Faith And Reason - 2025
ക്രൈസ്തവ സന്യാസമെന്തെന്ന് 'മാതൃഭൂമി'യെ പഠിപ്പിച്ച് അക്രൈസ്തവ യുവതി: ഓഡിയോ വൈറല്‍
സ്വന്തം ലേഖകന്‍ 07-09-2019 - Saturday
കണ്ണൂര്‍: കത്തോലിക്ക സന്യാസത്തിന്റെ മഹത്വവും ജീവിതക്രമവും ഉള്‍ക്കൊള്ളാതെയുള്ള നിലപാടുകള്‍ക്ക് പിറകെ പായുന്ന പ്രമുഖ മാധ്യമം മാതൃഭൂമിക്കു ശക്തമായ മറുപടിയുമായി അക്രൈസ്തവ യുവതി. രാധിക എന്ന യുവതി മാതൃഭൂമി ഓഫീസില്‍ വിളിച്ച് സന്യാസമേന്തെന്ന് അധികൃതര്‍ക്ക് വിവരിച്ചുകൊടുക്കുന്ന ഓഡിയോയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. സന്യസ്ഥ ജീവിതത്തിന്റെ മഹത്വവും നന്മയും അക്കമിട്ടു നിരത്തിക്കൊണ്ടാണ് രാധികയുടെ ഫോണ്‍ കോളെന്നത് ശ്രദ്ധേയമാണ്. പേര് പരിചയപ്പെടുത്തിയ ശേഷം താനും തന്റെ അനിയത്തിയും സിസ്റ്റർമാർ പഠിപ്പിച്ച സ്‌കൂളിലായിരുന്നു പഠിച്ചത് എന്ന ആമുഖത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്.
"ഒരിക്കൽ സിസ്റ്റർമാരുടെ ഉപദേശങ്ങളൊക്കെ കടുപ്പമായോ ഭാരിച്ചതായോ ഒക്കെ തോന്നിയ തങ്ങൾ പിന്നീട് ആ ഉപദേശങ്ങളും തിരുത്തലുകളും തങ്ങളുടെ ലൈഫിൽ ശക്തിയായി മാറുന്നത് അനുഭവിക്കുവാൻ തുടങ്ങി. മാതൃഭൂമി ഫീച്ചർ ചെയ്ത വ്യക്തി പറയുന്നത് പോലെ തന്നെ ഒരിക്കൽ കന്യാസ്ത്രികൾ നൽകിയ ഉപദേശങ്ങൾ തങ്ങളെയും അലോസരപ്പെടുത്തിയിരുന്നു. എന്നാൽ അതൊക്കെ തിരിച്ചറിവില്ലായ്മയിൽ നിന്നാണെന്നും തങ്ങളുടെ ശോഭനമായ ഭാവിക്കാണ് ആ തിരുത്തലുകൾ നൽകിയതെന്നും മനസിലാക്കുന്നത് ഒരു കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു കുട്ടികളെ വളർത്തുവാൻ ആരംഭിച്ച നിമിഷം മുതലാണ്". ഇത്തരത്തിലാണ് സംഭാഷണം നീളുന്നത്.
നന്നായി ജീവിക്കുന്ന ധാരാളം സിസ്റ്റേഴ്സ് ഇവിടെ യുണ്ടെന്നും അവരെ കൂടി പരിഗണിക്കണമെന്നും കലഹിച്ചു നിൽക്കുന്ന ഒരു ഭാഗത്തെ മാത്രം ഉയർത്തിപ്പിടിച്ചാൽ മാധ്യമ ധർമ്മം പൂർത്തിയാവില്ലായെന്നും രാധിക മാതൃഭൂമിയെ ഓര്‍മ്മപ്പെടുത്തുന്നു. മറുഭാഗത്തുള്ള ഒരു വലിയ വിഭാഗത്തിന്റെ നിശബ്ദതയുടെ ഉള്ളിലെ നന്മയെ കൂടെ ഉയർത്തിക്കാട്ടണമെന്നും രണ്ടു ഭാഗത്തും നിന്നാൽ നിങ്ങൾ അവതരിപ്പിക്കുന്ന കാര്യങ്ങളിൽ നീതി ഉണ്ടാകും എന്ന് ബോധ്യമാകുമെന്നും അവര്‍ തുറന്ന്‍ പറഞ്ഞു. ഓഡിയോ സംഭാഷണം നവ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.