News - 2025

സാത്താന്‍ ആരാധകര്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി; മെക്‌സിക്കോയില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ ഭൂതോച്ചാടനം

സ്വന്തം ലേഖകന്‍ 08-03-2017 - Wednesday

ഹൂസ്റ്റണ്‍: സാത്താന്‍ ആരാധകര്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ സാത്താന് ബലി നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവന്നു. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് ലോസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളായ രണ്ടു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയോടൊപ്പം 14 വയസുള്ള മറ്റൊരു പെണ്‍കുട്ടിയേയും ഇവര്‍ തട്ടിക്കൊണ്ടു പോയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

14-കാരിയായ പെണ്‍കുട്ടി സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടുകയും പോലീസില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ക്രിമിനല്‍ സംഘത്തിന് സാത്താനെ ആരാധിക്കുന്നതിനായി ഒരു പ്രത്യേക ദേവാലയം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി സാത്താന്‍ ആരാധകരെയും, അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കാതെ അവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിലുള്ള പക മൂലമാണ് ഇത്തരമൊരു ഹീന പ്രവര്‍ത്തി ചെയ്തതെന്നും രക്ഷപെട്ട പെണ്‍കുട്ടി പറഞ്ഞു.

മൃഗീയമായ രീതിയില്‍ പീഡനത്തിന് വിധേയയാക്കപ്പെട്ട ശേഷമാണ് 15-കാരി പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായി. സാത്താനെ അപമാനിച്ച പെണ്‍കുട്ടിയെ ബലിയായി നല്‍കുവാന്‍ സംഘത്തിലെ ആളുകള്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം 16-ാം തീയതി ഹൂസ്റ്റണിലെ ഹൈവേയില്‍ നിന്നും തലയ്ക്ക് വെടിയേറ്റ 15-കാരിയുടെ മൃതശരീരം പോലീസ് കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യത്തില്‍ പങ്കുള്ളവര്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സത്താന്‍ ആരാധകര്‍ മയക്കുമരുന്ന് സംഘങ്ങളുമായും, ക്രിമിനല്‍ സംഘങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് എഫ്ബിഐ തന്നെ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് മെക്‌സിക്കോയില്‍ നടക്കുന്ന പല കൊലപാതകങ്ങളും സാത്താന്‍ ആരാധകരുമായി ബന്ധമുള്ളതാണെന്നും 2013-ല്‍ എഫ്ബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മെയില്‍ മെക്‌സിക്കോയിലെ നിരവധി ബിഷപ്പുമാരും, വൈദികരും ചേര്‍ന്ന് വലിയ തരത്തിലുള്ള ഭൂതോച്ചാടനം നടത്തിയിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ധിച്ചുവരുന്ന സാത്താന്‍ ആരാധകരുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ഭൂതോച്ചാടനം നടത്തിയത്. കൊലപാതകങ്ങളും, അക്രമവും ഉള്‍പ്പെടെയുള്ള നിരവധി ഹീനപ്രവര്‍ത്തികള്‍ നടത്തിയാണ് സാത്താന്‍ വിശ്വാസികള്‍ പിശാചിനെ ആരാധിക്കുന്നത്. ഇതു സംബന്ധിച്ച് രാജ്യത്തെ പ്രമുഖ ഭൂതോച്ചാടകനായ ഫാദര്‍ അന്റോണിയോ ഫോര്‍ട്ടിയ നടത്തുന്ന പ്രതികരണം ശ്രദ്ധേയമാണ്.

"ഗര്‍ഭഛിദ്രം, സാത്താന്‍ വിശ്വാസം, അഴിമതി, ലൈംഗീകമായ പല ആരാചകത്വങ്ങളെയും നിയമത്തിന്റെ പിന്‍ബലത്തില്‍ കൊണ്ടുവരിക തുടങ്ങിയ എല്ലാ തിന്മകളും മെക്‌സിക്കോയില്‍ കൂടി വരുന്നത് സാത്താന്‍ ആരാധകരുടെ സാന്നിധ്യം രാജ്യത്ത് വര്‍ധിച്ചതിന്റെ ഫലമായിട്ടാണ്. മെക്‌സിക്കോയിലെ എല്ലാ രൂപതകളിലേയും ബിഷപ്പുമാര്‍ അവരുടെ ഭരണത്തില്‍ വരുന്ന ഇടവകകളിലും പ്രദേശങ്ങളിലും ഭൂതോച്ചാടനം നടത്തണം". ഫാദര്‍ അന്റോണിയോ ഫോര്‍ട്ടി പറയുന്നു.

ഗുവാഡലജര രൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വസും ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതി ഭയാനകമാണെന്ന് വെളിപ്പെടുത്തി. "രാജ്യത്ത് വര്‍ധിച്ചു വരുന്ന കൊലപാതങ്ങളിലും അക്രമങ്ങളിലും സാത്താന്‍ ആരാധനയുടെ പങ്കുള്ളതായി വ്യക്തമാണ്. മനുഷ്യരെ മരണത്തിലേക്ക് ബന്ധിപ്പിക്കുന്നതാണ് സാത്താന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. ആദിമ കാലം മുതല്‍ സാത്താന്‍ ചെയ്യുന്നതും ഈ പ്രവര്‍ത്തി മാത്രമാണ്". കര്‍ദിനാള്‍ ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വസ് പറഞ്ഞു.

രണ്ടായിരം വർഷങ്ങൾക്കു മുൻപ് കുരിശിൽ മരിച്ചു ഉത്ഥാനം ചെയ്ത കർത്താവായ യേശുക്രിസ്തു പിശാചിനെ പരാജയപ്പെടുത്തിക്കൊണ്ട് തിന്മയുടെ മേൽ വിജയം വരിച്ചു. അതിനാൽ ഏകകർത്താവും ദൈവവുമായ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിലൂടെ മാത്രമേ സാത്താനെയും അവന്റെ പ്രവർത്തനങ്ങളെയും പരാജയപ്പെടുത്താൻ സാധിക്കൂ. 'പിശാച് ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് വിശുദ്ധ കുർബ്ബാനയെയും ജപമാലയെയുമാണ്' എന്ന വലിയ സത്യം സഭയിലെ ഭൂതോച്ചാടകർ മാത്രമല്ല നിരവധി സാത്താൻ ആരാധകർ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.


Related Articles »