Social Media - 2024
സഭയുടെ സ്വത്തുക്കൾ വിശ്വാസികളുടേതല്ലേ?
മാര്‍ തോമസ് തറയില്‍ 16-07-2019 - Tuesday
തീർച്ചയായും. സ്വത്തു വിശ്വാസികളുടേതു തന്നെ. എന്നാൽ വിശ്വാസികൾ എന്ന് വച്ചാൽ അല്‍മായർ മാത്രമല്ല, വൈദികരും സന്യസ്തരും മെത്രാന്മാരും എല്ലാം വിശ്വാസികൾ തന്നെ. അതുകൊണ്ടുതന്നെ, സഭയുടെ വസ്തുക്കൾ വിശ്വാസികളുടേതു എന്ന് പറയുന്നതിനേക്കാൾ ഉത്തമം സഭയുടെ വസ്തുക്കൾ സഭയുടേതാണെന്നു പറയുന്നതാണ്. ഓരോ വിശ്വാസിയുടെയും സമ്മതം വാങ്ങി വസ്തുക്കൾ വാങ്ങാനും വിൽക്കാനും സാധിക്കില്ലാത്തതിനാൽ നിയമാനുസൃതമുള്ള സമിതികളുടെ അനുവാദത്തോടെ അത് നിർവഹിക്കാൻ സഭാനിയമം നേതൃശുശ്രുഷയിലുള്ളവരെ ചുമതലപ്പെടുത്തുന്നു.
➤ വസ്തുക്കളുടെ നടത്തിപ്പ് ആര് നിർവഹിക്കും?
ഇടവകസ്വത്തുക്കളുടെ ഭരണം നടത്തുന്നത് നിയമപ്രകാരമുള്ള സമിതികളുടെ അംഗീകാരത്തോടെ വികാരിയും കൈക്കാരനുമാണ്.
രുപതാവസ്തുക്കളുടെ ഭരണം നടത്തുന്നത് നിയമപ്രകാരമുള്ള സമിതികളുടെ അംഗീകാരത്തോടെ രൂപതാധ്യക്ഷനും സാമ്പത്തിക കാര്യദര്‍ശിയുമാണ്.
➤ മെത്രാനോ വികാരിക്കോ തന്നിഷ്ടപ്രകാരം സ്വത്തുക്കൾ കൈകാര്യം ചെയ്യാമോ?
ഇല്ല. മെത്രാൻ രൂപതക്കുവേണ്ടിയാണ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. അതിനദ്ദേഹം നിയമപ്രകാരമുള്ള സമിതികളുടെ അംഗീകാരം വാങ്ങിയിരിക്കണം. സർക്കാരിന്റെ ഭൂമി ചിലപ്പോഴെങ്കിലും സ്വകാര്യസംരംഭകർക്ക് പതിച്ചു കൊടുക്കുകയും ലീസിനു കൊടുക്കുകയും ചെയ്യുന്നതായി പത്രത്തിൽ വായിച്ചിട്ടുണ്ട്. എന്നാൽ അതൊന്നും പൗരനായ എന്റെകൂടി സമ്മതം വാങ്ങിയിട്ടൊന്നുമല്ല. വോട്ടിട്ടുതീരുമാനിച്ചുമല്ല.
ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചാൽ കേരളത്തിന്റെ ഭൂമി കേരളസര്കാരിനു പതിച്ചു കൊടുക്കാം. അതിലൊന്നും ആരും പ്രശ്നം കാണാറില്ല. അതുപോലെ തന്നെയല്ലേ സഭാവക ഭൂമിയും?
ഓരോ വിശ്വാസിയുടെയും അനുവാദം വാങ്ങിയേ ഭൂമി വിൽക്കാൻ പാടുള്ളു എന്ന് വന്നാൽ ഭൂമി വാങ്ങാനും എല്ലാവരുടെയും അനുവാദം വേണ്ടേ? അത് പ്രായോഗികമാണോ? അതുകൊണ്ടാവണം നിയമം അതിനൊക്കെ നടപടിക്രമങ്ങൾ നിഷ്കര്ഷിച്ചിരിക്കുന്നതും അതിൻപ്രകാരം സഭാനേതൃത്തത്തെ ചുമതലപെടുത്തിയിരുക്കുന്നതും. അതിനർത്ഥം വിശ്വാസികൾക്ക് സഭാസ്വത്തിൽ അവകാശമില്ലെന്നല്ല, അവർക്കുവേണ്ടി ആ അവകാശം നിർവഹിക്കുന്നതിന് നിയമം ചില സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ്.
കോടതിയിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം കൊടുത്തത് മെത്രാൻ വ്യക്തിപരമായിട്ടായിരിക്കില്ല, രൂപതയായിരിക്കും. കാരണം അതിൽ പറഞ്ഞിരിക്കുന്നത് സഭയുടെ നിലപാടാണ്. നൂറ്റാണ്ടുകളായി വിശ്വാസികളുടെ ഉത്തമതാല്പര്യങ്ങൾ സംരക്ഷിക്കാനായി അനുവർത്തിക്കുന്ന നിയമങ്ങളെ എത്ര പെട്ടെന്നാണ് വിശ്വാസികൾക്കെതിരാണെന്നു വ്യാഖാനിച്ചു തെറ്റുധാരണ പരത്തുന്നത്.