Youth Zone

പാലാ രൂപതാംഗമായ മുന്‍ സോഫ്റ്റ്‌വെയർ എൻജിനീയര്‍ ഇനി കര്‍ത്താവിന്റെ പ്രിയ പുരോഹിതന്‍

പ്രവാചകശബ്ദം 18-01-2022 - Tuesday

പാലാ : ഐ‌ഓ‌എസ് ഡെവലപ്പറായുള്ള ജോലി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന പാലാ രൂപതാംഗമായ ഡീക്കന്‍ തിരുപ്പട്ടം സ്വീകരിച്ചു. ജനുവരി 14നു പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച ഫാ. ​ജോൺ പുറക്കാട്ടുപുത്തൻപുര എന്ന മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉന്നതമായ ജോലി ഉപേക്ഷിച്ചുള്ള ഫാ. ​ജോൺ പുറക്കാട്ടിന്റെ പൌരോഹിത്യത്തിലേക്കുള്ള യാത്ര വിവരിച്ചിരിക്കുന്നത് 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമമാണ്. ചീങ്കല്ലേൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹയുടെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്.

കുടുംബത്തിലെ പ്രാർത്ഥനയുടെ അന്തരീക്ഷം പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കാൻ വലിയ പ്രേരണാ ഘടകമായി മാറിയെന്ന് അഭിമുഖത്തിൽ ഫാ. ജോൺ പുറക്കാട്ട് പുത്തൻപുര പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ താൻ ക്രിസ്തുവിന്റെതാണ് എന്ന ബോധ്യം ഉണ്ടായിരുന്നെങ്കിലും കുറച്ച് താമസിച്ചാണ് പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി തെരഞ്ഞെടുക്കാൻ സാധിച്ചതെന്ന് ഈ നവവൈദികൻ പറയുന്നു. ആദ്യമൊക്കെ മാതാപിതാക്കളുടെ അടുത്ത് തന്റെ ആഗ്രഹം പ്രകടിപ്പിക്കാൻ ഫാ. ജോൺ ബുദ്ധിമുട്ടി. മൂത്ത ചേട്ടന്മാർ രണ്ടുപേരും എൻജിനീയർമാർ ആയിരുന്നതുകൊണ്ട് ഇളയ മകനെയും എൻജിനീയർ ആക്കണം എന്ന ആഗ്രഹമായിരുന്നു മാതാപിതാക്കൾക്ക് ഉണ്ടായിരുന്നത്.

വൈദികനാകാനുള്ള ആഗ്രഹം ഉള്ളിൽവെച്ച് മനപ്പൂർവ്വം എൻജിനീയറിങ് എൻട്രൻസ് പരീക്ഷ ഉഴപ്പി എഴുതിയത് അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരിന്നു. സർക്കാർ കോളേജിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിലും, പന്ത്രണ്ടാം ക്ലാസിലെ നല്ല മാർക്കിന്റെയും, എൻട്രൻസ് മാർക്കിന്റെയും അടിസ്ഥാനത്തിൽ എൻജിനീയറിങ്ങിന് തന്നെ അദ്ദേഹത്തിന് ചേരേണ്ടതായി വന്നു. ഭരണങ്ങാനത്ത് ഉള്ള സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ പഠിക്കുമ്പോഴും അൾത്താര ബാലനായി സേവനം തുടര്‍ന്നു. എൻജിനീയറിങ് മൂന്നാംവർഷം പഠിക്കുമ്പോൾ മുരിങ്ങൂരുളള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാൻ സാധിച്ചത് യുവാവിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറുകയായിരിന്നു.

ഒരു തീരുമാനം എടുക്കാൻ സഹായിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചാണ് ധ്യാനത്തിന് പോയതെന്നും, ധ്യാന സമയത്ത് മൂന്നുപേരെ ദൈവം പൗരോഹിത്യ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു എന്ന സന്ദേശം വൈദികൻ നൽകിയത് തീരുമാനം എടുക്കാൻ സഹായിച്ചെന്നും ഫാ. ജോൺ പറയുന്നു. എന്നാൽ പഠനശേഷം ടെക്നോപാർക്കിലെ ഒരു മികച്ച സ്ഥാപനത്തിൽ ക്യാമ്പസ് പ്ലേസ്മെന്റിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. പിന്നീട് പത്ത് മാസങ്ങൾക്ക് ശേഷമാണ് ജോലിയുപേക്ഷിച്ച് ജോൺ സെമിനാരിയിൽ ചേരുന്നത്.

മികച്ച ശമ്പളം അടക്കമുള്ളവ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് സഹപ്രവർത്തകർ അടക്കമുള്ളവർ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവയ്ക്കൊന്നും തന്റെ ഉറച്ച തീരുമാനം തല്ലിക്കെടുത്താൻ സാധിച്ചില്ലെന്ന് ഈ നവവൈദികൻ പറയുന്നു. വലിയ പ്രതീക്ഷകളാണ് ജോണിന് ഭാവി ജീവിതത്തെപ്പറ്റിയുള്ളത്. ക്രിസ്തുവിലേക്ക് അനേകായിരം പേരെ നയിക്കുക എന്നതു തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആളുകൾ ദൈവത്തെപ്പറ്റി അന്വേഷിക്കുന്ന കാലം വരെ കത്തോലിക്ക പൗരോഹിത്യത്തിന് പ്രസക്തി ഉണ്ടാകുമെന്ന് ഈ നവവൈദികൻ ഉറച്ചുവിശ്വസിക്കുന്നു. ഈ വർഷം 12 പേരാണ് പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »