News - 2024

കത്തോലിക്ക പ്രഭാഷകന്റെ അശ്ലീല വിരുദ്ധ പ്രഭാഷണത്തിന് ഗൂഗിളിന്റെ വിലക്ക്

സ്വന്തം ലേഖകന്‍ 27-07-2019 - Saturday

സാന്‍ ഫ്രാന്‍സിസ്കോ: പ്രശസ്ത കത്തോലിക്ക പ്രഭാഷകനും, അശ്ലീലസാഹിത്യത്തിനെതിരെ ശക്തമായ സ്വരമുയര്‍ത്തുകയും ചെയ്യുന്ന മാറ്റ് ഫ്രാഡിന്റെ പ്രഭാഷണത്തിന് ഗൂഗിളിന്റെ വിലക്ക്. അശ്ലീലതയുടെ ദോഷഫലങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുവാന്‍ ഒരു സംഘം ഗൂഗിള്‍ ജീവനക്കാരാണ് ഫ്രാഡിനെ സാന്‍ഫ്രാന്‍സിസ്കോയിലെ ഗൂഗിള്‍ ക്യാമ്പസിലേക്ക് ക്ഷണിച്ചത്. തനിക്കുള്ള എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് പരിപാടി നടത്തുവാന്‍ വേണ്ട അനുവാദം സംഘാടകര്‍ നേടിയിരുന്നതായും ഇതുസംബന്ധിച്ച് ഫ്രാഡ് പുറത്തുവിട്ട വിശദീകരണ വീഡിയോയില്‍ പറയുന്നു.

സാന്‍ഫാന്‍സിസ്കോയില്‍ ബുക്ക്‌ ചെയ്ത ഹോട്ടലില്‍ എത്തിയ ശേഷമായിരിന്നു പ്രഭാഷണം റദ്ദാക്കിയിരിക്കുന്നു എന്നറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. പ്രഭാഷണങ്ങളില്‍ നിരവധി പേര്‍ അസ്വസ്ഥരാണെന്നും സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയവയെക്കുറിച്ച് ഒന്നും തന്നെ പറയരുതെന്നും, അവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ മറുപടിപറയരുതെന്നും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഫോണ്‍ വിളിയും തനിക്ക് ലഭിച്ചിരുന്നുവെന്ന് ഫ്രാഡ് വിവരിച്ചു. തന്നെ പ്രഭാഷണത്തിന് ക്ഷണിച്ചത് ഗൂഗിളോ, അവരുടെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റോ അല്ലെന്ന കാര്യവും ഫ്രാഡ് ചൂണ്ടിക്കാട്ടി.

പ്രഭാഷണം റദ്ദാക്കുന്നതിന് പകരം നിരോധിക്കുകയാണ് ഗൂഗിള്‍ ചെയ്തതെന്നാണ് ഫ്രാഡ് ആരോപിക്കുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം താന്‍ പോസ്റ്റ്‌ ചെയ്ത ഒരു ട്വീറ്റില്‍ സ്വവര്‍ഗ്ഗരതിയെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോട് യോജിച്ച് പോകുന്നതാണെന്നായിരുന്നു ഗൂഗിളിന്റെ മറുപടി. തന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നതും തന്റെ പ്രഭാഷണത്തിന്റെ വിഷയവും തമ്മിലുള്ള ബന്ധം എന്താണെന്നാണ് ഫ്രാഡ് ചോദിക്കുന്നത്. തന്റെ കഴിഞ്ഞ വര്‍ഷത്തെ പോസ്റ്റുകള്‍ ആരും ഗൂഗിളില്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് താന്‍ കരുതുന്നില്ലെന്നും, തന്നെ നിരോധിക്കുവാന്‍ അവര്‍ ഒരു കാരണം കണ്ടെത്തുകയായിരുന്നുവെന്നും ഫ്രാഡിന്റെ ആരോപണത്തില്‍ പറയുന്നു.

ഞാന്‍ ആരെയും ആക്രമിച്ചിട്ടില്ല, ആരേയും താഴ്ത്തികെട്ടിയിട്ടില്ല, വിദ്വേഷപരമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയിലെ ജനങ്ങളോട് എന്റെ അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. 10 കോടിയോളം അമേരിക്കക്കാര്‍ സ്വവര്‍ഗ്ഗരതി സാന്‍മാര്‍ഗ്ഗികതക്ക് നിരക്കുന്നതല്ല എന്ന് വോട്ട് ചെയ്തിട്ടുള്ളവരാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാറ്റ് ഫ്രാഡിന്റെ നവ മാധ്യമ അക്കൌണ്ട് ആയിരങ്ങളാണ് ഫോളോ ചെയ്യുന്നത്.


Related Articles »