News
രണ്ടായിരത്തോളം വരുന്ന വിശ്വാസികളെ സാക്ഷിനിറുത്തി മദർ ആഞ്ചലിക്കയുടെ മൃതദേഹം സംസ്കരിച്ചു
അഗസ്റ്റസ് സേവ്യർ 02-04-2016 - Saturday
മാധ്യമത്തിലൂടെ മഹത്തായ സുവിശേഷ പ്രവർത്തനം നടത്തിയ മദർ ആഞ്ചലിക്കയുടെ സംസ്ക്കാര ശുശ്രൂഷയിൽ, ആർച്ച് ബിഷപ്പ് വി ഗാനോ, മാർപാപ്പായുടെ അനുശോചന സന്ദേശം വായിച്ചു. അനേകര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു നല്കാന്‍ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച, മദർ ആഞ്ചലിക്കയെ ഫ്രാന്‍സിസ് മാർപാപ്പ പ്രാർത്ഥനയോടെ തൻറെ സന്ദേശത്തിൽ അനുസ്മരിച്ചു.
"ക്രിസ്തുവിന്റെ മണവാട്ടി എന്ന നിലയ്ക്കാണ് നാം മദർ ആഞ്ചലിക്കയെ മനസ്സിലാക്കേണ്ടത്." 'EWTN' എന്ന കത്തോലിക്കാ മാദ്ധ്യമപ്രസ്ഥാനത്തിന്റെ സ്ഥാപകയും അലബാമയിലെ 'Our Lady of the Angels' ആശ്രമത്തിലെ 'ആബെസ് എമിറിറ്റെ'യുമായ മദർ ആഞ്ചലിക്കയുടെ സംസ്ക്കാര ശുശ്രൂഷ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഫാദർ ജോസഫ് മേരി വൂൽഫ് പറഞ്ഞു.
അമേരിക്കയിലെ, ബിർമിംഹാമിനടുത്തുള്ള 'Most Blessed Sacrament' ദേവാലയത്തിൽ നടന്ന സംസ്ക്കാര ശുശ്രൂഷയിൽ 2000-ത്തോളം ആളുകൾ പങ്കെടുത്തു. ആർച്ച് ബിഷപ്പ് ചാൾസ് ചാപ്പട്ട് ദിവ്യബലിയർപ്പിച്ചു. ആർച്ച് ബിഷപ്പ് കാർലോ മരിയ വി ഗാനോ, ബിഷപ്പ് തോമസ് ഓംസെറ്റഡ്, ബിഷപ്പ് റിച്ചാർഡ് സ്റ്റിക്ക, ബിഷപ്പ് റോബർട്ട് ബേക്കർ, ബിഷപ്പ് ഡേവിഡ് ഫോളി എന്നിവരും അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.
ബാല്യകാലത്തുണ്ടായ ഒരു അത്ഭുത രോഗശമനത്തെ തുടർന്നാണ് ആഞ്ചലിക്ക, ക്രിസ്തുവിന്റെ മണവാട്ടിയായി ജീവിക്കാൻ തീരുമാനിച്ചത്. EWTN- ലെ തീവ്രമായ സുവിശേഷ വേലയിലൂടെ, സ്വജീവിതം അവർ ക്രിസ്തുവിന് സമർപ്പിച്ചു. സിസ്റ്ററിന്‍റെ തീവ്രമായ ആത്മീയാനുഭവമാണ്, വെറും ഒരു ഗാരേജിനെ നിത്യമായ വചനത്തിന്റെ ടെലിവിഷൻ സ്റ്റുഡിയോ (EWTN) ആക്കി രൂപപരിണാമം വരുത്തിയത്.
യേശുവിലൂടെ തനിക്കു ലഭിച്ച 'നിത്യജീവന്റെ വചസ്സുകള്‍' അവർ ലോകത്തിന് പകർന്നു കൊടുത്തു. അതിനുള്ള മാർഗ്ഗമായിരുന്നു 'EWTN'. അങ്ങനെ, കർത്താവിനു വേണ്ടി ജീവിക്കാൻ എത് സാധാരണക്കാരനും സാധ്യമാണെന്ന് മദർ തെളിയിച്ചു.
ആഴമായ ആത്മീയ അവബോധത്തോടൊപ്പം, അനുഭവങ്ങളും ജീവിതബോധ്യവുമാണ് മദറിന്റെ ജീവിതത്തെ നയിച്ചിരുന്നതെന്ന് മദർ ആഞ്ചലിക്കയോടൊപ്പം 1962-ൽ അലബാമയിലെത്തിയ സിസ്റ്റർ മേരി മൈക്കേൽ അഭിപ്രായപ്പെട്ടു.
"മദർ നയിച്ചിരുന്നത് ഒരു സുഖജീവിതമായിരുന്നില്ല. ജീവിതത്തിൽ പല സന്ദർഭങ്ങളിലും പലവിധ രോഗങ്ങളിലൂടെ അവർ കടന്നു പോയി. എല്ലാ അനുഭവങ്ങളും അവരെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയായിരുന്നു.
ദുരന്തങ്ങൾ സഹതാപത്തിനുള്ള അവസരങ്ങളല്ല, അവ നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്ന മുഹൂർത്തങ്ങളാണെന്നാണ് മദർ ആഞ്ചലിക്ക വിശ്വസിച്ചിരുന്നത്". സിസ്റ്റർ മേരി മൈക്കേൽ കൂട്ടി ചേര്‍ത്തു.