India - 2024

വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ നിറവില്‍ ഒല്ലൂര്‍ തീര്‍ത്ഥാടന കേന്ദ്രം

29-08-2019 - Thursday

ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാള്‍ ഇന്ന് ഒല്ലൂര്‍ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഇന്ന് നടക്കാനിരിക്കെ തിരുനാള്‍ തിരുക്കര്‍മങ്ങളിലും ഊട്ടുനേര്‍ച്ചയിലും പങ്കെടുക്കുന്നതിനു കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിശ്വാസികളുടെ പ്രവാഹം. തിരുനാള്‍ ദിനമായ ഇന്നു രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍, തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പുലിക്കോട്ടില്‍, ഒല്ലൂര്‍ ഫൊറോന വികാരി ഫാ. ജോസ് കോനിക്കര എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഒല്ലൂര്‍ ഫൊറോനയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരാകും.

മേരിമാതാ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. വിന്‍സന്റ് ആലപ്പാട്ട് സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12നു ഒല്ലൂര്‍ മേരിമാത പള്ളിയിലേക്കുള്ള ജപമാലപ്രദക്ഷിണം നടക്കും. ഒല്ലൂര്‍ മഠം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന വെഞ്ചരിച്ച ഊട്ടുനേര്‍ച്ച തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ ഊട്ടുനേര്‍ച്ച വിതരണംചെയ്യും. ഊട്ടുനേര്‍ച്ചയ്ക്ക് ഏകദേശം 50,000 പേരെയാണു പ്രതീക്ഷിക്കുന്നത്.

ഉച്ചകഴിഞ്ഞു മൂന്നിന് ഇംഗ്ലീഷ് കുര്‍ബാന, അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ സമൂഹബലിക്കു ഫാ. ഫ്രാന്‍സിസ് ആളൂര്‍ കാര്‍മികനാവും. ഫാ. ഡെന്നി ചിറയത്ത് സന്ദേശം നല്കും. എല്ലാ വര്‍ഷവും തിരുനാളിനായി ശേഖരിക്കുന്ന പണത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഒല്ലൂര്‍ തീര്‍ത്ഥാടന കേന്ദ്രം കഴിഞ്ഞവര്‍ഷം എല്ലാ ചെലവുകളും വെട്ടിച്ചുരുക്കി മൂന്നര ലക്ഷം രൂപ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. ഈ വര്‍ഷവും ഒരു വിഹിതം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും.


Related Articles »