News - 2025

അമേരിക്ക ആരാധിക്കുന്നത് ഗവണ്‍മെന്‍റിനെയല്ല, ദൈവത്തെ: ഡൊണാൾഡ് ട്രംപ്

സ്വന്തം ലേഖകന്‍ 15-05-2017 - Monday

വിര്‍ജീനിയ: അമേരിക്ക ആരാധിക്കുന്നത് ഗവണ്‍മെന്‍റിനയല്ല, മറിച്ച് ദൈവത്തെയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. വിര്‍ജീനിയായിലെ ലിബേര്‍ട്ടി യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ട്രംപ്. സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് പ്രതീക്ഷയുടേയും സ്നേഹത്തിന്റെയും സന്ദേശവാഹകരാകാനും പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ ആഹ്വാനം നല്കി. പ്രസിഡൻറായ തന്റെ ഭരണത്തിൻ കീഴിൽ ഒരിക്കലും സുവിശേഷ പ്രഘോഷണത്തിന് വിലക്കുകൾ ഉണ്ടാകില്ല. നമ്മുടേത് പൊതു ഭവനവും നയിക്കപ്പെടുന്നത് ഒരേ ലക്ഷ്യത്തിലേക്കുമാണെന്നും ട്രംപ് പറഞ്ഞു.

സ്വപ്നങ്ങളുടെ ഭൂമിയാണ് അമേരിക്ക. സത്യവിശ്വാസികൾ തിങ്ങിപാർക്കുന്ന രാജ്യത്തെ സ്വാതന്ത്ര്യലബ്ധിയുടെ നിമിഷങ്ങളിൽ തന്നെ ദൈവത്തിന് സമർപ്പിക്കപ്പെട്ടതാണ്. കാരണം അമേരിക്കയിൽ ഗവൺമെന്റിനെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത്. അമേരിക്കൻ കറൻസിയിൽ തന്നെ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.

വിശ്വാസത്തിൽ ആഴപ്പെട്ട് സ്വപ്നങ്ങളെ സാഹസികമായി എത്തിപ്പിടിച്ച യു.എസിന്റെ പാരമ്പര്യം തന്നെയാണ് ലിബേർട്ടി യൂണിവേഴ്സിറ്റിയുടേതും. ദൈവത്തിന്റെ കീഴില്‍ നാം ഒരൊറ്റ ജനതയാണെന്ന് അഭിമാനപൂര്‍വ്വം നമ്മള്‍ പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യപത്രം എഴുതിയിരിക്കുന്ന നമ്മുടെ സ്ഥാപകര്‍ നാലുതവണ നമ്മുടെ സ്രഷ്ടാവിനോട് പ്രാര്‍ത്ഥന ചോദിച്ചിട്ടുണ്ട്. ആഴമായ വിശ്വാസവും വലിയ സ്വപ്‌നങ്ങളുമുള്ള തുടക്കമായിരിന്നു നമ്മുടേത്. പ്രസിഡന്‍റ് പറഞ്ഞു.

ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് മനസ്സിലാക്കി രാജ്യത്തിനും ലോകത്തിനും തങ്ങളുടേതായ രീതിയിൽ സംഭാവന നൽകാൻ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുകയാണെന്ന് ട്രംപ് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. നമുക്ക് അനുവദിച്ച സമയത്തെ നാം എങ്ങനെ ഉപയോഗിച്ചു എന്നതിന് ഉത്തരം നൽകാൻ നാം ബാധ്യസ്ഥരാണ്. ആഗ്രഹങ്ങളെ പിന്തുടരുമ്പോൾ വിമർശിക്കാൻ ധാരാളം ആളുകൾ കാണാം. ധൈര്യപൂർവ്വം മുന്നോട്ട് വന്ന് കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തവരാണ് നിരുത്സാഹപ്പെടുത്തുന്നത്‌. ആരും യാത്ര ചെയ്യാത്ത വഴിയിലൂടെ നടക്കുന്നവർ വിരളമാണ്.

വിമർശനം എളുപ്പമാണ് എന്നാൽ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നവരുടെ മുന്നിൽ ചെയ്തു കാണിക്കുക എന്ന സാഹസത്തിനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. പ്രലോഭനങ്ങളുടെ ഇടയിലും പിടിച്ചു നില്ക്കാനുള്ള ശ്രമം തുടരണം. വിമർശനങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയായി തീർക്കുക. സത്യത്തിന്റെ പോരാളികളായി നാടിനും വീടിനും വേണ്ടി പ്രവർത്തിക്കുകയായിരിക്കണം നിങ്ങളുടെ ലക്ഷ്യം.

സ്വന്തം വിശ്വാസങ്ങൾക്കും കുടുംബത്തിനും നിലകൊള്ളണം. നിങ്ങൾക്കു ശരിയാണെന്ന് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതെ ധീരതയോടെ പരിശ്രമിക്കുക. ശോഭനമായ ഭാവിയിലേക്ക് പ്രവേശിക്കുന്ന ബിരുദധാരികൾ തങ്ങളുടെ നേട്ടങ്ങളെ പ്രതി അഭിമാനിക്കണമെന്നും പ്രസിഡന്റ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ലിബേർട്ടി യൂണിവേഴ്സിറ്റി പ്രസിഡന്റ് ജെറി ഫാൽവലിനെയും കുടുംബത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പുതിയ വര്‍ഷത്തില്‍ യൂണിവേഴ്സിറ്റിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദൈവാനുഗ്രഹം ആശംസിച്ചു കൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »