Editor's Pick

ദുഃഖവെള്ളിയാഴ്ച എങ്ങനെ "നല്ല വെള്ളിയാഴ്ച" (GOOD FRIDAY) ആയി രൂപാന്തരപ്പെട്ടു? ഒരു വിചിന്തനം

ജോസ് കുര്യാക്കോസ് 29-03-2023 - Wednesday

നമ്മില്‍ പലരും ആഴത്തില്‍ ചിന്തിക്കാത്ത ലോകചരിത്രത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന 4 ദിവസങ്ങളുണ്ട്. ലോകത്തിന് എന്തു മാറ്റങ്ങള്‍ ഉണ്ടായാലും, ഒരിക്കലും മാറ്റമുണ്ടാവാത്ത 4 ദിനങ്ങള്‍. നമ്മുടെ ദുഃഖ വെള്ളിയാഴ്ച ചിന്ത അതില്‍ നിന്ന് നമ്മുക്ക് ആരംഭിക്കാം.

1. മറിയം എന്ന ഗ്രാമീണ കന്യകയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ "ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല" എന്ന ദൂത് പറഞ്ഞപ്പോള്‍ "ഇതാ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നില്‍ നിറവേറട്ടെ" (ലൂക്കാ: 1:38) എന്നു മറുപടി നല്കി കൊണ്ട് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിനായി തന്നെത്തന്നെ സമര്‍പ്പിച്ച 'പരിശുദ്ധ അമ്മയുടെ സമര്‍പ്പണ ദിനം'.

2. സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്തയായി പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന, രക്ഷകനായ ക്രിസ്തു ജനിച്ചു വീണ ദിനം. തന്നെത്തന്നെ ശൂന്യനാക്കികൊണ്ട്, ദൈവമായുള്ള സമാനത വെടിഞ്ഞ്, ദാസന്‍റെ രൂപം സ്വീകരിച്ച് ആകൃതിയില്‍ മനുഷ്യന്‍റെ സാദൃശ്യത്തില്‍ പിറന്നു വീണ ദിനം. (ഫിലിപ്പി. 2:6-8) വചനം മാംസമായി നമ്മുടെ ഇടയില്‍ അവതരിച്ച ദിനം (യോഹ. 1:14).

3. നമ്മുടേയും ലോകം മുഴുവന്‍റേയും പാപങ്ങള്‍ക്ക് പരിഹാര ബലിയായി ദൈവത്തിന്‍റെ നിശ്ചിത പദ്ധതിയും (അപ്പ. 2:23) പൂര്‍വജ്ഞാനവുമനുസരിച്ച് യേശുക്രിസ്തു കുരിശില്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ച് (യോഹ. 19:30) സാത്താന്‍റെ പ്രവൃത്തികളെ നശിപ്പിച്ച ദിവസം.

4. പാപത്തിന്‍റെ മേലും മരണത്തിന്‍റെ മേലും വിജയം ആഘോഷിച്ചു കൊണ്ട് യേശുക്രിസ്തു ഉത്ഥാനം ചെയ്ത ദിവസം (1 കൊറി.15:57).

യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ മരണ ദിനം ദുഃഖത്തിന്‍റെ ദിവസമല്ല. തര്‍ജ്ജമയിലെ തെറ്റു കൊണ്ടോ ശുശ്രൂഷകളിലെ സംഗീത രീതികള്‍ കൊണ്ടോ ഈ ദിവസം നമുക്ക് ദുഃഖവെള്ളിയാഴ്ച ആയി മാറി. എന്നാല്‍ ഈ ദിനം നല്ല വെള്ളിയാഴ്ച ആണെന്നും അനുദിന ജീവിതത്തില്‍ പാപത്തിന്‍റെ മേലും പ്രലോഭനങ്ങളുടെ മേലും വിജയം ആഘോഷിക്കുവാന്‍ നമുക്ക് കരുത്തു നല്‍കുന്ന രക്ഷാകര ദിനം ആണെന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ ക്രിസ്തീയ ജീവിതം അതിന്‍റെ സൗന്ദര്യത്തിലേക്ക് ഉയര്‍ത്തപ്പെടും. അതായത് കുരിശിലെ വിജയത്തിന്‍റെ പൊന്‍സുദിനമെന്ന്‍ ഈ ദിനത്തെ വിശേഷിപ്പിക്കാം.

പേപ്പട്ടിയുടെ വിഷത്തിന് മരുന്നു കണ്ടുപിടിക്കാന്‍ നിരവധി യാതനകളിലൂടെ കടന്നു പോയി. മരുന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനെപ്പോലെ, അമേരിക്ക കണ്ടുപിടിച്ച കൊളംബസ് താണ്ടിയ സംഘര്‍ഷങ്ങളേക്കാള്‍, കാലുകുത്തിയ ദിനത്തിന് ഏറെ പ്രാധാന്യം എന്നു പറയുന്നതു പോലെ, തീ പിടുത്തത്തില്‍ മാരകമായ ക്ഷതം പറ്റിയ കുഞ്ഞിനെ രക്ഷിച്ച അമ്മയുടെ സഹനത്തിനപ്പുറം ജീവിതം ആഘോഷിക്കുന്ന കുട്ടിയില്‍ ആനന്ദിക്കുന്നതു പോലെ, മാനവവംശത്തിന്‍റെ പാപമെന്ന മാരക വിഷത്തിന് ഒരേയൊരു അമൂല്യ ഔഷധമായി യേശുക്രിസ്തുവിന്‍റെ രക്തവും രക്ഷാകര ബലിയും ഉയര്‍ത്തപ്പെട്ടതിന്‍റെ സാഘോഷമാണ് ഓരോ "Good Friday"യും.

"മരണത്തിന്‍റെ മേല്‍ അധികാരമുള്ള പിശാചിനെ തന്‍റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടി" (ഹെബ്രാ. 2:15) സ്വര്‍ഗം വിട്ടിറങ്ങിയ ദൈവത്തിന്‍റെ വിജയ മുഹൂര്‍ത്തങ്ങളാണ് നാം അയവിറക്കേണ്ടത്.

സ്വര്‍ഗീയ പിതാവിന്‍റെ "മാസ്റ്റര്‍ പ്ലാന്‍" പൂവണിഞ്ഞ ദിനം

സ്വന്തം ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുത്ത മനുഷ്യനെ വീണ്ടെടുക്കുവാന്‍ സ്വര്‍ഗീയ പിതാവിന്‍റെ ഹൃദയത്തില്‍ ഉടലെടുത്ത പദ്ധതിയുടെ നിറവേറലാണ് ഓരോ "Good Friday" യും. "ദൈവത്തിന്‍റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവും അനുസരിച്ച് യേശുക്രിസ്തു നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടു. അധര്‍മ്മികളുടെ കൈകളാല്‍ നിങ്ങള്‍ അവനെ കുരിശില്‍ തറച്ചു കൊന്നു" (അപ്പാ. 2:23).

അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്‍റെ ഏക ജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹ. 3:16)പരമപിതാവിന്‍റെ അനന്ത സ്നേഹത്തിനു മുന്‍പില്‍ ആനന്ദത്തിന്‍റെ കണ്ണീര്‍ പൊഴിക്കേണ്ട അത്ഭുത സുദിനമാണ് ഓരോ "Good Friday" യുമെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. "സ്വപുത്രനെപ്പോലും ഒഴിവാക്കാതെ നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്‍പ്പിച്ചു തന്നവന്‍ അവനോടു കൂടെ സമസ്തവും ദാനമായി നല്‍കാതിരിക്കുമോ" (റോമ. 3:32).

തിരുവെഴുത്തുകള്‍ നിറവേറിയ ദിവസം

യേശുക്രിസ്തുവിന്‍റെ അനന്യതയുടെ ആഴമെന്നത്, ഉല്‍പത്തി മുതല്‍ മലാക്കി വരെ രക്ഷകനെക്കുറിച്ച് എഴുതപ്പെട്ടതെല്ലാം യേശുവിന്‍റെ ജീവിതത്തില്‍ നിറവേറി എന്നുള്ളതാണ്. നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും. നീ അവന്‍റെ കുതികാലില്‍ പരിക്കേല്‍പ്പിക്കും" (ഉല്‍പ്പ. 3:15). വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ പ്രവചനം മുതല്‍ സകല‍ പ്രവചനങ്ങളും യേശുവില്‍ നിറവേറി.

"എനിക്ക് മരിക്കാന്‍ സമയമായില്ല എന്നും, ഇതാ ഞാന്‍ മരിക്കാന്‍ പോകുന്നുവെന്നും, മരണശേഷം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കും." എന്ന്‍ പ്രഖ്യാപിക്കുകയും അതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിയ ഏകരക്ഷകന്‍റെ അനുയായികളാകാന്‍ വിളിക്കപ്പെട്ട നമ്മുടെ അധരങ്ങളില്‍ നിരന്തര സ്തുതിയുടെ ഗീതങ്ങള്‍ ഉയര്‍ന്നു വരട്ടെ. "അവന്‍റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല" (സങ്കീ. 34:20, യോഹ. 19:36). "ഞാന്‍ വിശ്വസിച്ചവനും എന്‍റെ ഭക്ഷണത്തില്‍ പങ്കു ചേര്‍ന്നവനും എന്‍റെ പ്രാണ സ്നേഹിതന്‍ പോലും എനിക്കെതിരെ കുതികാല്‍‍ ഉയര്‍ത്തി" (സങ്കീ. 41-9; മത്താ. 26:49). "ഭക്ഷണമായി അവര്‍ എനിക്ക് വിഷം തന്നു. ദാഹത്തിന് അവര്‍ എനിക്ക് വിനാഗിരി തന്നു" (സങ്കീ. 69:21, മത്താ. 27:48); "ധനികരുടെ ഇടയില്‍ അവന്‍ സംസ്ക്കരിക്കപ്പെട്ടു." (ഏശ. 53:9; മത്താ.27:57,60). ഈ പ്രവചനങ്ങളുടെയെല്ലാം പൂര്‍ത്തീകരണം വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ നമ്മുക്ക് കാണാന്‍ സാധിക്കും.

"അന്ന്‍ മധ്യാഹ്നത്തില്‍ സൂര്യന്‍ അസ്തമിക്കും. നട്ടുച്ചയ്ക്ക് ഞാന്‍ ഭൂമിയെ അന്ധകാരത്തില്‍ ആഴ്ത്തും." (ആമോസ് 8:9) ഈ പ്രവചനം അതേപടി നിറവേറുന്നത് (മത്താ.27:45-50) ല്‍ നാം വായിക്കുന്നു. "ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.

സകല‍ തിരുവെഴുത്തുകളും പൂര്‍ത്തിയാക്കിക്കൊണ്ട് യേശുവിന്‍റെ അമൂല്യ രക്തം സകല‍ പാപികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു വേണ്ടി ചിന്തപ്പെട്ട നിഷ്ക്കളങ്ക രക്തത്തിന്‍റെയും (മത്താ. 27:4). നീതിയുള്ള രക്തത്തിന്‍റെയും (മത്താ. 27: 24) പുതിയ ഉടമ്പടിയുടെ രക്തത്തിന്‍റെയും (ലൂക്കാ.22:20) അനന്ത യോഗ്യതയാല്‍ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ നമുക്ക് മനോധൈര്യമുണ്ട്. (ഹെബ്രാ.10:19). ഈ മാനോധൈര്യത്തിന്‍റെ ഉത്സവമാണ് ഓരോ "Good Friday"യും.

മനുഷ്യ മക്കള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് കടന്നു പോകുവാനുള്ള പാലം നിര്‍മ്മിക്കപ്പെട്ട ഇന്നേ ദിവസം തന്‍റെ ശരീരമാകുന്ന വരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു (ഹെബ്രാ. 10:20). സര്‍വശക്തന്‍ സഹനദാസനായി തീര്‍ന്നു കൊണ്ട്, സകല വേദനകള്‍ക്കും, ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന തീരാദുഃഖങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കുരിശില്‍ ഉത്തരമായി മാറുന്നു. ഓരോ "ദുഃഖവെള്ളിയും" ഉത്ഥാനത്തിന്‍റെ ഞായറാഴ്ച നമുക്ക് ഉറപ്പ് നല്‍കുന്നു. ഈ പ്രത്യാശയുടെ ആഘോഷമാണ് ഓരോ "Good Friday" യുടെ ആചരണവും.

"Good Friday"യുടെ മഹത്തായ പ്രഖ്യാപനങ്ങള്‍

1. "നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു" (ഏശയ്യ 53:5).

2. "ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതെല്ലാം കടന്നു പോയി. പുതിയത് വന്നു കഴിഞ്ഞു" (2 കൊറി. 5:17).

3. "യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എനിക്ക് ശിക്ഷാവിധിയില്ല" (റോമ. 8:1).

4. "പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍ നിന്ന്‍ ഞാന്‍ മോചനം നേടിയിരിക്കുന്നു"(റോമ 8:2).

5. "അന്ധകാരത്തിന്‍റെ സകല ആധിപത്യങ്ങളില്‍ നിന്നും യേശുവിലൂടെ ഞാന്‍ മോചനവും രക്ഷയും നേടിയിരിക്കുന്നു" (കൊളോ. 11:13).

6. "പാമ്പുകളുടേയും തേളുകളുടേയും മേല്‍ ചവിട്ടി നടക്കാന്‍ എനിക്ക് അധികാരം ലഭിച്ചിരിക്കുന്നു" (ലൂക്കാ. 10:19).

7. "യേശുവിന്‍റെ രക്തത്തിന്‍റെ വിലയാണ് എന്‍റെ വില" (1 കൊറി 6:20).

8. "യേശുക്രിസ്തുവില്‍ സകല ശാപത്തില്‍ നിന്നും എനിക്ക് മോചനം ലഭിച്ചിരിക്കുന്നു" (ഗലാ 3:13).

9. "യേശുക്രിസ്തുവില്‍ എനിക്ക് സ്വര്‍ഗീയപാത തുറക്കപ്പെട്ടിരിക്കുന്നു" (ഹെബ്രാ. 10:20).

10. "യേശുവിന്‍റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്ന എനിക്ക് നിത്യജീവനുണ്ട്. അവസാന ദിവസം എന്നെ എന്‍റെ കര്‍ത്താവ് ഉയിര്‍പ്പിക്കും" (യോഹ. 6:54).

ഈ നിത്യ സത്യങ്ങള്‍ നിരന്തരം ഏറ്റു പറഞ്ഞ് പ്രത്യാശയുടെയും ആനന്ദത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഉന്നത ജീവിതത്തിലേക്ക് ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. സാത്താന്‍ ഭയപ്പെടുന്ന, സാത്താന്‍റെ പ്രവൃത്തികളെ നശിപ്പിക്കുന്ന വ്യക്തികളും കുടുംബങ്ങളും ധാരാളമായി ഉണ്ടാകുവാന്‍ ഓരോ "Good Friday/ ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകളും നമ്മെ സഹായിക്കട്ടെ. വി. കുരിശിന്‍റെ അടയാളങ്ങള്‍ അധരങ്ങളിലും ശരീരങ്ങളിലും ഹൃദയങ്ങളിലും നമുക്ക് സ്വീകരിക്കാം.

Originally Published On 14/04/2017


Related Articles »