News - 2025
ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ വാഴ്ത്തി കൊണ്ട് വൈദികന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു
സ്വന്തം ലേഖകന്‍ 25-04-2017 - Tuesday
മെൻഡോസ: കിടപ്പു രോഗികൾക്കു വിശുദ്ധ കുര്‍ബാന കൊണ്ട് പോയപ്പോള്‍ യാത്രാമദ്ധ്യേ ഉണ്ടാകാമായിരിന്ന വന്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അർജന്റീന മെൻഡോസ അതിരൂപതയിലെ ഫാ. അൽജെൻഡ്രോ ബേസാർ എന്ന വൈദികന്‍. താന്‍ ഇപ്പോള്‍ ജീവിക്കുന്നതു തിരുവോസ്തി രൂപനായ യേശു പ്രവര്‍ത്തിച്ച അത്ഭുതം കൊണ്ടാണെന്നാണ് ഫാ. അൽജെൻഡ്രോ സാക്ഷ്യപ്പെടുത്തുന്നത്.
ഏപ്രിൽ പതിമൂന്നിന് തന്റെ ഇടവകയിലെ വി.ബലിയർപ്പണത്തിനു ശേഷം രോഗികൾക്കു നൽകാനുള്ള തിരുവോസ്തിയുമായി കാറില്‍ യാത്ര ചെയ്യവേ സെൻ റോക്കിലെ റെയിൽവേ പാളം കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. റെയിൽവേ സിഗ്നലോ ഗെയ്റ്റോ സ്ഥലത്ത് ഇല്ലായിരിന്നു. പുല്ലുകൾ വളർന്ന് റെയിൽവേ പാളത്തെ മൂടി കിടക്കുകയായിരുന്ന വഴിയിലൂടെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി ട്രെയിൻ പാഞ്ഞു വന്നത്.
പാളത്തിൽ പെട്ടു പോയ വൈദികൻ ഹോൺ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴേക്കും വളവു തിരിഞ്ഞ് ട്രെയിൻ അടുത്തെത്തിയിരുന്നു. കാർ തിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമാണെന്നു അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്നു സീറ്റ് ബെല്‍റ്റില്‍ നിന്ന് മോചനം നേടി അത്ഭുതകരമായി കാറിൽ നിന്ന് ഇറങ്ങിയോടി. മരണത്തിന്‍ മുന്‍പില്‍ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലായിരിന്നു ഇതെന്ന്‍ ഫാ. ബേസാര്‍ പറയുന്നു.
ട്രെയിനിടിച്ച് വാഹനം തകർന്നെങ്കിലും മുൻ സീറ്റിൽ വച്ചിരുന്ന തിരുവോസ്തികൾ ഭദ്രമായിരിന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പുറകിലെ സീറ്റിൽ വച്ചിരുന്ന ധാന്യം ചിതറി തെറിച്ചെങ്കിലും മുൻ സീറ്റിലെ പാത്രത്തിലിരുന്ന തിരുവേസ്തികൾ അനങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല എന്ന വസ്തുത വൈദികനെ അത്ഭുതപ്പെടുത്തി. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടൽ വഴിയാണ് താൻ രക്ഷപ്പെട്ടതെന്ന് ലോകത്തെ അറിയിക്കാൻ വൈദികൻ മടിച്ചില്ല. അപകടത്തില്‍ നിന്നുള്ള രക്ഷപ്പെടലും ദിവ്യകാരുണ്യം സുരക്ഷിതമായിരിന്ന കാര്യവും സിഎന്‍എ ന്യൂസിനോട് അദ്ദേഹം പറഞ്ഞു.
പെട്ടെന്നുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിയ ദൈവത്തോട് നന്ദി പറയുന്നതിനോടൊപ്പം ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി അനുഭവിച്ചറിയാൻ സാധിച്ചതിന്റെ സന്തോഷവും ഫാ.ബേസാർ പങ്കുവെച്ചു. എന്നിരിന്നാലും, അപകടത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തിരുവോസ്തികൾ തന്നോടൊപ്പം എടുക്കാൻ സാധിക്കാത്തതിലുള്ള ദുഃഖം തന്നെ അലട്ടുന്നുണ്ടെന്നും ഫാ.ബേസാർ പറഞ്ഞു.