News - 2026
യുക്രൈന്‍ ജനതയ്ക്കു പ്രത്യാശ പകര്‍ന്ന് യുബിഎസ്; വിതരണം ചെയ്തത് 1.6 ദശലക്ഷം ബൈബിളുകൾ
പ്രവാചകശബ്ദം 10-03-2026 - Tuesday
കീവ്: റഷ്യയുടെ അധിനിവേശത്തിനുശേഷം പ്രതീക്ഷ നഷ്ട്ടപ്പെട്ട യുക്രൈന്‍ ജനതയ്ക്കു പ്രത്യാശ പകര്‍ന്ന് യുക്രേനിയൻ ബൈബിൾ സൊസൈറ്റി (യുബിഎസ്). രാജ്യത്ത് 1.6 ദശലക്ഷം ബൈബിളുകൾ ഇതിനോടകം വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുക്രേനിയൻ ബൈബിൾ സൊസൈറ്റി വെളിപ്പെടുത്തി. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം പ്രതിദിനം ശരാശരി 1,000 കോപ്പികൾ എന്ന കണക്കിലാണ് വിതരണം നടന്നത്. വൈകാരികവും മാനസികവുമായ പ്രതിസന്ധിയില്‍ ഉഴലുന്ന ജനത്തിന് പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് ആത്മീയമായ അതിജീവനം പകരാനുള്ള പോരാട്ടമാണ് യുബിഎസ് നടത്തുന്നത്.
നീണ്ടുനിൽക്കുന്ന സമ്മർദ്ധം, മാനസികാഘാതം, ദുഃഖം, കുടുംബത്തിലുള്ള പ്രതിസന്ധി എന്നിവ മറികടക്കാൻ മുതിർന്നവർ സമ്പൂര്‍ണ്ണ ബൈബിളുകൾ, പുതിയ നിയമങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവ തേടുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. കുട്ടികൾക്കും യുവജനങ്ങള്‍ക്കും വേണ്ടി ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങള്‍ക്കു ആവശ്യകത വർദ്ധിച്ചുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2026 -ല്‍ രാജ്യത്തുടനീളം 300,000 മുതൽ 400,000 വരെ ബൈബിളുകൾ വിതരണം ചെയ്യാനാണ് യുക്രേനിയൻ ബൈബിൾ സൊസൈറ്റി ശ്രമിക്കുന്നത്.
റഷ്യയുടെ അധിനിവേശത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച ട്രോമ - ഹീലിംഗ് പരിപാടിയിലൂടെ അനേകര്‍ക്ക് പ്രത്യാശ പകരുവാന്‍ സൊസൈറ്റിക്ക് കഴിഞ്ഞു. വേദനയില്‍ കഴിയുന്ന 90 പേര്‍ക്കായി ഒരു സെമിനാറിൽ ആരംഭിച്ചത് രാജ്യവ്യാപകമായ പരിചരണ ശൃംഖലയായി വളർന്നു. റഷ്യ ഏല്‍പ്പിച്ച മാനസിക മുറിവുകള്‍ക്ക് സൗഖ്യം പകരുവാന്‍ ട്രോമ കെയറിൽ പരിശീലനം നേടിയ 6,380 പങ്കാളികളും, രാജ്യവ്യാപകമായി 114 പരിശീലന സെഷനുകളും, 93 മാനസിക, ആത്മീയ പിന്തുണാ സംരംഭങ്ങളും സൊസൈറ്റി ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















