News - 2025
മെഡ്ജുഗോറി: മുന്നോട്ടുള്ള തീരുമാനം മാര്‍പാപ്പ പഠിച്ച് തീരുമാനിക്കുമെന്ന് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 02-11-2017 - Thursday
സഗ്രെബ്: മെഡ്ജുഗോറിയിലെ മരിയന്‍ പ്രത്യക്ഷീകരണത്തെ കുറിച്ചുള്ള മുന്നോട്ടുള്ള തീരുമാനം ഫ്രാന്‍സിസ് പാപ്പ പഠിച്ച് തീരുമാനിക്കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ക്രൊയേഷ്യാ സന്ദര്‍ശനത്തിനിടെ ഇറക്കിയ പ്രസ്താവനയിലാണ് രാജ്യത്തോട് ചേര്‍ന്നു കിടക്കുന്ന ബോസ്നിയ-ഹെര്‍സഗോവിനയിലെ മെഡ്ജുഗോറി തീര്‍ത്ഥാടന കേന്ദ്രത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. കിഴക്കന്‍ യൂറോപ്പിന്‍റെ ഈ തീര്‍ത്ഥാടനകേന്ദ്രം ആയിരങ്ങള്‍ക്ക് സാന്ത്വനമേകുന്ന സമാധാനത്തിന്‍റെ സ്രോതസ്സാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.
മാര്‍പാപ്പ നിയോഗിച്ച കമ്മിഷന്‍റെ പഠനങ്ങള്‍ പൂര്‍ത്തിയായിരിക്കെ ഇനിയുള്ള തീരുമാനങ്ങള്‍ പാപ്പയുടെ ആയിരിക്കുമെന്ന് സേര്‍ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് പഠിക്കുവാന്‍ പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ചു ബിഷപ്പ് ഹെന്‍റ്റിക് ഹോസെറിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്.
പ്രത്യക്ഷീകരണത്തെ സഭ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍ അടുത്തിടെ പറഞ്ഞിരിന്നു. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.