News - 2024
യുഎസില്‍ ഡോക്ടറുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് രണ്ടായിരത്തിലധികം ഭ്രൂണാവശിഷ്ടങ്ങള്‍
സ്വന്തം ലേഖകന്‍ 17-09-2019 - Tuesday
ഇല്ലിനോയിസ്: അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ ഡോക്ടറുടെ വീട്ടിൽ നിന്നും ഗർഭസ്ഥശിശുക്കളുടെ രണ്ടായിരത്തോളം ശരീരഭാഗങ്ങൾ കണ്ടെത്തിയത് വന്‍ചര്‍ച്ചയാകുന്നു. സെപ്റ്റംബർ മൂന്നാം തീയതി മരണമടഞ്ഞ ഡോ. ഉൾറിച്ച് ക്ലോപ്ഫെർ എന്ന ഡോക്ടറുടെ വീട്ടിൽ നിന്നുമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടര്‍ നടത്തിയ ഭ്രൂണഹത്യയുടെ അവശിഷ്ട്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. വലിയ ഞെട്ടലുണ്ടാക്കിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു. ഡോക്ടറുടെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനെ പ്രതിനിധീകരിച്ച് ശാസ്ത്രീയരീതിയിൽ കേടു വരാതെ സൂക്ഷിച്ച ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ താമസ സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ടെന്നും, അത് നീക്കം ചെയ്യണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഏതാണ്ട് 2146 ശരീര ഭാഗങ്ങളാണ് ലഭിച്ചിരിക്കുന്നത്. എത്ര ആഴ്ച വളർച്ചയെത്തിയ ശരീര ഭാഗങ്ങളാണ് കണ്ടെത്തിയതെന്ന് വ്യക്തമല്ല. അതേസമയം ഡോക്ടർ ക്ലോപ്ഫെർ, ഇല്ലിനോയിസിലെ വസതിയിൽ ഗർഭഛിദ്രങ്ങൾ ചെയ്തതിന് തെളിവുകളൊന്നുമില്ലായെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ത്യാന സംസ്ഥാനത്തെ ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ഡോക്ടർ ക്ലോപ്ഫെർ ജോലി ചെയ്തിട്ടുണ്ട്. 2016-ൽ അദ്ദേഹത്തിന്റെ മെഡിക്കൽ ലൈസൻസ് റദ്ദാക്കിയിരുന്നു. ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് കടത്തുന്നത് അമേരിക്കയിൽ നിയമവിരുദ്ധമാണ്.
അതേസമയം തന്നെ ഇന്ത്യാനയിൽ 22 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യ ചെയ്യരുതെന്ന നിയമവുമുണ്ട്. ഇന്ത്യാന സംസ്ഥാനത്തായിരുന്ന സമയത്ത് മുപ്പതിനായിരത്തോളം ഭ്രൂണഹത്യകൾ ഡോക്ടർ ഉൾറിച്ച് ക്ലോപ്ഫെർ നടത്തിയെന്ന് കരുതപ്പെടുന്നു. പത്തു വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്തി നല്‍കിയ ചരിത്രവും ഈ കുപ്രസിദ്ധ ഡോക്ടർക്കുണ്ട്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.