Seasonal Reflections - 2026
കുരിശിൻ ചുവട്ടിൽ ഉറച്ചുനിൽക്കാനുള്ള കൃപ യാചിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 33
സി. റെറ്റി ജോസ് എഫ്‌സിസി/ പ്രവാചകശബ്ദം 20-03-2026 - Friday
"ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും"( മത്തായി 26:31). പഴയനിയമ പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈ വചനം (സഖറിയ13:7.) പഴയനിയമത്തിൽ ഇത് ദൈവത്തിന്റെ ജനത്തിനുണ്ടാകുന്ന പരീക്ഷണത്തെ സൂചിപ്പിക്കുന്നുവെങ്കിൽ, പുതിയ നിയമത്തിൽ ഇത് ഈശോയെന്ന "നല്ല ഇടയന്റെ" ആത്മസമർപ്പണമായി മാറുന്നു.
വിശുദ്ധ ജോൺ ക്രിസോസ്തോമിൻ്റെ വ്യാഖ്യാനമനുസരിച്ച് ഇടയൻ അടിക്കപ്പെടുമ്പോൾ ആടുകൾ ചിതറുന്നത് സ്വാഭാവികമാണ്, എന്നാൽ ആ ഇടയൻ തന്നെ അവരെ വീണ്ടും ഒരുമിച്ച് കൂട്ടും എന്ന് അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. "ഞാൻ ഉയിർപ്പിക്കപ്പെട്ട ശേഷം നിങ്ങൾക്ക് മുൻപേ ഗലീലിയിലേക്ക് പോകും" എന്ന വചനം പതറിപ്പോകുന്നവർക്ക് നൽകുന്ന പ്രത്യാശയാണെന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നു.
പാപത്താലും ഭയത്താലും നാം ചിതറിപ്പോയിട്ടുണ്ടാകാം. എന്നാൽ ഉത്ഥിതനായ ക്രിസ്തു 'ഗലീലിയിൽ' വെച്ച് - നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ - നമ്മെ കാത്തിരിക്കുന്നു. കുംമ്പസാരത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ആ ഇടയന്റെ അടുക്കലേക്ക് മടങ്ങിവരാനുള്ള സമയമാണിത്.
ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രബോധനങ്ങളിൽ പലപ്പോഴും ഈ 'ചിതറിപ്പോകലിനെ' കുറിച്ച് ഓർമ്മിപ്പിക്കാറുണ്ട്. പ്രതിസന്ധികളിലും പീഡനങ്ങളിലും നാം ഈശോയെ ഉപേക്ഷിച്ചു കടന്നുപോകാറുണ്ട്. പീഡാനുഭവ വേളയിൽ ക്രിസ്തുവിനെ തനിച്ചാക്കിയ ശിഷ്യന്മാരെപ്പോലെയാകാതെ, കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെയും യോഹന്നാനെയും പോലെ ഉറച്ചുനിൽക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.
"എല്ലാവരും നിന്നെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കില്ല" എന്ന് പറഞ്ഞ പത്രോസ് പോലും ചിതറിപ്പോയ ആടുകളിൽ ഒന്നായി മാറി. നമ്മുടെ ആത്മീയ ജീവിതം നമ്മുടെ ശക്തിയിലല്ല, ദൈവത്തിന്റെ കൃപയിലാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. അഹങ്കാരത്തിന് നടുവിൽ നമ്മൾ വീണു പോകും എന്ന ഓർമ്മ ഉണ്ടാകണം.
"ഇടയൻ മരിക്കുന്നത് ആടുകൾക്ക് നാശമുണ്ടാക്കാനല്ല, മറിച്ച് തന്റെ മരണത്തിലൂടെ ചിതറിപ്പോയ ദൈവമക്കളെ ഒന്നിച്ചു ചേർക്കാനാണ്." എന്ന വിശുദ്ധ ആഗസ്തിനോസിൻ്റെ വാക്കുകൾ ഹൃദയത്തിൽ നമുക്ക് ഏറ്റുവാങ്ങാം. ഈ വലിയ നോമ്പിൽ, നമ്മുടെ പാപങ്ങൾ നിമിത്തം അടിക്കപ്പെട്ട ആ ഇടയനെ നോക്കി നമുക്ക് പ്രാർത്ഥിക്കാം. പ്രതിസന്ധികളുടെ കാറ്റിൽ ചിതറിപ്പോകാത്ത ഒരു വിശ്വാസം നമുക്ക് നൽകണമേ എന്ന് അപേക്ഷിക്കാം. ഇടയൻ അടിക്കപ്പെട്ടത് നമുക്ക് സൗഖ്യം നൽകാനാണ് (ഏശയ്യ 53:5). ആ മുറിവുകളിൽ അഭയം തേടി നമുക്ക് ഈ നോമ്പ് യാത്ര തുടരാം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















