News - 2025
വെനസ്വേലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 02-05-2017 - Tuesday
വത്തിക്കാന്‍: വെനസ്വേലയില്‍ നടക്കുന്ന അകമപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. അക്രമത്തിനിരകളായി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.
സെന്‍റ് പീറ്റേഴ്സ് സ്വകയറില്‍ ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്നും, അക്രമത്തിന്‍റെ എല്ലാ രൂപങ്ങളെയും ഉപേക്ഷിക്കണമെന്നും വെനിസ്വേലയിലെ ഗവണ്‍മെന്‍റിനോടും സമൂഹത്തോടും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
"സമാധാനവും അനുരഞ്ജനവും ജനാധിപത്യവും ഈ പ്രിയപ്പെട്ട രാജ്യത്തു പുലരുന്നതിനുള്ള നിയോഗം പരിശുദ്ധകന്യകാമറിയത്തെ ഭരമേല്‍പ്പിക്കാം. ഗൗരവ പൂര്‍ണ്ണമായ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ രാജ്യങ്ങള്‍ക്കുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. പ്രത്യേകിച്ച് മാസിഡോണിയന്‍ റിപ്പബ്ലിക്കിനെ ഈ ദിനങ്ങളില്‍ ഞാനോര്‍ക്കുന്നു". മാര്‍പാപ്പ പറഞ്ഞു.
വെനസ്വേലയ്‌ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും എന്നാലത് ഉപാധികളുടെ അടിസ്‌ഥാനത്തില്‍ ആകണമെന്നും ഈജിപ്‌തില്‍ നിന്നു റോമിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ വിമാനത്തില്‍വച്ച് മാര്‍പാപ്പ പറഞ്ഞിരിന്നു.
പ്രസിഡന്റ് നിക്കൊളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രക്ഷോഭപരമ്പര ശക്തമാകുകയാണ്. വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരും പോലീസും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ 28 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രക്ഷോഭത്തെ തുടര്‍ന്നു കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ട പ്രാദേശിക തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.ലോകത്ത് ഏറ്റവുമധികം എണ്ണനിക്ഷേപമുള്ള രാജ്യമായ വെനസ്വേല, ഏതാനും വര്‍ഷങ്ങളായി പണപ്പെരുപ്പത്തിന്റെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്.