Wednesday Mirror - 2025
വിശുദ്ധ കുര്ബാനയില് പങ്കെടുത്താല് ജീവിതത്തില് പ്രതിസന്ധികള് ഉണ്ടാകില്ല?
തങ്കച്ചന് തുണ്ടിയില് 12-04-2022 - Tuesday
വി. കുര്ബാനയില് നിന്നു ശക്തി സ്വീകരിച്ച് മുന്നേറുന്നവരുടെ ജീവിതത്തില് യാതൊരു പ്രതിസന്ധികളും ഉണ്ടാവുകയില്ല എന്ന തെറ്റായ ധാരണ പലരിലും ഉണ്ട്. എന്നാല് ദൈവത്തില് പൂര്ണ്ണമായും ആശ്രയിച്ച് മുന്നേറുന്നവരുടെ ജീവിതത്തില് ഏത് പ്രതിസന്ധികളുണ്ടായാലും അതിനെ തരണം ചെയ്ത് മുന്നേറാനുള്ള ശക്തി ലഭിക്കും എന്നതാണ് വാസ്തവം.
ഒരിക്കല് കുര്ബ്ബാന കഴിഞ്ഞ് അന്നത്തെ എന്റെ എല്ലാ ജോലികളും സമര്പ്പിച്ച് പ്രാര്ത്ഥിച്ചു. അന്നു ഞാന് പതിവിലും കൂടുതല് പ്രാര്ത്ഥിച്ചു. കാരണം അന്ന് എനിക്ക് പല വീടുകളിലും പണികള് തീര്ത്ത് കൊടുക്കേണ്ടതുണ്ടായിരുന്നു. ഞാന് പോകുന്ന വീടുകളെയും എവിടെ തുടങ്ങണം. എവിടെ അവസാനിപ്പിക്കണം ഇവയൊക്കെ ഈശോയുടെ മുന്പില് അവതരിപ്പിച്ചു. അവസാനത്തെ വീട്ടില് ചെന്നപ്പോള് പണി തീരാറായപ്പോള് അപകടമുണ്ടായി.
തെങ്ങില് കയറി പകുതിയായപ്പോള് മുകളിലേക്ക് ഒന്നു നോക്കി. ആ നിമിഷം എന്റെ നെറ്റിയിലേക്ക് ഒരു കല്ലു വന്നു വീണു രക്തം ചീറ്റിയൊഴുകി. ഞാന് സാവകാശം താഴെയിറങ്ങി. (ആള് താമസം ഇല്ലാത്ത പറമ്പായതിനാല് കല്ലെറിഞ്ഞ് തേങ്ങ പറിക്കാന് ശ്രമിച്ചതു വഴി മുകളില് തങ്ങിയിരുന്ന കല്ല് തെങ്ങു കുലുങ്ങിയപ്പോള് താഴേക്ക് വീണതാണ്). ഇവിടെ പലരും പറഞ്ഞു. ദൈവാനുഗ്രഹമുള്ള ആളായതിനാലാണ് താഴെ വീഴാതിരുന്നതെന്ന്. തന്നെയുമല്ല കല്ല് അല്പം മാറിയിരുന്നെങ്കില് എന്തും സംഭവിക്കുമായിരുന്നു.
എന്നാല് ഇങ്ങനെ ചോദിക്കുന്നവരും ഉണ്ട്-എന്നും പള്ളിയില് പോകുന്ന ആള്ക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? എന്നാല് കല്ല് വീഴ്ചയും മുറിവും വച്ചു നോക്കിയാല് ഓര്ക്കാപ്പുറത്തുള്ള ആഘാതത്താല് തെങ്ങില് നിന്നും കൈവിട്ടാല് അല്ലെങ്കില് കാല് അല്പം സ്ഥാനം മാറിയാല്, ഇവിടെയാണ് അപകടങ്ങളില് നമ്മെ സംരക്ഷിക്കുന്ന ദൈവത്തിന്റെ ശക്തി നാം മനസ്സിലാക്കേണ്ടത്. അനര്ത്ഥങ്ങളുണ്ടാകുമ്പോള് ദൈവം നമ്മെ കൈവിട്ടതായി കാണുന്ന പലരുമുണ്ട്. എന്നാല് ദൈവത്തിനു അത് നമ്മുടെ നന്മയ്ക്കായി മാറ്റുവാന് സാധിക്കും. നമ്മുടെ ഓരോ അനുഭവവും ദൈവിക കാഴ്ചപ്പാടില് നോക്കിയാലേ ഇത് മനസ്സിലാകൂ.
മറ്റൊരു സംഭവത്തിലൂടെ അത് വ്യക്തമാക്കാം. വര്ഷങ്ങള്ക്കു മുന്പ് എന്റെ വീടിന് ഇടിമിന്നലേറ്റൂ. വീടിന്റെ പല മുറികളും തകര്ന്നു. വയറിംഗ് കത്തി നശിച്ചു. വൈകുന്നേരം 5.30 നാണ് സംഭവം. ഞാന് ആ സമയം ആത്മാവിന്റെ പ്രേരണയനുസരിച്ച് ജപമാല ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്കൊന്നും സംഭവിച്ചില്ല. ബാക്കിയുള്ളവര്ക്ക് നിസ്സാര പരിക്കുകളേറ്റു. ആളുകള് ഓടിക്കൂടി. പ്രാര്ത്ഥിച്ചു കൊണ്ടിരുന്ന എന്റെ തൊട്ടടുത്തുള്ള കോണ്ക്രീറ്റ് തകര്ന്നിട്ടും എനിക്കൊന്നും സംഭവിച്ചില്ല.
ഇവിടെ നടന്നത് യഥാര്ത്ഥത്തില് അപകടമോ സംരക്ഷണമോ. പലരും പല രീതിയില് ഇതിനെ വിലയിരുത്തി. ദൈവത്തിന്റെ പ്രത്യേക സംരക്ഷണമെന്ന് പലരും പറഞ്ഞപ്പോള്, ചിലര് ഇപ്രകാരം ചോദിച്ചു, എന്നും പള്ളിയില് പോകുകയും നന്നായി പ്രാര്ത്ഥിക്കുകയും വചനം പ്രഘോഷിക്കുകയും കര്ത്താവിനു വേണ്ടി ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നവന്റെ ജീവിതത്തില് എന്തുകൊണ്ട് ഇത് സംഭവിച്ചു?
എന്നാല് ഒരു സത്യം ഞാന് തുറന്നെഴുതട്ടെ. വേദനകളുടെയും നഷ്ടങ്ങളുടെയും ദിവസങ്ങളായിരുന്നു അതെങ്കിലും എനിക്കേറ്റവും സന്തോഷവും ആനന്ദവും നിറഞ്ഞ ദിവസങ്ങളാക്കി കര്ത്താവ് അതിനെ മാറ്റി. യഥാര്ത്ഥത്തില് എനിക്ക് എഴുതാന് പോലും അടിസ്ഥാനപരമായി ഒരു സൗകര്യവുമില്ലാത്ത അവസ്ഥകള്. ആ നാളുകളിലായിരുന്നു ഞാന് ഈശോയോടിപ്രകാരം ചോദിച്ചത്.
"ഈശോ എനിക്ക് എഴുതാന് ഒരു മുറിയും മേശയും തരണം." ഒരു മുറിയും മേശയും ചോദിച്ചപ്പോള് നിലവിലുള്ള മുറികളുടെ പോലും പലഭാഗങ്ങളും തകര്ക്കപ്പെടുകയും എഴുതാന് കൂടുതല് സൗകര്യങ്ങള് ചോദിച്ചപ്പോള് ഒരു മാസത്തോളം വെളിച്ചം പോലും ഇല്ലാത്ത അവസ്ഥകള്. തിരിവെളിച്ചത്തിലും എന്റെ എഴുത്തുകള് തുടര്ന്നു.
പല പ്രാര്ത്ഥനകളുടെയും അര്ത്ഥങ്ങള് ഞാന് അതിനോടടുത്ത ദിവസങ്ങളിലാണ് കൂടുതലായി മനസ്സിലാക്കിയത്. ബലിയര്പ്പണം പോലെ ഒരിക്കലും സപ്രാ പ്രാര്ത്ഥനയും മുടക്കാറില്ലായിരുന്നു. അന്നു ഞാന് സപ്രാപ്രാര്ത്ഥന ചൊല്ലിയപ്പോള് അതിലെ രണ്ടു വായനകള് എന്നെ കരയിപ്പിച്ചു. "അവന് എന്നെ വിളിച്ചപേക്ഷിക്കുമ്പോള് ഞാന് ഉത്തരമരുളും; അവന്റെ കഷ്ടതയില്ഞാന് അവനോടു ചേര്ന്നുനില്ക്കും" (സങ്കീ. 91:15). "എന്റെ രക്ഷ ഞാന് അവനുകാണിച്ചുകൊടുക്കും" (സങ്കീ. 91:16). പ്രശ്നങ്ങളും വേദനകളും ഉണ്ടാകുമ്പോള് ഈ ലോകത്തിലേക്ക് നോക്കി വിലപിക്കേണ്ടവരല്ല നാം. ഇതെല്ലാം അറിയുന്നവന്റെ, അനുവദിച്ചവന്റെ മുഖത്തേക്ക് നാം നോക്കണം. അപ്പോള് നിരാശ മാറി പ്രത്യാശ വരും.
അന്നു ബലിയര്പ്പണത്തിനു മുന്പുള്ള ഗാനമിതായിരുന്നു.
"സമ്പൂര്ണ്ണമായ് നല്കാന് ബലിവേദി മുന്പില്
അണയുന്നു ഞങ്ങള് അഖിലേശ്വരാ...
അള്ത്താരയില് വയ്ക്കാന് ആത്മാവിലൊരുപിടി
കാഴ്ചകളുണ്ടല്ലോ സര്വ്വേശ്വരാ
ബലിവേദിയില് ഉയരുന്ന യാഗത്തില്
കൃപമാരിയായ് പെയ്യും
നിമിഷങ്ങളില് നിന്കരവേലയാം
ഈ പുണ്യമണ്ണിലെ പരമാണുപോലും തുടിച്ചുയരും".
കുര്ബ്ബാന കഴിഞ്ഞപ്പോള് ഈ പരമാണുവിന്റെ അര്ത്ഥമെന്തെന്നു ഒരു സിസ്റ്ററിനോട് ചോദിച്ചു. സിസ്റ്റര് പറഞ്ഞു, പരമാണു എന്ന് പറഞ്ഞാല് ഈ ഭൂമിയിലെ ഏറ്റവും ചെറിയ പൊടി പോലും ഉള്പ്പെടും. ആ പാട്ടിന്റെ തുടര്ന്നുള്ള ഭാഗമിതാണ്.
"സൃഷ്ടപ്രപഞ്ചത്തിന് മകുടമായ്
നീ തീര്ത്ത മാനവരെല്ലാം സ്തുതിച്ചു പാടും."
ചുരുക്കത്തില് ബലിവേദിയില് സംഭവിക്കേണ്ട ചില കാര്യങ്ങളാണ് ഗാനത്തിലൂടെ വ്യക്തമാകുന്നത്. ദിവ്യബലിയിലെ ഓരോ കാര്യവും നാം അര്ത്ഥമറിഞ്ഞ് ഗ്രഹിക്കണം. ദിവ്യബലിയില് ജനങ്ങള് മൂകരായ പ്രേക്ഷകരല്ല. പ്രത്യുത സജ്ജീവമായി പങ്കെടുക്കുന്ന അര്പ്പകരും കൂടിയാണ്. എത്താന് ഈ നവോത്ഥാനത്തിന്റെയെല്ലാം സന്ദേശം. ആരാധനാക്രമത്തിലെ ക്രിയാത്മകതയുടെ ലക്ഷ്യം രണ്ടാം വത്തിക്കാന് കൗണ്സിലിന്റെ ഈ വരികളിലൂടെ വ്യക്തമാണ്.
"വി. കുര്ബ്ബാനയുടെ യഥാര്ത്ഥ അര്ത്ഥമറിഞ്ഞിരുന്നെങ്കില് സന്തോഷം കൊണ്ട് നാം മരിക്കുമായിരുന്നു" (വി.ജോണ് വിയാനി).
വിശുദ്ധ കുര്ബാന- സകല പ്രശ്നങ്ങള്ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്ബാനയില് 'ആമ്മേന്' പറയുമ്പോള്...! ഭാഗം III വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര് സാക്ഷ്യം നല്കാറുണ്ടോ? - ഭാഗം IV വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്ബാനയില് പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്...! - ഭാഗം V വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ജീവിതത്തില് വിശുദ്ധ കുര്ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്...! - ഭാഗം VI വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്ബാന സ്വീകരിച്ചാല് ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്ബാനയില് പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
വൈദികനോട് ചില പാപങ്ങള് പറഞ്ഞാല് അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
#Repost