News

ശൈത്യകാലത്ത് വൈദ്യുതിയില്ല, യുക്രൈന്‍ നേരിടുന്നത് അസഹനീയ അനുഭവം: വൈദികന്‍റെ വെളിപ്പെടുത്തല്‍

പ്രവാചകശബ്ദം 05-02-2026 - Thursday

കീവ്: റഷ്യൻ നടത്തിയ ബോംബാക്രമണങ്ങൾ, ഖാർഖീവിനെയും അതിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചതോടെ ശൈത്യകാലത്ത് യുക്രൈന്‍ ജനത നേരിടുന്നത് അസഹനീയ അനുഭവമാണെന്നു കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഡയറക്ടര്‍. വൈദ്യുതി ലഭ്യതയില്ലായ്മ, ഈ ശൈത്യകാലത്ത് ജനത അനുഭവിക്കുന്ന ദുരിതങ്ങളിൽ ഏറ്റവും അസഹനീയമാണെന്നും ആളുകൾക്കിടയിലുള്ള ഐക്യവും, സഹായവും സഹകരണങ്ങളും മാത്രമാണ് ഏക ആശ്വാസ ഘടകമെന്നും ഖാർകിവ്-സപോരിജിയ രൂപതയുടെ കാരിത്താസ് ഡയറക്ടർ ഫാ. വോയ്‌സിക് സ്റ്റാസിവിച്ച്സ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുക്രേനിയൻ നഗരങ്ങൾക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ, രാജ്യത്തിൻറെ ഊർജ്ജ മേഖല തകർക്കപ്പെട്ടിരിന്നു. റഷ്യൻ സൈന്യം എഴുപതിലധികം മിസൈലുകളും 450 ആക്രമണ ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയത്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് നടന്ന ബോംബാക്രമണത്തിൽ ഒരു താപവൈദ്യുത നിലയത്തിലെയും രണ്ട് സബ്‌സ്റ്റേഷനുകളിലെയും നിർണായക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതേതുടര്‍ന്നു, 853 ആൾത്താമസമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ 929 കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയായിരിന്നു.

തണുപ്പും ഗതാഗത പ്രശ്നങ്ങളും കാരണം എല്ലാവർക്കും യാത്ര ചെയ്യാൻ കഴിയില്ല, എന്നാൽ സഹായിക്കുവാൻ ഏറെ ആളുകൾ സന്മനസോടെ മുൻപോട്ടു വരുന്നുണ്ടെന്നും യൂറോപ്പിൽ നിന്ന്, പ്രത്യേകിച്ച് പോളണ്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും, കാരിത്താസ് ഡയറക്ടര്‍ പറഞ്ഞു. യുക്രേനിയൻ നഗരങ്ങൾക്കായി ജനറേറ്ററുകൾ വാങ്ങുന്നതിനായി പോളണ്ടിലെ രൂപതകൾ എല്ലാ ഇടവകകളിലും നടത്തിയ ധനസമാഹരണം, കൂട്ടായ്‍മയുടെ വലിയ അടയാളമാണെന്നും അദ്ദേഹം പങ്കുവച്ചു.

അതേസമയം യുക്രൈനിലെ വിവിധ ഇടവകകൾ, ആളുകളുടെ സേവനത്തിനായി തുറന്നു കൊടുത്തിരിക്കുകയാണ്. വിവിധ രൂപതകളുടെ കൂരിയ മുറികൾ പോലും ആളുകൾക്ക് താമസിക്കുവാനും, തണുപ്പിൽ നിന്നും രക്ഷ നേടുവാനും വേണ്ടി നല്കിയിട്ടുണ്ടെന്നും ഫാ. വോയ്‌സിക് വെളിപ്പെടുത്തി. പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും സംഭാവനകൾക്കും എല്ലാവരുടെയും പേരിൽ താൻ നന്ദിയർപ്പിക്കുന്നുവെന്നും, ഏവർക്കും പ്രാർത്ഥന ഉറപ്പു നൽകുന്നുവെന്നും, സാമീപ്യവും പിന്തുണയും വിഷമതയുടെ നേരങ്ങളിൽ ആശ്വാസം പകരുന്നതാണെന്നും ഫാ. വോയ്‌സിക് പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »