News
പരിസ്ഥിതിക്കെതിരെ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാൻ ഇന്തോനേഷ്യയിലെ കത്തോലിക്കർ
സ്വന്തം ലേഖകന്‍ 05-04-2016 - Tuesday
പരിസ്ഥിതിക്കെതിരെ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊണ്ട് പ്രാദേശിക നദികൾ സംരക്ഷിക്കാനും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി മാതൃകാപരമായ പദ്ധതിയുമായി ഇന്തോനേഷ്യയിലെ കത്തോലിക്കർ.
ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവാ നദിയിലെ മത്സ്യശേഖരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി നടപ്പാക്കിയ പദ്ധതിയില്‍ ഏതാണ്ട് 1000-ത്തോളം ഇന്തോനേഷ്യന്‍ കത്തോലിക്കര്‍ പങ്കെടുത്തു. ഇവര്‍ 5,00,000 ത്തോളം മീന്‍ മുട്ടകള്‍ നദിയില്‍ നിക്ഷേപിക്കുകയും ചെയ്തു.
“ചര്‍ച്ച് കെയേഴ്സ് ഫോര്‍ റിവര്‍” എന്ന പദ്ധതിയുടെ ഭാഗമായി സെമാരങ്ങിലെ ഏഴ് ഇടവകകള്‍ സംയുക്തമായാണ് 9.2 കി.മി. നീളമുള്ള ബന്‍ജീര്‍ കനാല്‍ ബാരട് നദി സംരക്ഷിക്കുവാന്‍ മുന്‍കൈ എടുത്തതെന്ന് ഇതിന്റെ സംഘാടകനായ നടാലിസ് ഉടോമോ പറഞ്ഞു. ദിവ്യ കാരുണ്യത്തിന്റെ ഞായറാഴ്‌ച നടത്തിയ ഈ നീലവിപ്ലവം, പരിസ്ഥിതിക്കെതിരെ ചെയ്തിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുവാനുള്ള ഒരു നീക്കമാണ് ഈ പദ്ധതിയെന്ന്‍ അദ്ദേഹം uca news-നോട് പറഞ്ഞു.
“കത്തോലിക്കരില്‍ മാത്രമല്ല തദ്ദേശീയരായ മറ്റുള്ളവരിലും പരിസ്ഥിതിയില്‍ താല്‍പ്പര്യം വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും, ഭൂമിയുടെ ഗര്‍ഭപാത്രവുമായി നമ്മുടെ എല്ലാവരുടേയും ജീവിതം വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നദിയിലേയും, സംഭരണിയിലേയും മത്സ്യസമ്പത്ത് ഇല്ലാതായതാണ് ഈ പദ്ധതിയ്ക്കു കാരണമെന്നും നദിയും, ജടിബരാങ്ങ് ജലസംഭരണിയുമാണ് ഈ പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലങ്ങളെന്നും പരിസ്ഥിതി വിദഗ്ദനും, ജെസ്യൂട്ട് വൈദികനും, ബോങ്ങ്സാരിയിലെ ‘സെന്റ് തെരേസ് ഓഫ് ദി ചൈല്‍ഡ് ജീസസ്’ ഇടവക വികാരിയുമായ ഫാദര്‍ ഓഗസ്റ്റിനസ് സര്‍വാന്റോ പറഞ്ഞു.
തദ്ദേശീയരായ ആളുകള്‍ക്ക് ഈ നദിയില്‍ നിന്നും മീന്‍ പിടിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന കാര്യം ചൂണ്ടികാട്ടികൊണ്ട് ഗവ. ഗാന്‍ജര്‍ പ്രാണോവൊ ഈ പദ്ധതി സംഘടിപ്പിച്ചതിനു സഭയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
“നദികളുടെ പരിസ്ഥിതിപരമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചു കൊണ്ടു വരുന്ന പദ്ധതിയില്‍ ഭാഗമായതില്‍ തദ്ദേശീയ സഭക്ക് ഞാന്‍ നന്ദി പറയുന്നു” അദ്ദേഹം പറഞ്ഞു. കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് താന്‍ മീന്‍പിടിക്കാന്‍ വരുമ്പോള്‍ ‘പാരറ്റ് മത്സ്യ’ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ വലിയ മത്സ്യമായികാണുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത ഗ്രാമമായ ക്രോബോകാനില്‍ താമസിക്കുന്ന അഗസ് മൊഹാദി പ്രത്യാശ പ്രകടിപ്പിച്ചു.
