India

സഭാവിരുദ്ധ ശക്തികള്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി നസ്രാണി യുവശക്തി മഹാറാലി

03-06-2019 - Monday

എരുമേലി: സഭാവിരുദ്ധ ബാഹ്യശക്തികള്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി നടന്ന നസ്രാണി യുവശക്തി മഹാറാലി. കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ സഭാവിരുദ്ധ ബാഹ്യശക്തികള്‍ക്കെതിരേയും നവോഥാന ഭാരതത്തിന് ക്രൈസ്തവര്‍ നല്‍കിയ സംഭാവനകളെക്കുറിച്ചും സന്ദേശങ്ങള്‍ നല്‍കി നടത്തപ്പെട്ട നസ്രാണി യുവശക്തി അഗ്‌നി പ്രയാണങ്ങളുടെ എരുമേലി മേഖലയിലെ സമാപനമായിട്ടാണ് മഹാറാലി നടന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചു നല്കിയ ശ്ലീവായും രാമപുരം പാറേമാക്കല്‍ തോമാ കത്തനാരുടെ കബറിടത്തില്‍നിന്നു തെളിച്ച ദീപശിഖയുമായി ആരംഭിച്ച അഗ്‌നിപ്രയാണ വിളംബര ജാഥയ്ക്കും കട്ടപ്പന, കാഞ്ഞിരപ്പള്ളി റീജണുകളിലെ മഹാറാലിക്കും സംഗമത്തിനും ശേഷമാണ് എരുമേലിയില്‍ മഹാറാലിയും സംഗമവും നടന്നത്. എരുമേലി ചെന്പകത്തുങ്കല്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ആരംഭിച്ച റാലി കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്എംവൈഎം രൂപത പ്രസിഡന്റ് ജോമോന്‍ പൊടിപാറ ക്യാപ്റ്റനായ റാലിയില്‍ രൂപത, ഫൊറോന ഭരണസമിതി അംഗങ്ങള്‍ മുന്‍നിരയില്‍ അണിചേര്‍ന്നു.

ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ടൗണിലൂടെ നടന്ന റാലിയില്‍ എരുമേലി, റാന്നി, പത്തനംതിട്ട എന്നീ ഫൊറോനകളിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനങ്ങള്‍ അണിചേര്‍ന്നു. പൂര്‍വികരുടെ ചരിത്രവും പശ്ചാത്തലവും മനസിലാക്കി നമ്മുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

സഭയെന്ന അമ്മയെ കുടുംബമായി അമ്മയായി കണ്ടുകൊണ്ട് അഭിമാനത്തോടുകൂടി മുന്നേറാനുള്ള ഒരു തുടക്കമാണ് നസ്രാണി യുവശക്തിയെന്ന് അനുഗ്രഹഭാഷണം നടത്തിയ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

എസ്എംവൈഎം പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷതവഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, രൂപത ഡപ്യൂട്ടി പ്രസിഡന്റ് ജിജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ സ്വാഗതവും ജിജി വെള്ളാപ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീസസ് യൂത്ത് ട്രിവാന്‍ഡ്രം മ്യൂസിക് മിനിസ്ട്രിയുടെ സംഗീതവിരുന്നും നടന്നു. ഇന്ത്യന്‍ സൈനികര്‍ക്കിടിയില്‍ സേവനമനുഷ്ഠിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കാ വൈദികന്‍ ഫാ. ജിസ് കിഴക്കേല്‍, ഈ വര്‍ഷം വ്രതവാഗ്ദാനം നടത്തിയ നവസന്യാസിനികള്‍, രൂപത എസ്എംവൈഎം റിസോഴ്‌സ് ടീം എന്നിവരെ സംഗമത്തില്‍ ആദരിച്ചു.


Related Articles »