News
ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടാനായി അസീസ്സിയിൽ വിശുദ്ധ ബലിയർപ്പണം
പ്രവാചകശബ്ദം 13-03-2026 - Friday
അസീസ്സി: ദീർഘനാളുകളായി യുക്രൈനിലും മറ്റ് ദേശങ്ങളിലും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുമായി അസീസ്സിയിലേ ഫ്രാന്‍സിസ്കന്‍ ബസിലിക്കയില്‍ വിശുദ്ധ ബലിയർപ്പണം നടന്നു. മാർച്ച് 11 ബുധനാഴ്ച വൈകുന്നേരം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധബലിക്ക് ഇറ്റാലിയന്‍ മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പി മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മാധ്യസ്ഥം യാചിച്ച് സമാധാനത്തിനായി പ്രാര്‍ത്ഥനകളും ഇതോടൊപ്പം നടന്നു.
പരിശുദ്ധ സിംഹാസനത്തിലേക്കുള്ള യുക്രൈൻ അംബാസഡർ അന്‍റ്റി യൂറാഷ് ഉൾപ്പെടെയുള്ളവർ വിശുദ്ധ ബലിയർപ്പണത്തിൽ സംബന്ധിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ ആദ്ധ്യാത്മിക സഹായത്തോടെ ദൈവവുമായി നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് സംസാരിക്കാനാകുക എന്നത് വിലമതിക്കാനാകാത്ത ഒരു കൃപയാണെന്നും, മാനവികതയ്ക്കുമുള്ള ഐക്യത്തിന്റെയും ദൈവികമായ സ്നേഹത്തിന്റെയും സാക്ഷ്യമാണ് അസീസ്സി നൽകുന്നതെന്നും യുക്രൈൻ അംബാസഡർ അന്‍റ്റി യൂറാഷ് പ്രസ്താവിച്ചു.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വർഷവുമായി ബന്ധപ്പെട്ട്, അസ്സീസിയിൽ തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നു കൊടുത്തിരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബലിയര്‍പ്പണവും പ്രാര്‍ത്ഥനയും നടന്നത്.
യുക്രൈനിൽ മാത്രമല്ല, സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന എല്ലായിടങ്ങളിലും സമാധാനം സ്ഥാപിക്കപ്പെടുന്നതിന് വിശുദ്ധ ഫ്രാൻസിസിന്റെ മാധ്യസ്ഥ സഹായം അഭ്യർത്ഥിച്ചാണ്, ഇത്തരമൊരു വിശുദ്ധ ബലിയർപ്പണം നടന്നതെന്നും ആശ്രമത്തിന്റെ കസ്റ്റോഡിയനും ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ വൈദികനുമായ ഫാ. മാർക്കോ മൊറോണി പറഞ്ഞു. യുക്രൈനിൽനിന്നുള്ള വൈദികരുൾപ്പെടെ എഴുപത് തീർത്ഥാടകരും വിശുദ്ധ ബലിയിൽ സംബന്ധിച്ചു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















