Thursday Mirror
"സ്വർഗ്ഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ" ദൈവമാതാവായ കന്യകാമറിയം 1917-ൽ പ്രത്യക്ഷപ്പെട്ടപ്പോൾ സൂര്യന്‍ പോലും നൃത്തം ചെയ്തു
പ്രവാചകശബ്ദം 13-10-2022 - Thursday
"സ്വർഗ്ഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ..." (വെളിപാട് 12:1). പരിശുദ്ധ കന്യകാമറിയത്തെപറ്റി ബൈബിളിൽ വിവരിക്കുന്നത് 'സൂര്യനെ ഉടയാടയാക്കിയ സ്ത്രീ' എന്നാണ്. ഇത് സാക്ഷ്യപ്പെടുത്തുന്ന വിധത്തിലായിരുന്നു 1917-ൽ ഫാത്തിമായിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം.
1917-ലെ വസന്തകാലത്തില്‍ ഫാത്തിമായിലെ ആട്ടിടയരായ മൂന്ന്‍ കുട്ടികള്‍ക്ക് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് 'തിന്മയുടെ പാതയില്‍ നിന്നും പിന്മാറുക' എന്ന മഹത്തായ സന്ദേശം ലോകം മുഴുവനുമായി കൈമാറി. ആറു പ്രാവശ്യത്തോളം മാതാവ് ആ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെടുകയും, ലോകം മുഴുവനോടും പ്രായാശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്യുവാനും ജപമാല ചൊല്ലുവാനുമുള്ള സന്ദേശം ആ കുട്ടികളെ അറിയിക്കുകയും ചെയ്തു. മാത്രമല്ല റഷ്യയെ തനിക്ക് സമര്‍പ്പിക്കുവാന്‍ മാതാവ് ആവശ്യപ്പെടുകയും ഇരുപതാം നൂറ്റാണ്ടില്‍ സംഭവിക്കാനിരിക്കുന്ന നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു.
മാതാവിന്റെ പ്രത്യക്ഷപ്പെടലിന്റെ വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ലോകം മുഴുവന്റേയും ശ്രദ്ധ ആ വാര്‍ത്ത നേടുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ആ കുട്ടികള്‍ പറഞ്ഞ കാര്യം തട്ടിപ്പാണെന്നുള്ള സഭാവിരോധികളുടെ ആരോപണത്തെ തുടര്‍ന്ന്‍ ആ കുട്ടികളെ അധികാരികള്‍ ചോദ്യം ചെയ്യുക പോലുമുണ്ടായി.
എന്നാല്‍ തന്നെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും അധികം താമസിയാതെ തന്നെ ദൂരീകരിക്കപ്പെടുമെന്ന് മാതാവ് തങ്ങളോടു പറഞ്ഞതായി ആ കുട്ടികള്‍ അറിയിച്ചു. അവസാനം 1917 ഒക്ടോബര്‍ 13-ന് ഉച്ചക്ക് താനാരാണെന്ന മഹത്തായ സത്യം വെളിപ്പെടുത്തുമെന്ന് പരിശുദ്ധ അമ്മ ആ കുട്ടികളെ മുൻകൂട്ടി അറിയിച്ചു. അതനുസരിച്ചു ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ധാരാളം മാധ്യമ പ്രവർത്തകരും, ശാസ്ത്രജ്ഞരും, വിശ്വാസികളും, നിരീശ്വരവാദികളും അന്നേ ദിവസം എത്തിച്ചേർന്നിരുന്നു.
ഒക്ടോബര്‍ 13 എന്നത്തേയും പോലെ ഒരു തണുത്ത ഇരുണ്ട ദിവസമായിരുന്നു; കൂടാതെ ചന്നംപിന്നം ചാറ്റല്‍ മഴയും പെയ്തുകൊണ്ടിരുന്നു. എന്നിരുന്നാലും ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകള്‍ ആ അത്ഭുത സംഭവത്തിനു സാക്ഷ്യം വഹിക്കുവാനായി പോര്‍ച്ചുഗലിലെ ഫാത്തിമക്ക് സമീപം തടിച്ചു കൂടിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ വിശ്വാസത്തെ സ്ഥിരീകരിക്കുവാന്‍ പോന്ന ഒരത്ഭുതം, അല്ലെങ്കില്‍ ഒരു പ്രവചനം തെറ്റുമ്പോള്‍ ചിരിക്കുവാനുള്ള വക, ഈ പ്രതീക്ഷയിലായിരുന്നു അവരില്‍ പലരും അവിടെ തടിച്ചു കൂടിയത്.
സമയം 12 മണിയായിട്ടും പ്രത്യേകിച്ച് യാതൊന്നും തന്നെ സംഭവിച്ചില്ല. അവിടെ തടിച്ചു കൂടിയവരില്‍ നാസ്തികരായ പലരും ആ കുട്ടികളെ പരിഹസിക്കുവാന്‍ തുടങ്ങി. എന്താണ് നിങ്ങളുടെ ‘മഹതി’ വൈകുന്നത് എന്ന് പറഞ്ഞായിരുന്നു പരിഹാസം മുഴുവന്‍. എന്നാല്‍ സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ പെട്ടെന്ന്‍ തന്നെ മഴ നിന്നു.
പെട്ടെന്ന്‍ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം വീണ്ടും കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടു."ഞാന്‍ ജപമാലയുടെ രാജ്ഞിയാകുന്നു" എന്ന് മാതാവ് ആ കുട്ടികള്‍ക്ക് സ്വയം വെളിപ്പെടുത്തി. “ഈ സ്ഥലത്ത് ഒരു ദേവാലയം പണിയണം, ദിവസവും ജപമാല ചൊല്ലുന്നത് തുടരണം. ഒന്നാം ലോകമഹായുദ്ധം ഉടന്‍ തന്നെ അവസാനിക്കും, യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ അധികം താമസിയാതെ തന്നെ സ്വന്തം ഭവനങ്ങളില്‍ തിരികെ എത്തും” എന്നും മാതാവ് അവരോട് അരുളി ചെയ്തു. താന്‍ പരിശുദ്ധ കന്യകാമാതാവാണെന്ന് വെളിപ്പെടുത്തുകയും 'ദൈവത്തോട് ക്ഷമാപണം നടത്തുക എന്നും. “ഇനിയും നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ നിന്ദിക്കരുത്, കാരണം ഇതിനോടകം തന്നെ അവന്‍ ഒരുപാട് നിന്ദിക്കപ്പെട്ടിരിക്കുന്നു” എന്നും ആ കുട്ടികള്‍ വഴി മാതാവ് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
Must Read: ഫാത്തിമയിൽ മാതാവിന്റെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ പറഞ്ഞ 7 ആത്മീയ സന്ദേശങ്ങള്‍
പിന്നീട് മാതാവ് മുകളിലേക്ക് ഉയര്‍ന്നു പോയി, മാതാവ് അപ്രത്യക്ഷ്യയായപ്പോള്‍ അവിടത്തെ അന്തരീക്ഷമാകെ മാറി. ഇരുണ്ടതും ചാറ്റല്‍ മഴ നിറഞ്ഞതുമായ അന്തരീക്ഷം പെട്ടെന്ന്‍ മാറി, മേഘങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ പുറത്തു വരികയും പരിപൂര്‍ണ്ണ ഗോളാകൃതിയില്‍ കാണപ്പെടുകയും ചെയ്തു. വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ഒരു വലയം സൂര്യന് ചുറ്റും കാണപ്പെട്ടു. എന്നാല്‍ സൂര്യന്റെ പ്രകാശം മൈലുകള്‍ക്കപ്പുറം തടിച്ചു കൂടി നിന്നിരുന്ന ആളുകളുടെ കണ്ണുകള്‍ക്ക് യാതൊരു വിഷമവും ഉണ്ടാക്കിയതുമില്ല. ഒരു തരത്തിലും മേഘങ്ങളാല്‍ സൂര്യന്‍ മറക്കപ്പെട്ടിരുന്നില്ലെന്നും, വാസ്തവത്തില്‍ മേഘങ്ങള്‍ സൂര്യന്റെ പുറകിലായിട്ടാണ് കാണപ്പെട്ടതെന്നും ദ്രിക്സാക്ഷികള്‍ പിന്നീട് വിവരിക്കുകയുണ്ടായി.
അത്ഭുതകരമായ വേഗത്തില്‍ സൂര്യന്‍ വട്ടം ചുറ്റി എന്നാണു ദൃക്സാക്ഷികൾ പറഞ്ഞിട്ടുള്ളത്. കൂടാതെ പല നിറങ്ങളില്‍ സൂര്യന്‍ തിളങ്ങി തന്മൂലം ആ പ്രദേശം മുഴുവനും പര്‍പ്പിള്‍, മഞ്ഞ തുടങ്ങിയ വര്‍ണ്ണങ്ങളാല്‍ കാണപ്പെട്ടു. ചിലപ്പോള്‍ സൂര്യന്‍ ഭൂമിയിലേക്ക് കുതിക്കുന്ന പോലെയും കാണപ്പെട്ടു, തന്‍മൂലം പരിഭ്രാന്തരായ ജനങ്ങള്‍ ഭയത്താല്‍ നിലവിളിക്കുക പോലുമുണ്ടായി.
ഏതാണ്ട് പത്ത് മിനിറ്റോളം ഈ അത്ഭുത കാഴ്ചകള്‍ തുടര്‍ന്നു. സൂര്യന്‍ അതിന്റെ ശരിയായ സ്ഥാനത്ത് എത്തിക്കഴിഞ്ഞതിനു ശേഷം, ഏതാനും മിനിറ്റുകള്‍ മുന്‍പ് മഴകൊണ്ട് നനഞ്ഞ തങ്ങളുടെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഉണങ്ങിയതായി അവിടെ കൂടി നിന്ന ജനങ്ങള്‍ അത്ഭുതത്തോടെ മനസ്സിലാക്കി.
സൂര്യന്റെ ആ അത്ഭുതം ഇന്നും വിദഗ്ദര്‍ക്ക് ഒരു വെല്ലുവിളിയായി തുടരുന്നു. അന്നേ ദിവസം ഗ്രഹണമോ അല്ലെങ്കില്‍ ജ്യോതിശാസ്ത്രപരമായ എന്തെങ്കിലും പ്രത്യേകതകളോ നിരീക്ഷിക്കപ്പെട്ടിരുന്നില്ല. മൈലുകള്‍ക്കപ്പുറത്ത് നിന്നാണ് ഈ അത്ഭുതം ജനങ്ങള്‍ വീക്ഷിച്ചത് എന്നതിനാല്‍ ഈ അത്ഭുതം ജനങ്ങള്‍ക്കിടയില്‍ വലിയ വിഭ്രാന്തിക്ക് കാരണമായില്ല, മാത്രമല്ല ഇതിനു സാക്ഷ്യം വഹിച്ചവരില്‍ പലരും അവിശ്വാസികളുമായിരുന്നു. അക്കാലത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ സംഭവം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തിരുന്നു.
സൂര്യന്റെ തിളക്കം മൂലം പുരുഷാരത്തിന്റെ കണ്ണുകള്‍ക്ക് പറ്റിയ എന്തെങ്കിലും കുഴപ്പമോ അല്ലെങ്കില്‍ “സണ്‍ ഡോഗ്” (Sun Dog) എന്നറിയപ്പെടുന്ന മായക്കാഴ്ചയോ ആകാം ഇതെന്നാണ് നാസ്തികരായ പലരും ഇപ്പോൾ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ 1917-ലെ ജനങ്ങളില്‍ പലരും ‘സണ്‍ ഡോഗ്’ എന്ന മായക്കാഴ്ച അതിനു മുന്‍പ് കണ്ടിട്ടുണ്ട്, കണ്ണടകള്‍ ധരിച്ചുകൊണ്ട് പോലും പത്ത് മിനിറ്റോളം അപ്പോള്‍ സൂര്യനെ വീക്ഷിക്കുക സാധ്യമല്ല, മാത്രമല്ല അപ്രകാരം ചെയ്യുന്നത് മൂലം കണ്ണിന്റെ റെറ്റിനയില്‍ ശാശ്വതമായ അസുഖത്തിനു കാരണമാകും എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതാണ്.
സൂര്യന്റെ ഇത്തരത്തിലുള്ള അത്ഭുതം ആദ്യമായിട്ടാണ് സംഭവിച്ചത്, ദൈവത്തിന്റെ സവിശേഷമായ ഒരു പ്രവര്‍ത്തിയായിരുന്നു അത്, പരിശുദ്ധ മാതാവിന്റെ സന്ദേശം ദൈവം മഹനീയമായ രീതിയില്‍ ജനങ്ങളിലേക്കെത്തിച്ചു. ആധുനിക ശാസ്ത്രത്തെ ഇന്നും കുഴപ്പിക്കുന്ന ഒരു സമസ്യയായി അത് തുടരുകയും ചെയ്യുന്നു.
ഈ അത്ഭുതങ്ങളിലൂടെ ദൈവം നമ്മുടെ വിശ്വാസത്തെ വളരെ ലളിതവും എന്നാല്‍ വളരെ ശക്തവുമായ രീതിയിൽ സ്ഥിരീകരിക്കുകയായിരുന്നു. അതിനാല്‍ കത്തോലിക്കരായ നമ്മള്‍ ബുദ്ധിശൂന്യരാകാതെ ദൈവമാതാവ് നല്‍കിയ സന്ദേശങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ സ്വീകരിക്കുകയും ഏക കർത്താവും ദൈവവുമായ യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും ചെയ്യാം.
(Originally published on 13th March, 2016)
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക