India - 2024
ശക്തമായ മഴയില്‍ മട്ടാഞ്ചേരി സിനഗോഗ് തകര്‍ന്നുവീണു
സ്വന്തം ലേഖകന്‍ 11-09-2019 - Wednesday
മട്ടാഞ്ചേരി: മലബാറി യഹൂദന്മാരുടെ പ്രാര്‍ത്ഥനാലയമായിരുന്ന കടവുംഭാഗം സിനഗോഗ് ശക്തമായ മഴയില്‍ തകര്‍ന്നുവീണു. ജനവാസ കേന്ദ്രത്തില്‍ തലയുയര്‍ത്തി നിന്നിരുന്ന അറുപത് അടിയോളം ഉയരമുള്ള ചരിത്ര സ്മാരകം ഇന്നലെ രാവിലെ 11നാണു നിലംപൊത്തിയത്. പതിനാലാം നൂറ്റാണ്ടില്‍ കറുത്ത യഹൂദര്‍ പണികഴിപ്പിച്ച ദേവാലയം 1948 വരെ പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം യഹൂദര്‍ ഇസ്രയേലിലേക്കു പലായനം ചെയ്തതോടെ സ്മാരകം അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് പാണ്ടികശാലയായി മാറ്റപ്പെട്ട കെട്ടിടം സ്വകാര്യവ്യക്തിയുടെ സ്വത്തായി മാറിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു സര്‍ക്കാര്‍ ഏറ്റെടുത്തു.
ചെങ്കല്‍ക്കെട്ട് മാതൃകയില്‍ കുമ്മായം ചേര്‍ത്തു നിര്‍മിച്ച കെട്ടിടം വിദേശാധിപത്യത്തിന്റെ ശേഷിപ്പായി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് നിലംപൊത്തിയത്. മുന്‍വശത്തെ പകുതിഭാഗം തകര്‍ന്നു മേല്‍ക്കൂരയിലെ തടികളും ചെങ്കല്‍ കട്ടകളും റോഡിലേക്കു വീഴുകയായിരുന്നു. സമീപത്തെ വീട്ടുകാരും പലചരക്ക് വ്യാപാരിയും ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മട്ടാഞ്ചേരി പോലീസും അഗ്‌നിരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.