News - 2024

യേശു വീണ്ടെടുത്ത ജനത്തോടുള്ള വിദ്വേഷമാണ് ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളിലൂടെ സാത്താൻ പ്രകടമാക്കുന്നത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 24-04-2017 - Monday

വത്തിക്കാൻ: യേശു തന്റെ രക്തം ചിന്തി വീണ്ടെടുത്ത മനുഷ്യവംശത്തോടുള്ള വിദ്വേഷമാണ്, ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളിലൂടെ സാത്താൻ പ്രകടമാക്കുന്നതെന്ന് മാർപാപ്പ. ഇരുപത്/ ഇരുപത്തൊന്ന് നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ അനുസ്മരണാർത്ഥം വി.ബർത്തലോമിയോ ദേവാലയത്തിൽ നടന്ന പ്രാർത്ഥനകൾക്കിടയിൽ സന്ദേശം നൽകുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

വിശ്വാസത്തിനു വേണ്ടി മരണം വരിച്ചവരുടെ സ്മരണ, സഭ രക്തസാക്ഷികളുടെതാണ് എന്ന ഓർമ്മപ്പെടുത്തലാണ്. പീഡനങ്ങളിലൂടെ കടന്നുപോകുന്നവര്‍, കുഞ്ഞാടിന്റെ രക്തം വഴി വിശുദ്ധീകരിക്കപ്പെട്ടവർ എന്നാണ് വെളിപ്പാടിന്റെ പുസ്തകത്തിൽ രക്തസാക്ഷികളെക്കുറിച്ച് പറയുന്നത്. മരണം വരെയും ദൈവവുമായി അനുരജ്ഞനത്തിൽ കഴിഞ്ഞവരാണവർ. വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിച്ച അവരുടെ സാക്ഷ്യം നമുക്ക് ദൈവാനുഗ്രഹം നേടി തരുന്നു.

ഇവരെ കൂടാതെ, അനുദിന ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ ജ്ഞാനം സ്വീകരിച്ച് മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുകയും വിശ്വസ്തതയോടെ ദൈവസ്നേഹത്തിലായിരിക്കുകയും ചെയ്യുന്ന അറിയപ്പെടാത്ത രക്തസാക്ഷികളും സഭയിലുണ്ട്. സ്നേഹത്തെ കുറിച്ച് പഠിപ്പിച്ച യേശു, നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. "ലോകം നിങ്ങളെ ദ്വേഷിക്കുമ്പോൾ, ഭയപ്പെടേണ്ട. കാരണം നിങ്ങൾക്കു മുൻപേ എന്നെ ദ്വേഷിച്ചിട്ടുണ്ട്" എന്ന ബൈബിൾ വചനത്തെ അടിസ്ഥാനമാക്കി മാർപാപ്പ പറഞ്ഞു.

യേശു നമ്മെ തിരഞ്ഞെടുക്കുകയും രക്ഷിക്കുകയും ചെയ്തു എന്ന കാരണത്താലാണ് ഈ ലോകത്തിന്റേതായ ശക്തികളുടെ വെറുപ്പ് ക്രൈസ്തവരെ നിരന്തരം വേട്ടയാടുന്നത്. സഭയുടെ ഉത്ഭവം മുതൽ ഇന്നുവരെയും അത് തുടർന്നു കൊണ്ടേയിരിക്കുന്നു. മരണം വരെയും വിശ്വാസത്തിനു ജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്ന വിശുദ്ധരെയാണ് സഭ ഉറ്റുനോക്കുന്നത്. സഭയെ മുന്നോട്ട് നയിക്കുന്ന, ഉത്ഥിതനായ യേശുവിന് സാക്ഷ്യം നൽകുന്ന, പരിശുദ്ധാത്മാവിന്റെ ദാനമനുസരിച്ച് ദൈവത്തിന് അനുരൂപരായി ജീവിക്കുന്ന സഭാ മക്കളെയാണ് നാം വളർത്തിയെടുക്കേണ്ടത്.

ലെസ്വോസ് ദ്വീപിൽ കണ്ടുമുട്ടിയ മനുഷ്യന്റെ അനുഭവം മാർപ്പാപ്പ വിവരിച്ചു. മുപ്പതു വയസ്സുകാരനായ ആ മനുഷ്യൻ മുസ്ലിം മതസ്ഥനായിരുന്നു. എന്നാൽ , അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ത്യാനിയായിരുന്നു. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന അവരുടെ ഭവനത്തിലേക്ക് ഒരു നാൾ തീവ്രവാദികൾ വന്നെത്തി. അവരുടെ മതം ഏതാണെന്ന് ആരാഞ്ഞ അവർ, വീട്ടിലെ ക്രൂശിതരൂപം എടുത്തുകളയാൻ ആവശ്യപ്പെട്ടു. എന്നാൽ, അതിനു വിസമ്മതിച്ച ഭാര്യയെ തത്ക്ഷണം കഴുത്തറുത്ത് കൊന്നു. മാര്‍പാപ്പ പറഞ്ഞു. മനുഷ്യാവകാശങ്ങളേക്കാൾ അന്തർദേശീയ കരാറുകൾക്ക് പ്രാധാന്യം നൽകുന്ന അധികാരികളുടെ മനോഭാവമാണ് അഭയാർത്ഥി പ്രശ്നം രൂക്ഷമാക്കുന്നതെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി.

വിശ്വാസത്തിനു സാക്ഷ്യം വഹിച്ചവരെ അനുസ്മരിക്കുന്നതും അവർക്കു വേണ്ടി പ്രതിഷ്ഠിക്കപ്പെട്ട സ്ഥലത്ത് പ്രാർത്ഥിക്കാൻ ലഭിച്ച അവസരവും ഒരു ദാനമാണ്. രക്തസാക്ഷികളുടെ ജീവാർപ്പണമാണ് സ്നേഹത്തോടും സൗമ്യതയോടും കൂടെ വിശ്വാസത്തിനെതിരായ പെരുമാറ്റത്തെയും വിപ്ളവങ്ങളേയും അതിജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. ക്ഷമാപൂർണമായ സംസർഗ്ഗത്തിലൂടെ മാത്രമേ സമാധാനം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ.

"കർത്താവേ, അങ്ങയുടെ അനന്ത സ്നേഹത്തെയോർത്ത് സുവിശേഷത്തിന് സാക്ഷ്യം നൽകാനും, മനുഷ്യവംശത്തിനു മേൽ അങ്ങയുടെ കരുണ ചൊരിഞ്ഞ് സഭയെ നവീകരിക്കാനും, വിശ്വാസത്തെ പ്രതി ക്ലേശമനുഭവിക്കുന്നവരുടെ സംരക്ഷണത്തിനും, ലോകം മുഴുവൻ സമാധാനം സ്ഥാപിതമാകാനും ഇടവരുത്തണമേ" എന്ന പ്രാർത്ഥനയോടെയാണ് മാർപ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. പ്രസംഗത്തിന് ശേഷം ദേവാലയത്തില്‍ എത്തിയ അഭയാര്‍ത്ഥികളുമായി കൂടികാഴ്ച നടത്താനും മാര്‍പാപ്പ സമയം കണ്ടെത്തി.


Related Articles »