News

ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തങ്ങളുടെ പൈതൃക ഭൂമിയില്‍ അവകാശം നേടണം: പാത്രിയാര്‍ക്കീസ് സാകോ

സ്വന്തം ലേഖകന്‍ 18-07-2017 - Tuesday

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ നിന്നും മൊസൂള്‍ നഗരം തിരിച്ചുപിടിച്ച സാഹചര്യത്തില്‍ പലായനം ചെയ്ത ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തങ്ങളുടെ പൈതൃക ഭൂമിയില്‍ അവകാശം നേടണമെന്ന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രിയാര്‍ക്കീസായ റാഫേല്‍ ലൂയീസ് സാകോ. ‘ഇത് തങ്ങളുടെ കൂടി രാജ്യമാണെന്ന ബോധ്യം’ ഇറാഖി ക്രിസ്ത്യാനികള്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 9നായിരുന്നു ഇറാഖി സൈന്യം മൊസൂള്‍ തിരിച്ചുപിടിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സമുദായത്തില്‍ ആശയക്കുഴപ്പവും, വിഭാഗീയതയും ഉണ്ടാക്കുവാന്‍ ശ്രമിക്കാതെ ഒട്ടുംതന്നെ സമയം പാഴാക്കാതെ തിരിച്ചുപോയി തങ്ങള്‍ക്ക് പൈതൃകമായി ലഭിച്ച സ്വത്ത് നേടണമെന്നാണ് പാത്രീയാര്‍ക്കീസിന്റെ ആഹ്വാനം. പാത്രിയാര്‍ക്കേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചിരിക്കുന്നത്. തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാഖി സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ നിന്നും, കുര്‍ദ്ദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്റില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും അദ്ദേഹം കുറിച്ചു.



ഇസ്ലാമിക് സ്റ്റേറ്റ് ഒഴിഞ്ഞു പോയെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇറാഖി ക്രിസ്ത്യാനികള്‍ക്കായി ചെയ്യേണ്ടതുണ്ടെന്ന് പാത്രിയാര്‍ക്കീസ് സാകോ വ്യക്തമാക്കി. നശിപ്പിക്കപ്പെട്ടതെല്ലാം പുനര്‍നിര്‍മ്മിക്കേണ്ടിയിരിക്കുന്നു, മാത്രമല്ല ഇറാഖി ക്രിസ്ത്യാനികള്‍ക്ക് സമാധാനപരവും, സുരക്ഷിതവുമായ ഒരു ജീവിത സാഹചര്യവും ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇതിനായി മൂന്ന് മാര്‍ഗ്ഗങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കമ്മിറ്റിയുണ്ടാക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആദ്യനിര്‍ദ്ദേശം. ചില സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ഇതിനോടകംതന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാമതായി ക്രിസ്ത്യാനികള്‍ ഇറാഖിലെ രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും അദ്ദേഹം പറയുന്നു. ഇറാഖി ക്രിസ്ത്യാനികളുടെ സ്വരം ലോകം കേള്‍ക്കേണ്ടതിനാല്‍ നിനവേയില്‍ ഒരു മാധ്യമ ഓഫീസ് ആരംഭിക്കണമെന്നതാണ് മൂന്നാമതായി അദ്ദേഹം നിര്‍ദ്ദേശിച്ചത്.

2014-ല്‍ ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആധിപത്യം സ്ഥാപിച്ചതിനെത്തുടര്‍ന്ന് നിരവധി ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്വദേശം വിട്ട് പലായനം ചെയ്തിരുന്നു. 2003-ല്‍ ഏതാണ്ട് 1.5 ദശലക്ഷത്തോളം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ 2014-ല്‍ ഐ‌എസ് ആക്രമണം ആരംഭിച്ചതോടെ 4,50,000 ലക്ഷമായി ചുരുങ്ങിയിരുന്നു. ഐ‌എസ് ആധിപത്യം നേടിയതിനുശേഷം മരണത്തില്‍ നിന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും, മുസ്ലീംങ്ങളല്ലാത്തവര്‍ അടക്കേണ്ട ജിസ്യാ നികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി ഏതാണ്ട് 1,00,000-ത്തോളം ക്രിസ്ത്യാനികളാണ് തങ്ങളുടെ ജന്മദേശം വിട്ട് പലായനം ചെയ്തത്.


Related Articles »