India - 2025

അന്ധകാരത്തിലമര്‍ന്ന ജനത്തെ ക്രിസ്തു വെളിച്ചത്തിലേക്ക് നയിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകന്‍ 27-03-2017 - Monday

വെള്ളറട: ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്തു അന്ധകാരത്തിലമര്‍ന്ന ജനത്തെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ചെയ്തതെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശുമല വജ്രജൂബിലി തീര്‍ഥാടനത്തിന് ആരംഭം കുറിച്ചുകൊണ്ടു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെട്ടതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ ജനസമൂഹത്തിന് വേണ്ടിയാണ് ക്രിസ്തു പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

"തനിക്ക് വേണ്ടിയല്ല ക്രിസ്തു ജീവിച്ചത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്തു അടിച്ചമര്‍ത്തപ്പെട്ടതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ ജനസമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അന്ധകാരത്തിലമര്‍ന്ന ജനത്തെ വെളിച്ചത്തിലേക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ വിമോചനത്തിന്റെ പാതയിലേക്കും അദ്ദേഹം നയിച്ചു. ഇതിലൂടെ യാഥാസ്ഥിക പൗരോഹിത്യത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി". മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളനത്തില്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യസന്ദേശം നല്‍കി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ., മോണ്‍ ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍ ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, എം.ശോഭകുമാരി, മണലി സ്റ്റാന്റിലി, പ്ലാങ്കാലജോണ്‍സണ്‍, സി.ശശിധരന്‍, വിചിത്ര, നെല്ലിശ്ശേരി പ്രദീപ്, ഡി.കെ.ശശി, തോമസ് കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വജ്രജൂബിലി തപാല്‍ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനവും നടത്തി.

ഏഴുനാള്‍ നീളുന്ന തീര്‍ഥാടനത്തിന് നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ പതാക ഉയര്‍ത്തി. കുരിശുമല ഡയറക്ടര്‍ മോണ്‍ ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, വികാരി ജനറല്‍ മോണ്‍ സി.ക്രിസ്തുദാസ്, ഫാ. സാജന്‍ ആന്റണി, സത്യനേശന്‍ ഉപദേശി തുടങ്ങിയവര്‍ പങ്കെടുത്തു.

ആനപ്പാറ ഫാത്തിമ മാതാ കുരിശ്ശടിയില്‍ നിന്നുള്ള തീര്‍ഥാടന പതാക പ്രദക്ഷിണം സംഗമവേദിയില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു കൊടിയേറ്റ്. തീര്‍ഥാടനത്തിന്റെ ഭാഗമായി വെള്ളറടയില്‍നിന്നു സാംസ്‌കാരികഘോഷയാത്രയും നടത്തി. വിവിധ സഭാവിഭാഗങ്ങള്‍, ഇടവകകള്‍, ദൈവാലയങ്ങള്‍ സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.


Related Articles »