Wednesday Mirror - 2025

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ?

തങ്കച്ചന്‍ തുണ്ടിയില്‍ 12-04-2017 - Wednesday

"നമ്മുടെ ജീവിതത്തില്‍ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് വി.കുര്‍ബ്ബാന സ്വീകരണം കഴിഞ്ഞുള്ള സമയം." (വി. മേരി മഗ്ദലിന്‍).

നന്നായി ഒരുങ്ങി വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന വ്യക്തി ഈശോയുമായി ഒന്നാകുന്നു. വി.കുര്‍ബ്ബാന ബോധത്തോടും ഭക്തിയോടും കൂടി സ്വീകരിച്ചു മരിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമാണ്. നമ്മുടെ ശരീരവും ആത്മാവും മനസ്സും പൂര്‍ണ്ണമായും ബലിയില്‍ കേന്ദ്രീകരിച്ച് ബലിയില്‍ പങ്കുകൊള്ളുക. അത് വലിയ ആനന്ദത്തിലേക്ക് നമ്മെ നയിക്കും.

ഒരിക്കല്‍ ഭക്തിപൂര്‍വ്വം ബലിയില്‍ സംബന്ധിച്ചു. അതിനുശേഷം ആരാധനയിലും ഭക്തിപൂര്‍വ്വം പങ്കെടുത്തു. സ്വര്‍ഗ്ഗീയാനന്ദത്താല്‍ നിറഞ്ഞ നിമിഷങ്ങളില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ആരാധനയ്ക്കു ശേഷവും കുറച്ചു സമയം പ്രാര്‍ത്ഥിച്ചിരുന്നു.

എല്ലാവരും പള്ളിയില്‍ നിന്നും പോയി. ഞാനും രണ്ട് സിസ്റ്റര്‍മാരും അവശേഷിച്ചു. ഞാന്‍ പള്ളിയില്‍ നിന്നിറങ്ങി. സിസ്റ്റര്‍മാരും. സിസ്റ്റര്‍മാരുടെ രണ്ടു പേരുടെ കയ്യിലും ഓരോ പൂച്ചെണ്ടുകളുണ്ട്. ദിവ്യകാരുണ്യ ഈശോയുടെ രണ്ടു വശത്തും വച്ച പൂക്കള്‍. ഞങ്ങള്‍ പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ ഒരുമിച്ചാണ് നടക്കുന്നത്. ഇവിടെ എന്നെ ആകര്‍ഷിച്ച ഒരു കാര്യമുണ്ട്.

ഞാന്‍ നടുക്കും സിസ്റ്റര്‍മാര്‍ രണ്ടു വശങ്ങളിലും ദിവ്യകാരുണ്യ നാഥന് വച്ചിരുന്ന പൂക്കളുമായിട്ടാണ് സിസ്റ്റര്‍മാര്‍ എന്‍റെ രണ്ടു വശങ്ങളിലുമായി നടക്കുന്നത്. ഞാന്‍ ഇപ്രകാരം ചിന്തിച്ചു. ഈശോയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന പൂക്കളുമായി സിസ്റ്റര്‍മാര്‍ നടക്കുന്നു. അപ്പോള്‍ ഞാനും ഈശോയാണോ.

അതെ, ഈശോയുടെ ബലിയില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് ഈശോയെ സ്വീകരിച്ച ഞാന്‍ ഈ നിമിഷങ്ങളില്‍ തീര്‍ച്ചയായും ഒരു തരത്തില്‍ പറഞ്ഞാല്‍ ഈശോ തന്നെയാണ്. കുറെ നടന്നപ്പോള്‍ അവര്‍ മഠത്തിലേക്കുള്ള വഴിയെ തിരിഞ്ഞുപോയി. ഞാന്‍ ഒറ്റയ്ക്കായി.

ഉടനെതന്നെ രണ്ടു പൂക്കള്‍ പറിച്ചു എന്‍റെ ഉള്ളിലുള്ള ഈശോയെ സങ്കല്‍പ്പിച്ചു കൊണ്ട് ഈശോയ്ക്ക് സ്വീകരണം കൊടുത്തു. രണ്ടു പൂക്കള്‍ രണ്ടു വശത്തുമായി പിടിച്ച് കൊണ്ട് കുറെ നടന്നു. ലോകത്തിലേക്കിറങ്ങുമ്പോള്‍ നമുക്ക് പ്രശ്നങ്ങളുണ്ടാകുമെന്നത് വാസ്തവമാണ്. എങ്കിലും "ലോകത്തെ ജയിച്ചവന്‍" നമ്മുടെ ഉള്ളിലുണ്ടെന്നു നാം മറക്കരുത്. (യോഹ. 16:33).

ഏശയ്യാ പ്രവാചകന്‍ പറയുന്നതു പോലെ, "ഞാന്‍ അശുദ്ധമായ അധരങ്ങള്‍ ഉള്ളവനും അശുദ്ധമായ അധരങ്ങള്‍ ഉള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്." പ്രവാചകന്‍റെ അധരത്തെ വിശുദ്ധീകരിച്ചതുപോലെ ഓരോ വി.കുര്‍ബ്ബാനയിലും നാം വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. (ഏശയ്യാ 6:5-6). ഇവിടെ നമുക്കു ഈശോയെപ്പോലെ പറയാനാവണം "ഞാന്‍ ഏകനല്ല. പിതാവ് എന്നോട് കൂടെയുണ്ട്" (യോഹ. 16:32).

പരിശുദ്ധ കുര്‍ബ്ബാന പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയാണ്‌, സൃഷ്ടികര്‍മ്മത്തിലും മനുഷ്യാവതാരത്തിലും ഉത്ഥാനത്തിലും മിശിഹായോടൊത്ത് വസിച്ച പരിശുദ്ധാത്മാവ് സമര്‍പ്പിക്കപ്പെട്ടിരുന്ന ദിവ്യരഹസ്യങ്ങളുടെ മേല്‍ ആവസിച്ച് അതിനെ ആശീര്‍വദിച്ച് പവിത്രീകരിച്ച്‌ ആരാധനാസമൂഹത്തിന്‍റെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും ഉത്ഥാനത്തിന്‍റെ പ്രത്യാശയ്ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ നവമായ ജീവിതത്തിനും കാരണമാകുന്നു.

ഗോതമ്പു മണിയിലും മുന്തിരിയിലും സംഭവിച്ച മാറ്റം പരിശുദ്ധ കുര്‍ബ്ബാന ഭക്തിയോടും ഒരുക്കത്തോടും കൂടി സ്വീകരിക്കുന്ന നമ്മിലോരോരുത്തരിലും സംഭവിക്കേണ്ടതാണ്. വിശുദ്ധരെല്ലാം ശക്തി സ്വീകരിച്ചത് വി.കുര്‍ബ്ബാനയില്‍ നിന്നാണ്. ഈ വി. കുര്‍ബ്ബാന തന്നെയാണ് നാം എല്ലാ ദിവസവും സ്വീകരിക്കുന്നത്.

നമ്മില്‍ പ്രകടമായ മാറ്റം സംഭവിക്കേണ്ടതാണ്. ഇവ സംഭവിക്കുന്നില്ലെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു. വി.കുര്‍ബ്ബാനയുടെ സമാപന ഭാഗത്ത് ഇപ്രകാരം ഒരു പ്രാര്‍ത്ഥനയുണ്ട്. വിചാരങ്ങളും വചനങ്ങളും പ്രവൃത്തികളും വഴി തന്നെ പ്രസാദിപ്പിക്കാന്‍ അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ.

അതെ, ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ വി. കുര്‍ബ്ബാനയില്‍ നിന്ന്‍ ശക്തി സ്വീകരിക്കുന്ന നമുക്ക് സാധിക്കേണ്ടതാണ്‌. അയോഗ്യതയോടു കൂടിയുള്ള വി. കുര്‍ബ്ബാന സ്വീകരണമാണ് നമ്മില്‍ ദൈവിക കൃപ കടന്നു വരാനുള്ള പ്രധാന തടസ്സം. പൗലോസ് ശ്ലീഹ അക്കാര്യം വ്യക്തമായി പറയുന്നുണ്ട്. "തന്മൂലം ആരെങ്കിലും യോഗ്യതയോടു കൂടി കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്ന് പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റു ചെയ്യുന്നു" ( 1 കോറി.11:27).

"നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ. നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ" (1 കോറി. 10:16).

ഇനി വി. കുര്‍ബ്ബാനയ്ക്കായി കടന്നു വരികയും കുര്‍ബ്ബാന സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരെ കാണാം. യഥാര്‍ത്ഥത്തില്‍ നാം എന്നും ഭക്ഷണം കഴിക്കുന്നതു പോലെ എന്നും സ്വീകരിക്കേണ്ടതാണ് വിശുദ്ധ കുര്‍ബ്ബാന (ഒരുക്കത്തോടെ). പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് ശരിയായി അറിഞ്ഞതില്‍ പിന്നെ ഒരിക്കലും കുര്‍ബ്ബാന സ്വീകരിക്കാത്ത ദിവസമില്ല.

വി. അഗസ്റ്റിന്‍ ഇപ്രകാരം പറയുന്നു, "എന്‍റെ ശരീരത്തിനു ബലം നല്‍കാന്‍ ദിവസേന ആഹാരം കഴിക്കുന്നതുപോലെ ആത്മാവിനും എന്നും പോഷണം നല്‍കേണ്ടതാണ്. ദിവ്യകാരുണ്യമാകുന്ന നിത്യാഹാരം നാം ദിവസേന അനുഭവിക്കുന്ന ബലഹീനതകള്‍ക്ക് പരിഹാരമായി കഴിക്കേണ്ട ഒന്നാണ്."

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »