News - 2025
വിശുദ്ധ അഗസ്തീനോസിന്റെ ഉദ്ധരണികൾ നീക്കം ചെയ്ത് ഫേസ്ബുക്ക്: പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ 17-07-2019 - Wednesday
തങ്ങളുടെ നിയമങ്ങൾക്ക് ഘടകവിരുദ്ധമാണെന്ന് പറഞ്ഞ് വിശുദ്ധ അഗസ്തീനോസിന്റെ വാക്യങ്ങള്‍ വിദ്വേഷ പരാമർശ വിഭാഗത്തിൽ ഉൾപ്പെടുത്തി നീക്കം ചെയ്ത ഫേസ്ബുക്ക് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. "നന്മയിൽ ജീവിച്ചാൽ, നമ്മുടെ ജീവിതം ഒരിക്കലും പാപരഹിതമാകും എന്ന് കരുതരുത്. നമ്മൾ ക്ഷമ യാചിച്ചാൽ മാത്രമേ, നമ്മുടെ ജീവിതം അനുഗ്രഹീതമാകുകയുള്ളൂ. എന്നാൽ മനുഷ്യൻ പ്രത്യാശയില്ലാത്ത സൃഷ്ടിയാണ്, അവൻ എത്രത്തോളം സ്വന്തം ജീവിതത്തിൽ ചെയ്യുന്ന പാപങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവോ, അത്രത്തോളം മറ്റുള്ളവരുടെ പാപ ജീവിതത്തിൽ ശ്രദ്ധയൂന്നാൻ അവൻ ശ്രമിക്കും. അവർ തെറ്റ് തിരുത്താൻ തയ്യാറല്ല മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുക" എന്ന ഉദ്ധരണിയാണ് അടിസ്ഥാനരഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് നീക്കം ചെയ്തത്.
അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ നിന്നുള്ള ഡൊമിനികോ ബോഡിനെല്ലി എന്ന പ്രോ ലൈഫ് ആക്ടിവിസ്റ്റാണ് തനിക്ക് സംഭവിച്ച ദുരനുഭവം ബ്ലോഗിലൂടെ പുറം ലോകത്തെ അറിയിച്ചത്. നീ സഹോദരന്‍റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്തുകൊണ്ടെന്ന് യേശുക്രിസ്തു മത്തായിയുടെ സുവിശേഷത്തിൽ ചോദിച്ചിരിക്കുന്ന കാര്യം തന്നെയാണ് വിശുദ്ധ അഗസ്തീനോസും പറഞ്ഞുവച്ചിരിക്കുന്നത് എന്നു ഡൊമിനികോ ബോഡിനെല്ലി പറയുന്നു. ഫേസ്ബുക്ക് നിയമമനുസരിച്ച് സുവിശേഷവും "ഹേറ്റ് സ്പീച്ച്" പരിധിയിൽ വരുമോ എന്നും അദ്ദേഹം ചോദിക്കുന്നു. രണ്ടു വൈദികർ പോസ്റ്റ് ചെയ്തത് അഗസ്തീനോസിന്റെ ഉദ്ധരണി നീക്കം ചെയ്യപ്പെട്ടതായി കണ്ടതിനാലാണ് ബോഡിനെല്ലിയും അതേ ഉദ്ധരണി പോസ്റ്റ് ചെയ്തത്. എന്നാൽ ഫേസ്ബുക്ക് അതും നീക്കം ചെയ്യുകയായിരിന്നു.