ആശയോടണയുന്നിതാ
തിരുസുതനോടൊപ്പം ഒരു ബലിയായ് തീരാം
നവജീവന്‍ നേടാം പുതുമലരായ് വിരിയാം".

"നവജീവന്‍ നേടുക പുതുമലരായ് തീരുക." ഇത്ര അര്‍ത്ഥവത്തായ വാക്കുകള്‍. ബലിയര്‍പ്പണം തുടങ്ങുമ്പോള്‍ നവമൊരു പീഠമൊരുക്കീടാമെന്നാണ് നാം പാടുന്നത്. "കര്‍ത്താവിന്‍റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത് ഓരോ പ്രഭാതത്തിലും നന്ദി പറയുമ്പോള്‍ നവജീവന്‍ നേടി പുതുമലരായ് നാം എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറയുക എന്നാണു പൗലോസ് ശ്ലീഹ നമ്മോടു ആഹ്വാനം ചെയ്യുന്നത്.

യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന സംഭവത്തിലും തിരിച്ചുവന്നു നന്ദി പറയുന്ന ഒരു വിജാതീയനെ നമുക്കു കാണാം. ഈശോ ഇവിടെ ചോദിക്കുന്നുണ്ട്, ബാക്കി ഒന്‍പതു പേര്‍ എവിടെ? (ലൂക്കാ 17:17). ഈ ഒന്‍പതു പേരുടെ അവസ്ഥയിലേക്കു നീങ്ങുമ്പോള്‍ നാമും നന്ദിയില്ലാത്തവരായി മാറുന്നു. പലരും ചോദിച്ചേക്കാം എന്തിന് വേണ്ടിയാണ് നന്ദി പറയുന്നത്.

മറിച്ചൊരു ചോദ്യം-നന്ദി പറയേണ്ടാത്തതായി നമുക്കെന്താണ് ഉള്ളത്? നമ്മുടെ സ്വന്തമെന്ന് അഭിമാനിക്കാന്‍ ഒന്നുമില്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഓരോ ശ്വാസോച്ഛ്വാസവും നന്ദിയായി തമ്പുരാന്‍റെ പക്കലേക്കുയരാനായിട്ടുള്ളതാണ്. രാത്രി കഴിഞ്ഞ് പ്രഭാതം നമുക്കു തന്നതിന് നമുക്ക് നന്ദി പറയാതിരിക്കാനാവുമോ?

അറിഞ്ഞോ അറിയാതെയോ നാം ബലിയര്‍പ്പണത്തിന്‍റെ സമാപനത്തില്‍ ഇപ്രകാരം പറയാറുണ്ട്. വിശുദ്ധീകരണത്തിന്‍റെ ബലിപീഠമേ സ്വസ്തി, നമ്മുടെ കര്‍ത്താവിന്‍റെ ബലിപീഠമേ സ്വസ്തി. ഞങ്ങള്‍ സ്വീകരിച്ച കുര്‍ബ്ബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ (സീറോ മലബാര്‍ കുര്‍ബ്ബാന ക്രമം). അങ്ങനെയെങ്കില്‍ നമുക്ക് ലഭിച്ചിരിക്കുന്ന ഈ പ്രഭാതത്തില്‍ നന്ദി പറയാതിരിക്കാനാവുമോ. അതെ. നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ.

(തുടരും)


Related Articles »