Life In Christ - 2024

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി വനിതക്ക് ഒടുവില്‍ സ്വീഡനില്‍ താമസാനുമതി

സ്വന്തം ലേഖകന്‍ 05-09-2019 - Thursday

സ്റ്റോക്ഹോം: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയന്‍ വനിത ഐഡീന്‍ സ്ട്രാന്‍ഡ്സന് അഭയാര്‍ത്ഥി പദവിയും താമസാനുമതിയും നല്‍കുവാന്‍ സ്വീഡനിലെ മൈഗ്രേഷന്‍ ഏജന്‍സിയുടെ തീരുമാനം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി വെളിപ്പെടുത്തുക വഴി മാധ്യമ ശ്രദ്ധ നേടിയ ആളാണ്‌ സ്ട്രാന്‍ഡ്സന്‍. രാജ്യം വിടുവാനോ ജോലി ചെയ്യുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടു വര്‍ഷങ്ങള്‍ തള്ളിനീക്കിയതിന് ശേഷമാണ് സ്ട്രാന്‍ഡ്സന് അഭയാര്‍ത്ഥി പദവി നല്‍കുവാന്‍ സ്വീഡിഷ് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഇറാനില്‍ നിന്നു തന്നെ സ്ട്രാന്‍ഡ്സന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.

മുസ്ലീങ്ങള്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ കാണുവാന്‍ ഇടയായതും, യേശു ക്രിസ്തുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചതുമാണ് സ്ട്രാന്‍ഡ്സനെ മതം മാറുവാന്‍ പ്രേരിപ്പിച്ചത്. 2014-ല്‍ ഇറാനില്‍ നിന്നും തൊഴില്‍ വിസയില്‍ സ്വീഡനിലെത്തിയ സ്ട്രാന്‍ഡ്സന്‍ തന്റെ പേരിനൊപ്പം സ്വീഡിഷ് പേരുകൂടി ചേര്‍ക്കുകയാണ് ആദ്യം ചെയ്തത്. സ്വീഡനിലെത്തിയ സ്ട്രാന്‍ഡ്സന്‍ പരസ്യമായി മാമ്മോദീസ മുങ്ങുവാനായി അപേക്ഷ സമര്‍പ്പിച്ചു. പരസ്യമായി മാമോദീസ മുങ്ങുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താനൊരു ക്രിസ്ത്യാനിയും സ്വതന്ത്രയുമാണെന്നുമാണ് ഇതിനെക്കുറിച്ച് സ്ട്രാന്‍ഡ്സന്‍ പറഞ്ഞത്.

സ്വീഡനിലെ പാസ്റ്ററായ കായി ബെര്‍ജറിനെയാണ് സ്ട്രാന്‍ഡ്സന്‍ വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 10-നായിരുന്നു ഇവരുടെ വിവാഹം. തുടക്കത്തില്‍ പൌരത്വത്തിനായി അപേക്ഷിച്ച സ്ട്രാന്‍ഡ്സന്റെ അപേക്ഷ നിരസിക്കുകയും അവളെ ഇറാനിലേക്ക് മടക്കി അയക്കുവാനുമായിരുന്നു സ്വീഡിഷ് ഗവണ്‍മെന്റ് തീരുമാനം. സ്ട്രാന്‍ഡ്സന്റെ കഥ പുറത്തായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര്‍ അവള്‍ക്കായി രംഗത്തെത്തി. ഇതിനിടെ ഹംഗേറിയന്‍ സര്‍ക്കാര്‍ അവള്‍ക്ക് അഭയം വാഗ്ദാനം ചെയ്തിരിന്നു.

ആഗോള തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ധം മൂലം അവസാനം സ്വീഡിഷ് സര്‍ക്കാര്‍ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്ട്രാന്‍ഡ്സന് ഇറാനിലേക്ക് മടങ്ങേണ്ടി വരികയാണെങ്കില്‍ തടവു ശിക്ഷയും, പീഡനവും മരണവും അടക്കമുള്ളവയായിരിന്നു സ്വീകരിക്കേണ്ടി വരിക. എന്നാല്‍ പുതിയ തീരുമാനത്തോടെ സ്ട്രാന്‍ഡ്സന് പേടികൂടാതെ സ്വീഡനില്‍ താമസിക്കുവാനുള്ള കളമൊരുങ്ങിയിരിക്കുകയാണ്.


Related Articles »