Monday Mirror - 2025
ക്രൂശിതരൂപങ്ങളില്‍ കാണുന്ന INRI എന്ന വാക്കിന്റെ അര്‍ത്ഥം
സ്വന്തം ലേഖകന്‍ 14-04-2019 - Sunday
നമ്മുടെ പാപ പരിഹാരത്തിനായി അവസാന തുള്ളി രക്തവും ചിന്തി ജീവന്‍ ബലികഴിച്ച യേശുവിന്റെ ബലിവേദിയായിരിന്നു കുരിശ്. പരിഹാസത്തിന്റെ അടയാളമായ കുരിശിനെ ഇന്ന്‍ രക്ഷയുടെ അടയാളമായി ലോകം നോക്കികാണുമ്പോള്‍ അതിന്റെ ഉള്ളറകളിലേക്ക് നാം അല്പ്പം ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ ക്രൂശിത രൂപത്തിന് മുകളിലും പതിപ്പിച്ചിരിക്കുന്ന INRI എന്ന നാലക്ഷരം, അത് എന്താണെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? വിശുദ്ധ മത്തായി, മര്‍ക്കോസ്, ലൂക്ക എന്നിവരുടെ ആദ്യ മൂന്നു സുവിശേഷങ്ങളില്‍ യേശുവിനെ കുരിശില്‍ തറച്ച ശേഷം കുരിശില്‍ പതിപ്പിച്ചിരുന്ന മേലെഴുത്തിനെ യേശുവിന്റെ വിചാരണയും വിധിതീര്‍പ്പും വിളിച്ചറിയിക്കുന്ന അടയാളമായി സൂചിപ്പിച്ചിട്ടുണ്ട്.
“യഹൂദന്‍മാരുടെ രാജാവായ യേശു” (മത്തായി 27:37) എന്ന പരിഹാസമായിരുന്നു ഇത്. യേശുവിന്റെ കുരിശിലെ മേലെഴുത്ത് നിര്‍ദ്ദേശിച്ചതും, മൂന്ന്‍ ഭാഷകളില്‍ അത് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടത് പീലാത്തോസായിരുന്നു. എല്ലാവര്‍ക്കും വായിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു 3 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ യേശുവിന്റെ കുരിശിലെ മേലെഴുത്തിനെച്ചൊല്ലി യഹൂദ പ്രമാണികള്‍ സ്വരമുയര്‍ത്തിയെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നുണ്ട്. യേശുവിനെ കുരിശില്‍ തറച്ച സ്ഥലം നഗരത്തിനു സമീപമാകയാല്‍ അനേകം യഹൂദന്‍മാര്‍ ഈ മേലെഴുത്ത് വായിച്ചു.
അത് ഹെബ്രായ, ലാറ്റിന്‍, ഗ്രീക്ക് എന്നീ ഭാഷകളിലായിരുന്നു എഴുതിയിരുന്നത്. പീലാത്തോസ് എഴുതിയ ഈ മേലെഴുത്തിന്റെ ചുരുക്കരൂപമാണ് ഇന്ന്‍ നാം ക്രൂശിത രൂപങ്ങളില്‍ കാണുന്ന INRI. "Iesus Nazarenus, Rex Iudaeorum" അഥവാ 'യഹൂദന്‍മാരുടെ രാജാവായ നസ്രായനായ യേശു' എന്ന ലാറ്റിന്‍ പരിഭാഷയുടെ ചുരുക്കെഴുത്താണ് INRI. കത്തോലിക്ക സഭ സ്ഥിതി ചെയ്തിരുന്നതു റോമന്‍ സാമ്രാജ്യത്തിലായിരുന്നു കാരണത്താല്‍ റോമന്‍ സഭയുടെ ഔദ്യോഗിക ഭാഷ ലാറ്റിനായിരുന്നു. അതിനാലായിരിന്നു ലാറ്റിന്‍ പദം ഉപയോഗിച്ചത്. ചില അവസരങ്ങളില്‍ INRI യുടെ ആദ്യ അക്ഷരം ‘J´എന്നെഴുതിയും കാണാറുണ്ട്.
യേശുവിന്റെ കുരിശിനുമുകളിലുള്ള ഈ മേലെഴുത്തിനെ "INRI" യെ (മലയാളത്തില്‍ "ഇന്രി") പെസഹാ അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് വിളിക്കുന്ന പതിവുണ്ടായിരിന്നു. ഇതില്‍ നിന്നുമാണ് കാലക്രമേണ ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നുമുള്ള പേരുകള്‍ ഉണ്ടായതെന്നൊരു വിശ്വാസം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.
ചുരുക്കത്തില്‍ യേശുവിനെതിരെയുള്ള പീലാത്തോസിന്റെ കുറ്റപത്രത്തെയാണ് INRI ഓര്‍മ്മിപ്പിക്കുന്നത്. യേശുവിനെ പരിഹസിക്കുവാനായിരുന്നാല്‍ പോലും യേശുവിന്റെ കുരിശില്‍ പതിപ്പിച്ചിരുന്ന മേലെഴുത്ത് സത്യമാണ്. പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നമ്മെ രക്ഷിച്ച യേശു തന്നെയാണ് നമ്മുടെ യഥാര്‍ത്ഥ രാജാവ്, കുരിശാണ് അവന്റെ സിംഹാസനം, സ്നേഹവും കരുണയുമാകുന്ന നിയമങ്ങള്‍ വഴിയാണ് അവന്‍ നമ്മളെ ഭരിക്കുന്നത്. ഈ ലോകത്തെ ഭരിക്കുന്നവന്‍ അവന്‍ മാത്രമേയുള്ളൂ, ഏകരക്ഷകനായ അവിടുന്ന് മാത്രം.
