Wednesday Mirror - 2025

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....!

തങ്കച്ചന്‍ തുണ്ടിയില്‍ 19-04-2017 - Wednesday

"മാലാഖമാരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ദൈവിക ദര്‍ശനം എത്രമാത്രം ആവശ്യമാണോ അതുപോലെതന്നെ ക്രിസ്തീയ ഓജസ്സ് നിലനിര്‍ത്തുന്നതിന് വിശുദ്ധ കുര്‍ബ്ബാന സ്വീകരണവും ആവശ്യമാണ്" (വി.പീറ്റര്‍ എമാര്‍ഡ്).

അനുദിനമുള്ള ദിവ്യകാരുണ്യത്തില്‍ നിന്നു ശക്തി സ്വീകരിച്ചുകൊണ്ട് ശുശ്രൂഷാ മേഖലയില്‍ മുന്നേറുന്ന അനേകരെ ഈ കാലഘട്ടത്തിലും നമുക്ക കാണാന്‍ സാധിക്കും. ഇപ്രകാരമുള്ള ദിവ്യകാരുണ്യഭക്തരെ എനിക്കേറെ ഇഷ്ടമായിരുന്നു. വളരെയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ എന്‍റെ ഇടവകയില്‍ വച്ച് പരിചയമില്ലാത്ത ഒരാളെ കാണാനിടയായി. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ മനസ്സിലായത്, അദ്ദേഹം എല്ലാ ദിവസവും പള്ളിയില്‍ പോകും.

അന്ന്‍ അദ്ദേഹത്തിന്‍റെ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാലാണ് ഇവിടെ കുര്‍ബ്ബാനയ്ക്ക് വന്നത്. ഇതെനിക്കൊരു പ്രചോദനമായി. അന്നു വരെ ഞാന്‍ എന്നും പള്ളിയില്‍ പോകുമെങ്കിലും ഒരു വര്‍ഷത്തില്‍ ചിലപ്പോള്‍ രണ്ട് മൂന്നു ദിവസമൊക്കെ കുര്‍ബ്ബാന മുടങ്ങാറുണ്ടായിരുന്നു. (ഇടവകയില്‍ കുര്‍ബ്ബാന ഇല്ലാത്തപ്പോള്‍). ഈ മനുഷ്യനുമായുള്ള കണ്ടുമുട്ടലില്‍ പിന്നെ വളരെയേറെ വര്‍ഷങ്ങളായി ഇന്നു വരെ കുര്‍ബ്ബാന മുടങ്ങിയിട്ടില്ല.

ഞാന്‍ ഇത് സൂചിപ്പിക്കാന്‍ കാരണം അനുകരണം നല്ലതാണ്. നാം ആരെയെങ്കിലും അനുകരിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. നാം ആരെ അനുകരിക്കുന്നുവോ അവര്‍ ചിലപ്പോള്‍ ആ അവസ്ഥയില്‍ നിന്നു താഴെ പോയാലും നാം നമ്മുടെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കണം. ഒരിക്കല്‍ എന്‍റെ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ കാല്‍വരിമൗണ്ട് ഇടവകയില്‍ കുര്‍ബ്ബാനയ്ക്ക് പോയി. മുകളില്‍ സൂചിപ്പിച്ച സഹോദരനും ഇതേ സാഹചര്യത്തില്‍ അന്ന്‍ അവിടെ കുര്‍ബ്ബാനയ്ക്ക് വന്നിട്ടുണ്ടായിരുന്നു. അന്ന്‍ ഞങ്ങള്‍ വി. കുര്‍ബ്ബാന അനുഭവത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു.

അതിപ്രകാരമായിരുന്നു. തങ്കച്ചന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ശക്തിയൊന്നും ഈ വിശുദ്ധ കുര്‍ബ്ബാനയ്ക്കില്ല. പിന്നെ ഞാന്‍ വന്നത് ശീലമായിപ്പോയതിനാലാണ്. തന്നെയുമല്ല. എനിക്ക് വേറെ പണിയൊന്നുമില്ല. വെറുതെ ഇരിക്കുമ്പോള്‍ ഒരു വ്യായാമം (നടപ്പ്). ഇപ്രകാരം ബലിയില്‍ വരുന്നവരുമുണ്ട്. അദ്ദേഹത്തെ അനുകരിച്ചത് നല്ലതാണ്. പക്ഷേ അദ്ദേഹത്തിന്‍റെ അനുഭവം വച്ചാണ് ഞാന്‍ അനുകരിച്ചിരുന്നതെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തുമായിരുന്നില്ല. അധികം താമസിക്കാതെ അദ്ദേഹത്തിന്‍റെ പള്ളിയില്‍ പോക്ക് നിന്നതായാണ് അറിയാന്‍ സാധിച്ചത്.

ഇപ്രകാരമുള്ള അറിവുകള്‍ പലരെയും നിരുത്സാഹപ്പെടുത്താന്‍ സാധ്യതയുണ്ട്. (വിശുദ്ധ കുര്‍ബ്ബാന അനുഭവമല്ലാത്തവര്‍ക്ക്). എന്നാല്‍ എന്‍റെ വിശ്വാസത്തെ ഇത് വളര്‍ത്തുകയാണ് ചെയ്തത്. കാരണം ഞാന്‍ ഈശോയോട് ഈ കാര്യം ഉണര്‍ത്തിച്ചപ്പോള്‍ അവിടുന്ന് എനിക്ക് തന്ന ഉള്‍ക്കാഴ്ച ഇതാണ്. "നിങ്ങള്‍ എന്നില്‍ നിന്ന്‍ പഠിക്കുവിന്‍" (മത്തായി 11:29).

നാം പലരേയും മാതൃകയാക്കും. അവരുടെ മാതൃക തന്നെ ചിലപ്പോള്‍ ഇടര്‍ച്ചയിലേക്ക് നയിക്കാം. നമുക്ക് തെറ്റു പറ്റാതെ അനുകരിക്കാനുള്ള ഉത്തമ മാതൃക (ഏക മാതൃക) ഈശോ മാത്രമാണ്. ധ്യാനം കൂടി ശുശ്രൂഷകളിലൊക്കെ മുന്നേറുന്നവരുണ്ട്. അവരുടെ പല മാതൃകകളും നല്ലതായിരിക്കാം. നല്ലതു മാത്രം നാം അനുകരിച്ചാല്‍ മതി ബാക്കി നമുക്ക് തള്ളിക്കളയാം.

ഇതു സൂചിപ്പിക്കാന്‍ കാരണം മദ്യപാനം നിര്‍ത്തിയ രണ്ടു സഹോദരങ്ങള്‍. ഒരാള്‍ നല്ല തീക്ഷ്ണതയില്‍ ആദ്യം ഓടി. മറ്റെയാള്‍ സാധാരണ ജീവിതം. ആദ്യത്തെയാള്‍ അനാഥാലയത്തില്‍ മുടി വെട്ടാനും കുളിപ്പിക്കാനുമൊക്കെ പോയി. മദ്യപാനം നിര്‍ത്തിയ ഇയാള്‍ മുറുക്ക് തുടങ്ങി. ശുശ്രൂഷകള്‍ ചെയ്യുന്നുമുണ്ട്.

രണ്ടാമനും മുറുക്ക് തുടങ്ങി. രണ്ടാമനോടു ചോദിച്ചപ്പോള്‍ പറഞ്ഞത് ജോസ് (പേര് സാങ്കല്‍പ്പികം) മുറുക്ക് തുടങ്ങിയതിനാല്‍ അത് തെറ്റായി എനിക്ക് തോന്നിയില്ല എന്നാണ്. ഇയാള്‍ ജോസിനെ മാതൃകയാക്കിയെടുക്കുന്നു. കാലക്രമേണ ജോസ് അല്‍പം മദ്യം കുടിക്കാന്‍ തുടങ്ങി. രണ്ടാമനും അപ്രകാരം തന്നെ. ഒരാള്‍ ശുശ്രൂഷ ചെയ്യുന്നു. മറ്റെയാള്‍ ശുശ്രൂഷ ചെയ്യുന്നില്ല എന്നു മാത്രം.

ഇപ്രകാരം വൈദികരെയും സിസ്റ്റേഴ്സിനെയുമൊക്കെ മാതൃകയാക്കുന്നവരുണ്ട്. വിശുദ്ധരെല്ലാം മാതൃകയാക്കിയ ഏക വഴി യേശുവാണ്. "യേശുവിലെത്താനുള്ള സുരക്ഷിതമായ വഴിയെ"ന്നാണ് വിശുദ്ധരെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിക്കുന്നത് (ജനതകളുടെ പ്രകാശം).

ഒരിക്കല്‍ ഒരു വേദിയില്‍ വചനപ്രഘോഷണം നടത്തത്തില്‍ വൈദികന്‍റെ വാക്കുകള്‍ എന്നെ ആഴമായി സ്പര്‍ശിച്ചു. വചനമിതാണ്, "നിങ്ങള്‍ നിങ്ങളേയും നിങ്ങളുടെ അജഗണങ്ങളെയും കുറിച്ചു ശ്രദ്ധയുള്ളവരായിരിക്കുവിന്‍." അച്ഛന്‍ പറഞ്ഞതിന്‍റെ സാരാംശം ഇതാണ്- എല്ലാവര്‍ക്കും മറ്റുള്ളവരെ നന്നാക്കാന്‍ വലിയ ശ്രദ്ധയാണ്. ഈ പറഞ്ഞ വചനത്തിന്‍റെ വെളിച്ചത്തില്‍ ആദ്യം "നിങ്ങളേയും" എന്നാണ് പറയുന്നത്. അതിനുശേഷമാണ് അജഗണങ്ങളുടെ കാര്യം.

നമ്മെക്കുറിച്ചു തന്നെ നാം ആദ്യം ജാഗരൂഗരാകണം. ഈ അച്ഛന്‍റെ ജീവിതസാക്ഷ്യം എന്നെ ഏറെ സ്പര്‍ശിച്ചു. എനിക്കൊരു മാതൃകയുമായിരുന്നു. ഇപ്പോള്‍ അച്ഛന്‍ സഭയിലില്ല. നമുക്ക് പ്രചോദനം നല്‍കിയവര്‍ ചിലപ്പോള്‍ ഇങ്ങനെയുമാകാം. നാം സ്വീകരിക്കേണ്ട ഏക മാതൃക ക്രിസ്തുവിനോട് ചേര്‍ന്ന്‍ (സഭയോട്) പോകുന്നവര്‍ മാത്രമാകണം. അലെങ്കില്‍ നമുക്ക് തെറ്റ് പറ്റും.

ഒരു കാര്യത്തിലൂടെ അത് വ്യക്തമാക്കാം. അപ്രതീക്ഷിതമായി ഒരു ലഘുലേഖ എന്‍റെ കയ്യില്‍ ഒരാള്‍ തന്നു. അത് വായിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കണ്ണുകള്‍ നിറഞ്ഞു.

കത്തോലിക്കാ സഭക്ക് നല്ല സംഭാവനകള്‍ നല്‍കിയിട്ടുള്ള അനേകം ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒരു വൈദികന്‍ സഭയ്ക്കു പുറത്തുപോയി. ഇദ്ദേഹം എഴുതിയിട്ടുള്ള ഒരു ഭാഗം മാത്രം കുറിക്കട്ടെ. "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും" (മര്‍. 16:16)എന്ന വചന പ്രകാരം രക്ഷയ്ക്കുള്ള വ്യവസ്ഥ പൂര്‍ത്തിയാക്കി യേശുക്രിസ്തുവില്‍ "രാജകീയ പൗരോഹിത്യം" (1 പത്രോസ് 2:9) സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭാമേധാവിത്വം നല്‍കിയ പാരമ്പര്യ പൗരോഹിത്യം ഉള്‍പ്പെടെ സകലതും യേശുക്രിസ്തുവിനെ പ്രതി ഉച്ഛിഷ്ടമായി കണക്കാക്കി ഉപേക്ഷിക്കുന്നു.

ഇവിടെ രണ്ടു വൈദികരെ പരിചയപ്പെടുത്താന്‍ കാരണമുണ്ട്. വൈദികരെപ്പോലും നാം പൂര്‍ണ്ണമായി മാതൃകയാക്കി എടുക്കരുത്. സഭ വിട്ടുപോയവരെല്ലാം അവരുടെ ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചവരാണ്. ഇവിടെ നമുക്ക് മാതൃക രണ്ടായിരത്തിലധികം വര്‍ഷം പാരമ്പര്യമുള്ള കത്തോലിക്കാ സഭയും ദൈവവചനം കത്തോലിക്കാ സഭയോട് ചേര്‍ന്ന്‍ വ്യാഖ്യാനിക്കുന്നവരും മാത്രമാകണം. സഭയിലെ എല്ലാ വിശുദ്ധരും നമുക്ക് മാതൃകയാണ്.

ഇത്രയും കാര്യം സൂചിപ്പിക്കാന്‍ കാരണം ഈശോയെ പൂര്‍ണ്ണ മാതൃകയായി നാം സ്വീകരിച്ചാല്‍ മതിയെന്ന് വ്യക്തമാക്കാനാണ്. നമ്മേക്കാള്‍ വലിയവരെ നാം അനുകരിക്കുമ്പോള്‍ അവരിലെ നന്മകള്‍ മാത്രം നാം സ്വീകരിച്ചാല്‍ മതി. ഇവിടെ നാം ആരെയും വിധിക്കാനും മുതിരണ്ട. കാരണം അവരിലൊക്കെ പല നന്മകളും കാണാം. (നമ്മിലില്ലാത്ത നന്മകള്‍).

ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളാണ്. ഒരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. ഒരിക്കല്‍ പള്ളിയില്‍ ചെന്നപ്പോഴാണ് അറിയുന്നത് അന്ന്‍ കുര്‍ബ്ബാന ഇല്ലെന്ന്. ഞങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ തിരിച്ചുപോയി. ഞാന്‍ അവിടെ നിന്ന്‍ അടുത്ത പള്ളിയിലേക്ക് ഓടി. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു വണ്ടി കിട്ടി. കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. മറ്റെയാള്‍ പറഞ്ഞത് ഇപ്രകാരമാണ്. കുര്‍ബ്ബാന ഇല്ലാത്തത് നമ്മുടെ കുറ്റമല്ല. (തലേദിവസം അറിയിക്കാത്തതിനാല്‍) നമ്മള്‍ ത്യാഗം സഹിച്ചു പള്ളിയില്‍ വന്നത് ദൈവം ബലിയായി സ്വീകരിച്ചു കൊള്ളും.

ഇതിനോട് ചേര്‍ന്ന്‍ ഒരു സംഭവം കൂടി. ഒരു സുഹൃത്ത് ചോദിച്ച ചോദ്യം. ഞാന്‍ രാവിലെ പള്ളിയില്‍ വന്നപ്പോള്‍ അത്യാവശ്യമായി ഒരാള്‍ അരി വാങ്ങാന്‍ വന്നു. ഞാന്‍ ഉടന്‍ തിരിച്ചു പോയി. കട തുറന്ന്‍ ഇദ്ദേഹത്തിനു അരി കൊടുത്തു. തങ്കച്ചന്‍ ചേട്ടനാണെങ്കില്‍ ഈ സ്ഥാനത്ത് എന്തു ചെയ്യും? ഞാന്‍ പറഞ്ഞു തീര്‍ച്ചയായും ഞാന്‍ കുര്‍ബ്ബാനയ്ക്ക് പോകും. ഞങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ അതാണ്‌ ശരി. ഞാന്‍ അതിനെ മാനിക്കുന്നു.

എന്‍റെ കാഴ്ചപ്പാട് വേറൊന്ന്. അദ്ദേഹം അതിനെയും മാനിച്ചു. ഇതൊരു തര്‍ക്ക വിഷയമല്ല. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ആരെയും പൂര്‍ണ്ണമായി അനുകരിക്കേണ്ടതില്ല. "സ്നേഹിക്കുക എന്നിട്ട് ഇഷ്ടമുള്ളത് ചെയ്യുകയെന്ന" വി, അഗസ്റ്റിന്‍റെ വാക്കുകള്‍ ഓര്‍ക്കുന്നു. പൂര്‍ണ്ണമായ സ്നേഹത്തില്‍ നിന്നുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം.

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »