News - 2025

ദൈവത്തിന്റെ കരുണയെ പറ്റി ചിലർ തെറ്റായി മനസിലാക്കിയിരിക്കുന്നു. പശ്ചാത്തപിക്കാത്ത പാപത്തിന് മാപ്പ് ലഭിക്കുകയില്ല: കർദ്ദിനാൾ സാറ

സ്വന്തം ലേഖകന്‍ 07-04-2016 - Thursday

"യേശു തുറന്ന കൈകളുമായി നമ്മെ സ്വീകരിക്കുന്നു എന്നത് ശരിയാണ്, പക്ഷേ യേശുവിന്റെയടുത്തേക്ക് നീങ്ങേണ്ടത് നമ്മൾ തന്നെയാണ്. ദൈവത്തിന്റെ കരുണയെ പറ്റി ചിലർ തെറ്റായി മനസിലാക്കിയിരിക്കുന്നു; പശ്ചാത്തപിക്കാത്ത പാപത്തിന് മാപ്പ് ലഭിക്കുകയില്ല" കർദ്ദിനാൾ റോബർട്ട് സാറ അഭിപ്രായപ്പെടുന്നു.

തിരുസഭയിലെ എന്നത്തെയും മുഖ്യവിഷയങ്ങളായ കരുണ, ദയ, ദൈവസ്നേഹം, തുടങ്ങിയവയെ പറ്റിയും ആഫ്രിക്കൻ സഭയെ പറ്റിയും 'Congregation for Divine Worship and the Discipline of the Sacrament'-ന്റെ അദ്ധ്യക്ഷനായ അദ്ദേഹം സംസാരിക്കുന്നു. അദ്ദേഹത്തിന്റെ 'God or Nothing: A Conversation on Faith' എന്ന കൃതിയിലാണ് അദ്ദേഹം പ്രസ്തുത വിഷയങ്ങളെ പരാമർശിച്ചു സംസാരിക്കുന്നത്.

പ്രവർത്തിയല്ല, മനസ്സിന്റെ ശുദ്ധിയാണ് കാര്യം എന്നൊരു ചിന്താഗതി ഉയർന്നു വന്നിട്ടുണ്ട്. അനുകമ്പ എന്നാൽ 'മനസ്സിൽ ശുദ്ധത പാലിക്കുക' എന്നതാണെന്ന് അവർ കരുതുന്നു. ചിലപ്പോൾ അത്, ഭിക്ഷാപാത്രത്തിലേക്ക് ഒരു നാണയം ഇട്ടു കൊടുക്കുന്നതു വരെ വളരുന്നു! അനുകമ്പ ദൈവം തന്നെയാണെന്ന്, അത് വേദനിക്കുന്നവന്റെ മുറിവിൽ മരുന്നു പുരട്ടലാണെന്ന് അവർ മനസ്സിലാക്കുന്നില്ല.

ദൈവത്തിന്റെ കരുണയെ പറ്റിയും അവർ തെറ്റായി മനസിലാക്കിയിരിക്കുന്നു. ദൈവത്തിന്റെ കരുണ സ്വയമേവ നമ്മുടെ പാപങ്ങൾ മായിച്ചു കളയുന്നതായി അവർ ധരിച്ചിരിക്കുന്നു. പശ്ചാത്താപമില്ലാത്തിടത്ത് ദൈവകാരുണ്യം പ്രവർത്തിക്കുന്നില്ല എന്ന് അവർ മനസിലാക്കുന്നില്ല.

തുടക്കം മുതലെ മനുഷ്യ മോചനത്തിന്റെ ദൈവിക പദ്ധതിയിൽ ആഫ്രിക്ക ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ മനുഷ്യനുമായുള്ള ഉടമ്പടിയുടെ ആരംഭം തന്നെ ഈജിപ്തിലാണ്. പിന്നീട്, ഹെറോദ് രാജാവിന്റെ രോഷത്തിൽ നിന്നും ഉണ്ണിയേശുവിനെ രക്ഷിക്കുന്നത് ഈജിപ്താണ്. കർത്താവിന്റെ കാൽവരിയിലേക്കുള്ള യാത്രയിൽ കുരിശു ചുമക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് ആഫ്രിക്കക്കാരനായ 'സൈറീനിലെ സൈമണാ'ണ്.

1969-ൽ പോൾ ആറാമൻ മാർപാപ്പ പറഞ്ഞു. "ആഫ്രിക്കയാണ് യേശുവിന്റെ പുതിയ ജന്മസ്ഥലം" ആഫ്രിക്ക ദൈവത്തിനു മുമ്പിൽ തുറക്കപ്പെടുന്നതിന് കണക്കുകൾ സാക്ഷിയാണ്. ക്രൈസ്തവരുടെ എണ്ണം ഒരു നൂറ്റാണ്ടു കൊണ്ട് 2 മില്ല്യണിൽ നിന്നും 200 മില്ല്യണായി വർദ്ധിച്ചിരിക്കുന്നു.

'കുരിശി6ലേറിയ യേശുവിന്റെ കൈകളിലെ മുറിപ്പാടുകളിൽ ഓരോ ആഫ്രിക്കക്കാരന്റെയും പേരെഴുതി വെച്ചിരിക്കുന്നു' എന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിട്ടുണ്ട്.

കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ ആദ്യത്തെ വിശുദ്ധ കവാടം തുറന്നത് റോമിലായിരുന്നില്ല, മദ്ധ്യ ആഫ്രിക്കയിലെ ദേവാലയത്തിലായിരുന്നു. ആഫ്രിക്കയാണ് യേശുവിന്റെ പുതിയ ജന്മസ്ഥലം എന്ന് വീണ്ടുംവീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് കർദ്ദിനാൾ സാറ തൻറ്റെ വിവിധ കൃതികളിലൂടെ സ്ഥാപിക്കുന്നു.

കർദ്ദിനാൾ സാറ രചിച്ച 'God or Nothing' എന്ന പുസ്തകം CWR -ന്റെ 2015-ലെ ഏറ്റവും നല്ല പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്