News - 2025
ട്രംപിനെ കുറിച്ച് മുന്‍കൂട്ടി പ്രസ്താവിക്കാനില്ല: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 15-05-2017 - Monday
വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചു മുൻകൂട്ടി വിധി പ്രസ്താവിക്കാനില്ലെന്നും കൂടിക്കാഴ്ചാവേളയിൽ അഭിപ്രായങ്ങൾ ഇരുകൂട്ടരും തുറന്നുപറയുമെന്നും ഫ്രാന്‍സിസ് മാർപാപ്പ. പോർച്ചുഗലിലെ ഫാത്തിമയിൽനിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ പത്രലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാർപാപ്പ. ഒരാൾക്കു പറയാനുള്ളതു കേൾക്കുന്നതിനു മുന്‍പ് അയാളെക്കുറിച്ചു വിധി പ്രസ്താവിക്കുന്ന സ്വഭാവം തനിക്കില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.
കുടിയേറ്റം,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുള്ള ട്രംപുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു ലേഖകർ ആരാഞ്ഞപ്പോഴാണു മാർപാപ്പ നിലപാടു വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപ് ഈ മാസം 24നു വത്തിക്കാനിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രസ്താവന.
ഡൊണാള്‍ഡ് ട്രംപ് മാര്‍പാപ്പയുമായുള്ള കൂടികാഴ്ച ഈ മാസം നടക്കുമെന്ന കാര്യം ഇക്കഴിഞ്ഞ നാലാം തീയതിയാണ് വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും അമേരിക്കന്‍ പ്രസിഡന്റ് കൂടികാഴ്ച നടത്തും.