Youth Zone - 2025

മെഡ്ജുഗോറിയില്‍ പരിശുദ്ധ അമ്മക്ക് ചാരെ അരലക്ഷത്തോളം യുവജനങ്ങള്‍

സ്വന്തം ലേഖകന്‍ 04-08-2019 - Sunday

മെഡ്ജുഗോറി: മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ബോസ്‌നിയ ഹെര്‍സെഗോവിനയിലെ മെഡ്ജുഗോറിയില്‍ മുപ്പതാമത് വാര്‍ഷിക യുവജനോത്സവത്തിന് ആവേശകരമായ ആരംഭം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അരലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന സംഗമം ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് റോമിലെ വികാര്‍ ജനറലായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡൊണാറ്റിസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ആരംഭിച്ചത്. “എന്നെ അനുഗമിക്കൂ” എന്നതാണ് ഇക്കൊലത്തെ മെഡ്ജുഗോറി യുവജനോത്സവത്തിന്റെ പ്രമേയം.

കര്‍ത്താവ് നിരന്തരം നമ്മുടെ മേല്‍ കൃപ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും, നമുക്കുള്ളതെല്ലാം കര്‍ത്താവിന്റെ കൃപയാണെന്നും വിശുദ്ധ കുര്‍ബാനക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് പറഞ്ഞു. മനസ്സാകുന്ന സമുദ്രത്തില്‍ നിന്നും വിശുദ്ധ ചിന്തകളെ മാത്രം എടുത്തശേഷം വിഷമയമായ ചിന്തകള്‍ കളയുന്ന ഓരോ ക്രിസ്ത്യാനിയും ഒരു നല്ല മുക്കുവനെപ്പോലെയാകണം. യേശുപറഞ്ഞിട്ടുള്ള വിധിന്യായം സത്യത്തിന്റെ സന്തോഷകരമായ വെളിച്ചമായിരുന്നുവെന്നും, ക്രൂരനായ ഭരണാധികാരിയുടേതുപോലുള്ള വിധിന്യായമല്ലെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. അന്തിമ വിധി ദൈവസ്നേഹത്തിന്റെ വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.


Related Articles »