News - 2025
ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കും ആഴ്ചയില്‍ ഒരു ദിവസം മാറ്റിവെച്ചു കൊണ്ട് അമേരിക്കന്‍ ഭരണനേതൃത്വം
സ്വന്തം ലേഖകന്‍ 25-04-2017 - Tuesday
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ശക്തമായ ഭരണകൂടത്തിലെ കാബിനറ്റ് ഉദ്യോഗസ്ഥര്‍ ആഴ്ചതോറും മുടങ്ങാതെ പ്രാര്‍ത്ഥനാ കൂട്ടായ്മകളും, ബൈബിള്‍ പഠനക്ലാസ്സുകളും നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ കാബിനറ്റ് അംഗങ്ങളാണ് ആഴ്ചതോറും ബൈബിള്‍ പഠന ക്ലാസ്സുകളും പ്രാര്‍ത്ഥനാ കൂട്ടായ്മയും നടത്തുന്നത്.
ആഴ്ചയിലൊരിക്കല്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന ഈ ബൈബിള്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ സ്ഥാപകനായ റാല്‍ഫ് ഡ്രോല്ലിങ്ങറാണ്. 1996-ല്‍ സ്ഥാപിതമായ കാപ്പിറ്റോള്‍ മിനിസ്ട്രീസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളായ നല്ല രാഷ്ട്രീയക്കാരെ ഉണ്ടാക്കുക എന്നതാണ്.
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെക്രട്ടറിമാരായ ബെറ്റ്സി ഡെ വോസ്, ബെന്‍ കാര്‍സന്‍, സോണി പെര്‍ദ്യൂ, റിക്ക് പെറി, ടോം പ്രൈസ്, ജെഫ് സെഷന്‍സ്, ഇപിഎ അഡ്മിനിസ്ട്രേറ്ററായ സ്കോട്ട് പ്രൂയിട്ട്, സിഐഎ ഡയറക്ടര്‍ മൈക്ക് പോമ്പിയോ എന്നിവരാണ് ബൈബിള്‍ കൂട്ടായ്മയില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ ഭരണകൂടത്തില്‍ ക്രിസ്തീയ തത്വങ്ങള്‍ കൂടുതലായി പ്രചരിക്കുവാന്‍ ഈ കൂട്ടായ്മ വഴി കഴിയും എന്ന പ്രതീക്ഷയാണ് ഏവര്‍ക്കും ഉള്ളത്.
ഒരു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും മാര്‍ഗ്ഗദര്‍ശിത്വത്തിനും ആ രാജ്യത്തിന്റെ നേതാക്കള്‍ ദൈവത്തെ ആശ്രയിക്കുമ്പോള്‍, ആ രാജ്യം നമുക്ക് ഊഹിക്കുവാന്‍ കഴിയുന്നതിലും അധികം ദൈവാനുഗ്രഹം നിറഞ്ഞതായി തീരുമെന്ന് പാസ്റ്റര്‍ റാല്‍ഫ് ഡ്രോല്ലിങ്ങര്‍ പറഞ്ഞു. അമേരിക്കന്‍ ഹൗസിലേയും, സെനറ്റിലേയും നേതാക്കള്‍ക്കിടയില്‍ ആഴ്ചതോറും ബൈബിള്‍ പഠന ക്ലാസുകളും ‘കാപ്പിറ്റോള്‍ മിനിസ്ട്രീസ്’ സംഘടിപ്പിക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങളിലെ ഭരണസഭാ മന്ദിരങ്ങളിലും ഇത്തരത്തിലുള്ള ബൈബിള്‍ പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കാപ്പിറ്റോള്‍ മിനിസ്ട്രീസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഈ ആത്മീയ കൂട്ടായ്മയിലേക്ക് തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഇതില്‍ പങ്കെടുക്കുന്നവര്‍ ഒന്നടങ്കം പറഞ്ഞു.
ഇപ്പോഴത്തെ അമേരിക്കന്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ഒരു അവിഭാജ്യഘടകമാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ ട്രംപിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് ഭരണകൂടത്തിലെ ഏറ്റവും പ്രഗല്‍ഭരായ ആളുകള്‍ ഒന്നിച്ചു കൂടുന്ന ഈ പ്രാര്‍ത്ഥനാ കൂട്ടായ്മ ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.