India - 2024

ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ ആരംഭം

സ്വന്തം ലേഖകന്‍ 11-04-2019 - Thursday

ബോണക്കാട്: കിഴക്കിന്‍റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശമലയുടെ 62- ാമത് തീര്‍ത്ഥാടനത്തിന് തുടക്കമായി. ബോണക്കാട് എസ്റ്റേറ്റിന് സമീപത്തു നിന്ന് ആരംഭിച്ച ജപമാല പദയാത്രയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ അണിനിരന്നു. രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് മരുതാമല സെന്‍റ് ജോസഫ് ദേവാലയം നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന വിശുദ്ധ കുരിശിന്‍റെ ധ്യാനത്തിന് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെട്രല്‍ കൗണ്‍സിലാണ് നേതൃത്വം വഹിച്ചത്. ഉച്ചക്ക് ഒരു മണിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് 62 ാമത് കുരിശുമല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊടിയേറ്റി. തുടര്‍ന്ന് നടന്ന സമൂഹ ദിവ്യബലിക്കും മോണ്‍.ജി. ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ കുരിശുമല തീര്‍ത്ഥാടന ചെയര്‍മാന്‍ ഫാ.റൂഫസ് പയസലിന്‍ വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കണിച്ചകുന്ന്, കെ.ആര്‍.എല്‍.സി.സി അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ.ജോസഫ് രാജേഷ്, തെക്കന്‍ കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.അനീഷ്, ഫാ ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.


Related Articles »