Arts
ബൈബിൾ യാഥാര്‍ത്ഥ്യങ്ങള്‍ വീണ്ടും സ്ഥിരീകരിക്കുന്നു: ദാവീദ് രാജാവിന്റെ നഗരം കണ്ടെത്തി
സ്വന്തം ലേഖകന്‍ 09-07-2019 - Tuesday
ജെറുസലേം: സാവൂൾ രാജാവിൽ നിന്ന് രക്ഷനേടി നേടി ദാവീദ് അഭയാർത്ഥിയായി കഴിഞ്ഞത് സിക്‌ലാഗിലാണെന്ന് പഴയനിയമത്തിലെ സാമുവേലിന്റെ പുസ്തകത്തിലെ വിവരണം സ്ഥിരീകരിച്ചുകൊണ്ട് അന്താരാഷ്ട്ര ഗവേഷക സംഘം. കിർബിത്ത് ആർ റായിയിൽ ഖനനം ചെയ്തെടുത്ത പുരാവസ്തുക്കളിൽ നിന്നും, കാർബൺ-14 ഡേറ്റിംഗിൽ നിന്നുമാണ് ഫിലിസ്‌ത്യൻ നഗരമായ സിക്‌ലാഗ് കണ്ടെത്തിയിരിക്കുന്നത്. ബിസി 12- 11 കാലഘട്ടത്തിൽ ഫിലിസ്‌ത്യൻ പ്രദേശത്തിന്റെ ഭാഗമായിരുന്ന സ്ഥലത്തെ പുരാവസ്തുക്കളാണ് ഗവേഷകർ കണ്ടെത്തിയതെന്ന് ജെറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയും, ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റിയും സംയുക്തമായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
പുരാവസ്തു ഗവേഷകർ പ്രവചിച്ച കാലഘട്ടവും ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാലഘട്ടവും കാർബൺ 14 ഡേറ്റിംഗ് ഉപയോഗിച്ച് നോക്കുമ്പോഴും സമമാണെന്നും പത്രക്കുറിപ്പിൽ പറയുന്നു. ബൈബിൾ വിവരണമനുസരിച്ച് 14 മാസമാണ്, അറുന്നൂറോളം സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം ദാവീദ് സിക്‌ലാഗിൽ താമസിക്കുന്നത്. ഫിലിസ്‌ത്യൻ രാജാവായിരുന്ന അക്കീഷിന്റെ സഹായം ദാവീദിന് ഉണ്ടായിരുന്നു. അവിടെ താമസിച്ചാണ് ദാവീദ് പല പട്ടണങ്ങളും കീഴടക്കുന്നത്. ഫിലിസ്‌ത്യൻ വീടുകൾ ഇരുന്ന സ്ഥലത്ത് പിന്നീട് ഇസ്രായേലി കെട്ടിടങ്ങൾ ഉയർന്നു. പിന്നീടുണ്ടായ ശക്തമായ തീപിടുത്തമാണ് നഗരത്തെ നശിപ്പിച്ചതിന് പിന്നിലെ കാരണമായി കരുതുന്നത്. ഇതിനുമുമ്പും പല സ്ഥലങ്ങളും സിക്‌ലാഗാണ് എന്നുളള അവകാശവാദങ്ങൾ ഉയർന്നിരുന്നുവെങ്കിലും തെളിവുകളുടെ അഭാവം മൂലം അതെല്ലാം തള്ളിക്കളയുകയായിരുന്നു.


















