Daily Saints.

April 09: ഈജിപ്തിലെ വിശുദ്ധ മേരി

സ്വന്തം ലേഖകന്‍ 09-04-2021 - Friday

ഈജിപ്തിലാണ് വിശുദ്ധ മേരി തന്റെ ജീവിതം ആരംഭിച്ചത്. അവളുടെ മാതാപിതാക്കള്‍ അവളെ വളരെയേറെ സ്നേഹിച്ചിരുന്നു, അവരുടെ കൊച്ചുലോകത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അവള്‍. മേരി അസന്തുഷ്ടയായ ഒരു പെണ്‍കുട്ടിയായിരുന്നില്ല. മറിച്ച്, അവള്‍ ചോദിക്കുന്നതെല്ലാം അവള്‍ക്ക് ലഭിച്ചിരുന്നു. എല്ലാവരും അവള്‍ക്കാവശ്യമായതെല്ലാം നല്‍കി. ഒരു ദിവസം അവളുടെ ഒരു ബാലിശമായ ആഗ്രഹത്തെ അവളുടെ മാതാ-പിതാക്കള്‍ എതിര്‍ത്തു. അത് സഹിക്കുവാന്‍ കഴിയാഞ്ഞ അവള്‍ തന്റെ 12-മത്തെ വയസ്സില്‍ വീടുപേക്ഷിച്ച് അലക്സാന്‍ഡ്രിയായിലേക്ക് ഓടി പോയി. മേരി അതീവ സുന്ദരിയുമായിരുന്നു. ആ നഗരത്തില്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ മേരിക്ക് തന്റെ പിതാവിന്റെ ഒരു കൂട്ടുകാരന്‍ അവിടെ താമസിക്കുന്ന കാര്യം ഓര്‍മ്മ വന്നു. അവള്‍ക്ക് പറയുവാനുള്ളത് മുഴുവന്‍ കേട്ടു. അയാള്‍ അവള്‍ക്ക് തന്‍റെ ഭവനത്തില്‍ അഭയം നല്‍കി. അദ്ദേഹം അവളിലുള്ള വിനയവും, മര്യാദയും, പാശ്ചാത്താപവും ഊട്ടിയുറപ്പിക്കുകയും അവളിലെ കുട്ടിത്വവും ഇല്ലാതാക്കുകയും ചെയ്തു.

അല്പ നാളുകള്‍ക്ക് ശേഷം അവള്‍ മറ്റൊരാളെ കണ്ടെത്തുകയും, അയാളുടെ സ്വഭാവത്തിലും ആകൃഷ്ടയാകുന്നത് വരെ അവള്‍ ആ വിഷയലമ്പടന്റെ കൂടെ താമസിക്കുകയും ചെയ്തു. അതിനുശേഷം അയാളെ ഉപേക്ഷിച്ച് താന്‍ പുതുതായി കണ്ടെത്തിയ ആളുടെ കൂടെ താമസമാക്കി. അവള്‍ ശരിക്കും ഒരു കെണിയില്‍ അകപ്പെടുകയായിരുന്നു. ഒരാളുടെ കീശയില്‍ നിന്നും മറ്റൊരാളുടെ കീശയിലേക്ക് പോകുന്ന തിളക്കമുള്ള ഒരു നാണയം പോലെയായിരുന്നു അവള്‍. ധാര്‍മ്മികമായി അവള്‍ വളരെയേറെ അധപതിച്ചു. യാതൊന്നിനും അവളെ പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കുമായിരുന്നില്ല.

ഒരിക്കല്‍ മേരി ജെറൂസലേമിലേക്ക് പോകുന്ന ഒരു തീര്‍ത്ഥാടന സംഘത്തെ കണ്ടു. ഭക്തികൊണ്ടല്ല മറിച്ച് ആകാംക്ഷകൊണ്ട് അവള്‍ ആ സംഘത്തോടൊപ്പം വിശുദ്ധ നഗരത്തിലേക്ക് പോയി. ജെറൂസലേമില്‍ വെച്ച് തടുക്കുവാന്‍ കഴിയാത്ത ഏതോ ഒരു അദൃശ്യശക്തി അവളെ മറ്റുള്ളവര്‍ക്കൊപ്പം ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. പരിശുദ്ധ കന്യകയുടെ പ്രതിമയുടെ മുന്‍പില്‍ വെച്ച് മേരി തന്റെ പാപത്തിന്റെ ആധിക്യത്തെക്കുറിച്ച് ബോധവതിയായി. തന്റെ ജീവിതത്തില്‍ വിശ്രമം കണ്ടെത്തുന്നതിനായി ജോര്‍ദാന്‍ മറികടക്കുവാന്‍ അവളുടെ ഉള്ളില്‍ നിന്നും ഒരു അരുളപ്പാട് ഉണ്ടായി.

ഉടനെതന്നെ മേരി മരുഭൂമി ലക്ഷ്യമാക്കി യാത്രതിരിച്ചു. ഒട്ടും പരിചയമില്ലാത്ത, ലോകത്തോട് മുഴുവന്‍ ഭയവുമായി അവള്‍ തന്‍റെ യാത്ര തുടര്‍ന്നു. യാചിക്കുവാന്‍ വേണ്ട ശക്തി അവള്‍ക്ക് ലഭിക്കുവാന്‍ വേണ്ടി മാത്രം അവളുടെ കൈവശം ആകപ്പാടെ മൂന്ന്‍ ചെറിയ അപ്പമാണുണ്ടായിരിന്നത്. ഒടുവില്‍ വളരെ ക്ഷീണിതയായി അവള്‍ ജോര്‍ദാന്‍ നദിയുടെ കരയിലെത്തി.

അവിടത്തെ വിശുദ്ധ സ്നാപകയോഹന്നാന്റെ ആശ്രമത്തില്‍ അവള്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്തു, എന്നിരുന്നാലും അവള്‍ അവിടെ തങ്ങിയില്ല. തുടര്‍ന്ന് യാത്രതിരിച്ച അവള്‍, മരുഭൂമിയിലൂടെ നടന്നു നീങ്ങി. അവള്‍ ക്ഷീണിച്ച് ഒരു ചുള്ളികമ്പ് പോലെ ഉണങ്ങിയിരുന്നു. എന്നിരുന്നാലും തന്റെ ധാര്‍മ്മിക അധപതനത്തിനു പരിഹാരം ഇത് മാത്രമാണെന്ന് അവള്‍ക്കറിയാമായിരുന്നു.

40 വര്‍ഷത്തെ പരിപൂര്‍ണ്ണ ഏകാന്ത വാസത്തിനിടയില്‍ അവള്‍ സഹിച്ചതെന്തെല്ലാമെന്നോ, എന്തിനെയാണ് അവള്‍ അന്വോഷിക്കുന്നതെന്നോ, എന്തൊക്കെ അനുഭവങ്ങളാണ് അവള്‍ നേരിട്ടതെന്നോ നമുക്ക്‌ സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുകയില്ല. ഈ കാലയളവില്‍ അവള്‍ കടുത്ത വരള്‍ച്ചയും, തണുപ്പും സഹിച്ചു. ഈന്തപ്പനയുടെ ചുവട്ടില്‍ കിടന്നുറങ്ങി, അവളുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു, ചില അവസരങ്ങളില്‍ അവളുടെ പാപാവസ്ഥയിലേക്ക്‌ തിരികെ പോകുവാനുള്ള പ്രലോഭനമുണ്ടായെങ്കിലും, പരിശുദ്ധ കന്യകാമറിയത്തോട് ആ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ശക്തി തരുവാന്‍ അവള്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്ക് വായിക്കുവാന്‍ അറിയില്ലായിരുന്നുവെങ്കിലും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചുള്ള ദൈവീക നിര്‍ദ്ദേശങ്ങള്‍ അവള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു.

അക്കാലത്ത്‌ സോസിമസ് എന്ന് പേരായ ഒരു സന്യാസിയുണ്ടായിരുന്നു. മേരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. പ്രായമായൊരു മനുഷ്യനായിരുന്നു അദ്ദേഹം. ജോര്‍ദാന്‍ നദിക്കരയിലുള്ള കര്‍ക്കശമായ നിയമങ്ങളുള്ള ഒരാശ്രമത്തില്‍ ചേരുവാന്‍ അദ്ദേഹം തീരുമാനിക്കുകയും അതിനായി അദ്ദേഹം ഇറങ്ങി പുറപ്പെടുകയും ചെയ്തു. എല്ലാ വര്‍ഷവും നോമ്പുകാലത്തെ ആദ്യ ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഭക്ഷണവും കഴിച്ചു കഴിഞ്ഞു ധ്യാനനിമഗ്നനായി അദ്ദേഹം മരുഭൂമിയിലേക്ക് യാത്രയാവും.

ഓരോ വര്‍ഷവും മരുഭൂമിയുടെ കൂടുതല്‍ അന്തര്‍ഭാഗങ്ങളിലേക്ക് പോകുമായിരുന്നു. ഇപ്രാവശ്യം യാതൊരു വിശ്രമവും കൂടാതെ 20 ദിവസത്തോളം അദ്ദേഹം നടന്നു. അതിനുശേഷം ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന്‌ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ആരോ തന്റെ മുന്നിലൂടെ പോയതായി സോസിമസ് കണ്ടു. ഒരു പക്ഷെ അത് പിശാചാണെങ്കില്‍ യേശുവിന്റെ നാമത്തില്‍ അദ്ദേഹത്തിനു സ്വയം സംരക്ഷിക്കേണ്ടതായി വരും.

അതാ അദ്ദേഹത്തിന്റെ മുന്‍പില്‍ നില്‍ക്കുന്നു അനുതാപിയായ ഈജിപ്ത് കാരിയായ മേരി. പക്ഷെ ഒരു കൃത്യമായ ഉള്‍കാഴ്ചയുള്ള മനുഷ്യന് മാത്രമേ അവളെ ആ അവസ്ഥയില്‍ തിരിച്ചറിയുവാന്‍ സാധിക്കുമായിരുന്നുള്ളൂ. അവള്‍ ഏതാണ്ട് പൂര്‍ണ്ണമായും നഗ്നയായിരുന്നു. അവളുടെ ചര്‍മ്മം സൂര്യപ്രകാശമേറ്റ് കരിഞ്ഞുണങ്ങി കറുത്തനിറത്തോടുകൂടിയ ഒരു മരകഷണം കണക്കെയായിരുന്നു. അവളുടെ വെളുത്ത മുടിയിഴകള്‍ പുറകിലേക്ക് വീണുകിടന്നു. സോസിമസ് അവളുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ അവള്‍ പുറകിലേക്ക് മാറിയശേഷം വിളിച്ചു പറഞ്ഞു, “എനിക്ക് ധരിക്കുവാനൊന്നുമില്ല നിന്റെ മേലങ്കി എനിക്കെറിഞ്ഞു തരിക”.

തുടര്‍ന്ന് അവളുടെ ജീവിതത്തെക്കുറിച്ച് സോസിമസ് അറിഞ്ഞു. അതെല്ലാം അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. ബൈബിളിലുള്ള അവളുടെ അറിവ്‌ കണ്ട് സോസിമസ് അത്ഭുതപ്പെട്ടു. മേരി അദ്ദേഹത്തോട് പറഞ്ഞു “അടുത്തവര്‍ഷം ഈസ്റ്ററിനു ദിവ്യകാരുണ്യവുമായി വീണ്ടും വരിക, ഒരു വാക്ക്‌ പോലും ഉരിയാടരുത്‌.” അവള്‍ ആവശ്യപ്പെട്ടത് പോലെ തന്നെ സോസിമസ് പ്രവര്‍ത്തിക്കുകയും അവള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം സാദ്ധ്യമാവുകയും ചെയ്തു.

ഒരു ദിവസം അദ്ദേഹം ദിവ്യകാരുണ്യവുമായി എത്തിയപ്പോള്‍ കണ്ടത് അവളുടെ മൃതദേഹമായിരിന്നു. “പിതാവായ സോസിമസ്, ഏറ്റവും എളിയവളായ മേരിയെന്ന ഈ പാപിയെ ഇവിടെ അടക്കം ചെയ്യുക, മണ്ണില്‍നിന്നുമുള്ളത് മണ്ണിലേക്ക് തന്നെ പോകട്ടെ. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.” എന്നൊരു സന്ദേശവും മണലില്‍ അവശേഷിപ്പിച്ചിട്ട് മേരി ഇഹലോക വാസം വെടിഞ്ഞു. ഇപ്രകാരമാണത്രേ സോസിമസിനു അവളുടെ നാമം അറിയുവാന്‍ കഴിഞ്ഞത്‌. തന്റെ മേലങ്കി തിരികെ എടുത്ത അദ്ദേഹം തന്റെ ജീവിതകാലം മുഴുവനും അത് ബഹുമാനപൂര്‍വ്വം സൂക്ഷിച്ചു. ഏതാണ്ട് 78 വര്‍ഷത്തോളം വിശുദ്ധ മേരി ജീവിച്ചിരുന്നു.

ഇതര വിശുദ്ധര്‍

1. അമീഡായിലെ ബിഷപ്പ് മെസോപൊട്ടാമിയായിലെ അക്കാസിയൂസ്

2. ഡോമാട്രിയൂസ്, കണ്‍ചെസ്സൂസ്, ഹിലാരി

3. ഓര്‍ക്കുനി ദ്വീപുകളിലെ ഡോട്ടോ

4. ഗവുക്കേരിയൂസ്

5. ഹെലിയോഡോറൂസ് ദേശാന്‍, മാര്‍ജാബ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }


Related Articles »