News - 2025

ഗാസയിലെ കത്തോലിക്ക ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് സഹായവുമായി അമേരിക്കൻ യഹൂദ കമ്മിറ്റി

പ്രവാചകശബ്ദം 06-08-2025 - Wednesday

ഗാസ/ ജെറുസലേം: ഗാസയിലേക്ക് ഇസ്രായേല്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശനഷ്ട്ടമുണ്ടായ ഹോളി ഫാമിലി ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനായി അമേരിക്കൻ യഹൂദ കമ്മിറ്റി (എജെസി) 25,000 ഡോളർ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഗാസയിലെ ഹോളി ഫാമിലി പള്ളിയ്ക്കു നേരെയുള്ള ആക്രമണങ്ങളില്‍ വളരെയധികം ദുഃഖിതരാണെന്നും തങ്ങളുടെ കത്തോലിക്ക സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുകയാണെന്നും അമേരിക്കന്‍ ജ്യൂവീഷ് കമ്മറ്റി ഗ്രൂപ്പ് സിഇഒ ടെഡ് ഡച്ച് പറഞ്ഞു.

പരിക്കേറ്റവരുടെ പൂർണ്ണമായ രോഗശാന്തിക്കും യുദ്ധത്തിന്റെ കെടുതിയിൽ വലയുന്ന എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും ഡച്ച് പറഞ്ഞു. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കന്‍ ജ്യൂവീഷ് കമ്മറ്റി കർദ്ദിനാൾ തിമോത്തി ഡോളന്റെ സഹായത്തോടെ ന്യൂയോർക്ക് അതിരൂപത വഴി ഗാസ ഇടവകയ്ക്ക് ഫണ്ട് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി. സംഘടനയുടെ ആശ്വാസകരമായ സഹായത്തിനും പിന്തുണയ്ക്കും തങ്ങള്‍ നന്ദിയുള്ളവരാണെന്നും യഹൂദരും കത്തോലിക്കരും എന്ന നിലയിൽ ഒരുമിച്ച് നന്മ ചെയ്യാനും യുദ്ധത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരാനുമുള്ള ശ്രമത്തിന് നന്ദിയുള്ളവരാണെന്ന് കർദ്ദിനാൾ ഡോളൻ പറഞ്ഞു.



ജൂലൈ 17ന് ഗാസയിലെ ഒരേയൊരു കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റിരിന്നു. ക്രൈസ്ത‌വരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് അഭയകേന്ദ്രമായ ദേവാലയമായിരിന്നു ഇത്. ആക്രമണത്തില്‍ ഇസ്രായേലിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലെയോ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »