News - 2025

ക്രിസ്ത്യാനികൾ നോമ്പ് ആചരണത്തിൽ അന്യ മതങ്ങളെ അനുകരിക്കാൻ പാടില്ല: ബിഷപ്പ് ജോസഫ് അർഷാദ്

സ്വന്തം ലേഖകന്‍ 23-03-2016 - Wednesday

ഉപവാസം എന്നത്, ഇന്ന് പല മതങ്ങളും പിന്തുടരുന്ന ഒരു പ്രായശ്ചിത്ത പ്രവർത്തിയാണ്. എന്നാൽ ഒരു ക്രിസ്ത്യാനിയുടെ ഉപവാസത്തിന് മറ്റ് മതങ്ങളുടെ ഉപവാസവുമായി വ്യത്യാസമുണ്ട് എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല. മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി ഉപവസിക്കുമ്പോൾ അവന്റെ ഉപവാസം ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർത്തു വക്കുകയാണ് ചെയ്യുന്നത്. അത് പരിശുദ്ധാത്മാവിൽ നിന്നും പ്രചോദനം സ്വീകരിച്ച് ക്രിസ്തുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ട്‌ ചെയ്യേണ്ട ഒരു പ്രവർത്തിയാണ്.

അതിനാൽ ക്രൈസ്തവർ നോമ്പ് കാലത്ത് അന്യ മതങ്ങളെ അനുകരിച്ചു കൊണ്ട് അവരുടെ നോമ്പ് ആചാരങ്ങൾ പിന്തുടരുവാൻ പാടില്ല എന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദ് രൂപതയുടെ മെത്രാൻ ജോസഫ് അർഷാദ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ, തങ്ങളുടെ നോമ്പുകാലം ആഘോഷമായ മുസ്ലിം നോമ്പു പോലെ കൊണ്ടാടാടുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

മുസ്ലീങ്ങളുടെ റമദാൻ ഇഫ്ത്താർ ആഘോഷങ്ങൾക്ക് സമാനമായി പാക്കിസ്ഥാനിലെ ചില ക്രൈസ്തവർ നോമ്പുകാലം ആഘോഷവേളയാക്കി മാറ്റി കൊണ്ടിരിക്കുന്നു. "വിശ്വാസികൾ അവരുടെ ചുറ്റിലുമുള്ള മുസ്ലീം ഭൂരിപക്ഷത്തിൽ നിന്ന് മാതൃകകൾ സ്വീകരിക്കുകയാണ്. ക്രൈസ്തവ നോമ്പിന് വേണ്ടത് എളിമയും ലാളിത്യവുമാണ്." അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങൾ റമ്ദാൻ വിരുന്ന് ഒരുക്കുന്നതു പോലെ, വീടിന്റെ ടെറസിൽ ആഡംബരത്തോടെയുള്ള സദ്യയൊരുക്കി, ലാഹോറിലെ സെന്റ് പോൾ ഇടവകയിലെ ചില വിശ്വാസികൾ നോമ്പ് ആചരിച്ചു പോരുന്നു. കഴിഞ്ഞ 16 വർഷങ്ങളായി ഈ ഇടവകയിൽ തുടരുന്ന പതാവാണിത്. ക്രിസ്തീയ നോമ്പ് ഇപ്രകാരമല്ല ആചരിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

നോമ്പിനെ പറ്റിയുള്ള ക്രിസ്തീയ കാഴ്ചപ്പാടുകൾ ത്യാഗത്തിൽ ഉറപ്പിച്ചതാണെന്നും അത് ഒരു വിധത്തിലും മുസ്ലീങ്ങളുടെ ആഘോഷമായ റമ്ദാൻ നോമ്പുതുറക്കലുമായി താരതമ്യം ചെയ്യാനാവില്ലെന്നും ഇവിടെ നടത്തപ്പെടുന്ന സെമിനാറുകളിൽ സഭാനേതൃത്വം വിശദീകരിക്കാറുണ്ട്.

ക്രിസ്തീയ കുടുംബങ്ങളിൽ ഇഫ്റ്റാർ വിരുന്നിനു വേണ്ടിയുള്ള ധൂർത്ത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് ബിഷപ്പ് അർഷാദ് പറഞ്ഞു. "യഥാർത്ഥത്തിൽ ആ പണം പാവപ്പെട്ടവർക്കു വേണ്ടി ചിലവഴിക്കുകയാണ് വേണ്ടത്. ക്രിസ്ത്യൻ നോമ്പിന്റെ ആത്മീയ പിൻബലം ധൂർത്തല്ല, എളിമയും ലാളിത്യവുമാണ്." അദ്ദേഹം പറഞ്ഞു.