Meditation. - March 2024

നമ്മുടെ അവയവങ്ങളുടെ വിശുദ്ധീകരണത്തിനായി ക്രിസ്തു ശരീരത്തില്‍ ഏറ്റുവാങ്ങിയ മുറിപ്പാടുകള്‍

സ്വന്തം ലേഖകന്‍ 30-03-2024 - Saturday

"അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടി കൊണ്ടിടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു" (മത്തായി 27:26).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 30

യേശുവിന് ചമ്മട്ടി അടിമൂലം ശരീരത്തിനും ആത്മാവിനും ഉളവായ മുറിവുകള്‍, ചരിത്രകാരന്മാരും ബൈബിൾ പണ്ഡിതരും പുനരാവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. യേശുവിന്‍റെ പീഡാസഹനങ്ങളെ പറ്റി ധാരാളം ഗാനശകലങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. യേശുവിന്റെ സഹനങ്ങളെ പറ്റിയുള്ള 'മാനസാന്തരത്തിന്റെ നൊമ്പരം' എന്ന ഗാനശകലങ്ങൾ പോളണ്ടിലെ ജനങ്ങൾ ഒത്തിരി ആദരവോടെയാണ് ശ്രവിക്കുന്നത്.

അതിലെ വരികൽ ഇപ്രകാരം പറയുന്നു, ‘ഓ എന്റെ ഈശോയെ, എത്ര ക്രൂരമാമായാണ് ആ കൽതൂണിൽ നീ ബന്ധിക്കപ്പെട്ടത്; ഞങ്ങളുടെ അതിക്രമങ്ങൾക്കായ് നീ പ്രഹരിക്കപെട്ടു..! പാപികളെ വന്നു കാണുക, നമ്മുടെ അതിക്രമങ്ങൾക്കായി നാഥന്റെ ശരീരം പ്രഹരിക്കപ്പെടുന്നു. 'വ്യാകുലമാതാവിന്റെ വിലാപം' ഇപ്രകാരം പറയുന്നു- "ഞാൻ കാണുന്നു, എന്റെ പുത്രൻ, നഗ്നനായ് കൽത്തൂണിൽ കെട്ടപെട്ട്, ചമ്മട്ടികളാൽ പ്രഹരിക്കപ്പെട്ടു.....!" പതിനെട്ടാം നൂറ്റാണ്ടിൽ തുടക്കമിട്ട ലളിതമായ ഈ വാക്കുകളും, മൃദുസംഗീതവും, യേശു അനുഭവിച്ച കഠിനമായ വേദനയുടെ ആഴമായ ധ്യാനത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

വിശുദ്ധ പൗലോസ്‌ ശ്ലീഹ പറയുന്നു, "മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു" (1 കോറിന്തോസ് 9:27). നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങള്‍ വഴിയായി നാം ചെയ്തു കൂട്ടുന്ന പാപങ്ങളുടെ വിശുദ്ധീകരണമായിരിന്നു ക്രിസ്തു തന്റെ ശരീരത്തിൽ സഹിച്ച അതിക്രൂരമായ പീഡനങ്ങള്‍. നാഥന്റെ മേലുള്ള ചമ്മട്ടിയുടെ പ്രഹരം നിരവധിയാളുകള്‍ക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. ക്രിസ്തുവിന്റെ അതിഘോര സഹനങ്ങളാല്‍ തങ്ങളുടെ ശരീരത്തിന്റെ വിഷയാസക്തികളെ പാപത്തിൽ നിന്നും വേർപ്പെടുത്തി പുണ്യത്തിന്റെ പാതയിൽ ചരിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, S.O.C)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »