India - 2024
മണര്‍കാട് തിരുനാളിന് നാളെ കൊടിയേറും
സ്വന്തം ലേഖകന്‍ 31-08-2019 - Saturday
കോട്ടയം: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകുന്നേരം നാലിനു പെരുന്നാളിന്റെ മുന്നോടിയായുള്ള കൊടിമരം ഉയര്‍ത്തല്‍ നടക്കും. എട്ടാം തീയതി വരെ കരോട്ടെ പള്ളിയില്‍ രാവിലെ 6.30നും കത്തീഡ്രലില്‍ ഒന്പതിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ആറിന് ഉച്ചയ്ക്ക് 12നു കുരിശുപള്ളികളിലേക്കുള്ള റാസ പള്ളിയില്‍നിന്നും ആരംഭിക്കും. ഏഴിന് ഉച്ചനമസ്‌കാര സമയത്ത് പ്രധാന മദ്ബഹായിലെ വിശുദ്ധ ത്രോണോസിലുള്ള വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാചിത്രം ഭക്തജനങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്ന 'നട തുറക്കല്‍' നടക്കും. രാത്രി എട്ടിനു പ്രദക്ഷിണവും മാര്‍ഗംകളിയും പരിചമുട്ടുകളിയും നടത്തും.
തിരുന്നാള്‍ ദിവസമായ എട്ടിന് ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടക്കും. എല്ലാ ദിവസങ്ങളിലും പ്രസംഗവും ധ്യാനവും ഉച്ചനമസ്‌കാരവും സന്ധ്യാനമസ്‌കാരവും നടക്കും. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ സന്ധ്യാനമസ്‌കാരത്തിനുശേഷം സായാഹ്ന ധ്യാനയോഗം നടത്തും. നാലിന് ഉച്ചകഴിഞ്ഞു രണ്ടിനു ആധ്യാത്മിക സംഘടനകളുടെ സമ്മേളനം നടക്കും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്തായും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. സേവകാസംഘം നിര്‍മിച്ച് നല്കുന്ന 15 ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം ഉമ്മന്‍ ചാണ്ടി എംഎല്‍എയും സമൂഹ വിവാഹധനസഹായ വിതരണം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിക്കും. വയോജന സംഘടനയിലെയും വനിതാ സമാജത്തിലേയും മുതിര്‍ന്ന അംഗങ്ങളെ ബെന്നി ബഹനാന്‍ എംപി ആദരിക്കും.
വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. വി.എന്‍. വാസവന്‍ പ്രസംഗിക്കും. എട്ടു വധൂവരന്മാര്‍ക്ക് വിവാഹാവശ്യത്തിനായി നല്‍കിയ ഓരോ ലക്ഷം രൂപയ്ക്കുപുറമേ ഒരു ലക്ഷം രൂപ വീതമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റ് യോഗത്തില്‍ വിതരണം ചെയ്യും.