News

റോമൻ കൂരിയയോടൊപ്പം ലെയോ പാപ്പയുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു

പ്രവാചകശബ്ദം 23-02-2026 - Monday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ റോമൻ കൂരിയ പ്രതിനിധികളോടൊപ്പം ലെയോ പതിനാലാമൻ മാർപാപ്പ നോമ്പുകാല ധ്യാനം ആരംഭിച്ചു. പാപ്പയുടെ അഭ്യർത്ഥനപ്രകാരം നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡനാണ് ധ്യാനം നയിക്കുന്നത്. ഇന്നലെ ഫെബ്രുവരി 22നു അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ ആരംഭിച്ച ധ്യാനം 27 വരെ നീളും. റോമിൽ താമസിക്കുന്ന കർദ്ദിനാളുമാരും കൂരിയായുടെ വിവിധ ഡിക്കാസ്റ്ററികളിലെ അധ്യക്ഷന്മാരും പാപ്പയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന സഹകാരികളും ധ്യാനത്തിൽ പങ്കെടുക്കുന്നുണ്ട്.

ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ പതിവ് ജോലി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സഭയുടെ പ്രധാന ഉത്തരവാദിത്വമുള്ളവരിൽ വിവേചനാധികാരം, ആന്തരിക നവീകരണം എന്നിവയ്ക്കായി ചിന്തകള്‍ പങ്കുവെയ്ക്കുകയും ആത്മീയമായി നയിക്കുകയും ചെയ്യുകയെന്ന നിര്‍ണ്ണായക ഉത്തരവാദിത്വമാണ് ബിഷപ്പ് എറിക് വാർഡനുള്ളത്. ധ്യാന ചിന്തകളോടൊപ്പം ദിവസേന ദിവ്യകാരുണ്യ ആരാധനയും രണ്ടുതവണ പ്രാർത്ഥനയും ക്രമീകരിച്ചിട്ടുണ്ട്.

ധ്യാന പ്രസംഗകർക്കിടയിൽ അസാധാരണ സ്വാധീനമുള്ള വ്യക്തിയാണ് ധ്യാനം നയിക്കുന്ന ബിഷപ്പ് എറിക്. 1974-ൽ ജനിച്ച വാർഡന്‍ പില്‍ക്കാലത്ത് നിരീശ്വരവാദിയായിരിന്നു. നിരീശ്വരവാദത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ വ്യക്തിപരമായ യാത്രയെക്കുറിച്ച് അദ്ദേഹം പലതവണ വിവരിച്ചിട്ടുണ്ട്. ആഴമേറിയ ക്രിസ്താനുഭവത്തിന് ശേഷം അധ്യെഹം സിസ്റ്റേഴ്‌സിയൻ സന്യാസ സമൂഹത്തില്‍ ചേരുകയായിരിന്നു. വൈദികനായും പിന്നീട് ട്രോണ്ട്ഹൈമിലെ ബിഷപ്പായും അദ്ദേഹം ഉയര്‍ത്തപ്പെട്ടു. ആത്മീയതയെക്കുറിച്ചുള്ള ഒരു എഴുത്തുകാരൻ എന്ന നിലയിലും ബിഷപ്പ് എറിക് വാർഡന്‍ ശ്രദ്ധേയനാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »