News - 2025
ലോകത്തിന്റെ മാനസാന്തരത്തിനായി പരിത്യാഗം ചെയ്തു പ്രാര്‍ത്ഥിക്കേണ്ടത് ഇന്നിന്റെ ആവശ്യം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 16-05-2017 - Tuesday
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും പരിത്യാഗം ചെയ്യേണ്ടതും ഇന്നു വളരെ അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കാല്‍ലക്ഷത്തിലധികം വരുന്ന വിശ്വാസികളോട് ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ ലോകസമാധാനത്തെ വെല്ലുവിളിക്കുകയും അവ മാനവികതയെ വികലമാക്കുകയാണ് ചെയ്യുന്നതെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ഫാത്തിമ സന്ദര്‍ശനത്തിന് ശേഷമുള്ള ആദ്യപ്രസംഗമായതിനാല്‍ ഫാത്തിമയിലെ വിശ്വാസികളുടെ തീക്ഷ്ണതയെ പറ്റി സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എവിടെയും കാണുന്നതുപോലെ, ആരാധനക്രമ-അജപാലന ജീവിതത്തിന്‍റെ പ്രയോക്താക്കളെപ്പോലെ രോഗികളുടെ സാന്നിദ്ധ്യം ഫാത്തിമയിലും ഏറെ ശ്രദ്ധേയമായിരുന്നുവെന്നും ഫാത്തിമാനാഥയുടെ ദര്‍ശനക്കപ്പേളയില്‍ എത്തിയ പതിനായിരങ്ങള്‍ക്കൊപ്പം നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചത് സുന്ദരമുഹൂര്‍ത്തമായിരിന്നുവെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും പരിത്യാഗംചെയ്യേണ്ടതും ഇന്ന്‍ വളരെ അത്യാവശ്യമാണ്. കാരണം ലോകത്ത് എവിടെയും യുദ്ധങ്ങള്‍ നടമാടുകയാണ്. അവ മെല്ലെ വ്യാപിക്കുന്നുമുണ്ട്. മാത്രമല്ല, വിവിധസ്ഥലങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ ലോകസമാധാനത്തെ വെല്ലുവിളിക്കുന്നു. അവ മാനവികതയെ വികലമാക്കുകയാണ് ചെയ്യുന്നത്. മറിയത്തിന്‍റെ വിമലഹൃദയം എന്നും നമ്മുടെ അഭയകേന്ദ്രമാണ്, സമാശ്വാസമാണ്, ക്രിസ്തുവിലേയ്ക്കുള്ള മാര്‍ഗ്ഗമാണ്!
യുദ്ധം, ആഭ്യന്തരകലാപം എന്നിവമൂലം ഇന്നു വിവിധ രാജ്യങ്ങളില്‍ ക്ലേശിക്കുന്ന സഹോദരങ്ങളെ, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തുള്ളവരെ സമാധാനരാജ്ഞിയായ ദൈവമാതാവിനു സമര്‍പ്പിക്കാം. പീഡിപ്പിക്കപ്പെടുന്നവരില്‍ ക്രിസ്ത്യാനികളും മുസ്ലിംങ്ങളുമുണ്ട്, യസീദി മുസ്ലീങ്ങളെപ്പോലെ പീഡനങ്ങളും അതിക്രമങ്ങളും അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ പലരുമുണ്ട്. പ്രാര്‍ത്ഥനയോടെ അവരെ ഓര്‍ക്കാം. അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സന്നദ്ധസേവകരെയും പ്രത്യേകമായി അനുസ്മരിക്കാം. ഞായറാഴ്ചത്തെ മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.